ഹെെദരാബാദ്: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിലുള്ള വാക്പോര് മുറുകുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇറാൻ ടീം ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന ട്രംപിന്‍റെ നിർദ്ദേശത്തിന് കടുത്ത ഭാഷയിലാണ് ഇറാൻ ദേശീയ ഫുട്ബോൾ ടീം മറുപടി നൽകിയത്. ലോകകപ്പ് സംഘടിപ്പിക്കുന്നത് ഫിഫയാണെന്നും, ഏതെങ്കിലും ഒരു വ്യക്തിക്കോ രാജ്യത്തിനോ തങ്ങളെ ടൂർണമെന്‍റില്‍ നിന്ന് തടയാൻ അധികാരമില്ലെന്നും ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കി.
വിവാദത്തിന് തുടക്കമിട്ട ട്രംപിന്‍റെ പോസ്റ്റ്
കഴിഞ്ഞ ദിവസം തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് വിവാദപരമായ പരാമർശം നടത്തിയത്. “ഇറാൻ ദേശീയ ഫുട്ബോൾ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നു, എന്നാൽ അവരുടെ തന്നെ ജീവനും സുരക്ഷയും കണക്കിലെടുത്ത് അവർ അവിടെ വരുന്നത് ഉചിതമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ കാര്യത്തിലുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി,” എന്നായിരുന്നു ട്രംപിന്‍റെ പോസ്റ്റ്. ഇറാനെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് ട്രംപ് സംസാരിച്ചതെന്ന് കായിക ലോകം വിലയിരുത്തുന്നു.
ഇറാന്‍റെ ശക്തമായ തിരിച്ചടി
ട്രംപിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ഇറാൻ ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തുറന്നടിച്ചു. ‘ലോകകപ്പ് ചരിത്രപരമായ ഒരു അന്താരാഷ്ട്ര കായിക മാമാങ്കമാണ്. അതിന്‍റെ നിയന്ത്രണാധികാരം ഫിഫയ്ക്കാണ്, അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിക്കോ രാജ്യത്തിനോ അല്ല. ഇറാന്‍റെ ധീരരായ പുത്രന്മാർ മികച്ച വിജയങ്ങളിലൂടെയാണ് ലോകകപ്പിലേക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്‍റില്‍ നിന്ന് ഇറാനെ പുറത്താക്കാൻ ആർക്കും കഴിയില്ല. ഒരു രാജ്യത്തിന് ആതിഥേയർ എന്ന പദവി മാത്രമേ ഉള്ളൂ എങ്കിൽ, പങ്കെടുക്കുന്ന ടീമുകൾക്ക് സുരക്ഷ ഒരുക്കാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ ആ രാജ്യത്തെയാണ് ടൂർണമെന്‍റില്‍ നിന്ന് ഒഴിവാക്കേണ്ടത്,” എന്ന് ഇറാൻ കുറിച്ചു.
അനിശ്ചിതത്വത്തിലായ പങ്കാളിത്തം
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലേക്ക് ഏഷ്യൻ ക്വാളിഫയറിൽ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയാണ് ഇറാൻ യോഗ്യത നേടിയത്. തുടർച്ചയായ നാലാം തവണയാണ് ഇറാൻ ലോകകപ്പിനെത്തുന്നത്. എന്നാൽ മേഖലയിൽ പടരുന്ന യുദ്ധം ഇറാന്‍റെ പങ്കാളിത്തത്തെ ഇപ്പോൾ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ കളിക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഇറാന്‍റെ കായിക മന്ത്രി അഹമ്മദ് ദൊന്യാമലി വ്യക്തമാക്കി. “അഴിമതി നിറഞ്ഞ ഈ സർക്കാർ (യുഎസ്) നമ്മുടെ നേതാവിനെ വധിക്കുകയും രാജ്യത്ത് അങ്ങേയറ്റത്തെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്‌തിരിക്കുന്നു. ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാൻ കഴിയില്ല. വെറും എട്ടോ ഒൻപതോ മാസത്തിനുള്ളിൽ അവർ നമ്മളെ രണ്ട് യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ഇത്തരം സാഹചര്യത്തിൽ ടൂർണമെന്‍റില്‍ പങ്കെടുക്കുക എന്നത് അസാധ്യമാണ്,” എന്ന് അദ്ദേഹം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു.






