ലോകത്തിലെ ആദ്യ ‘ഡയപ്പർ ഡിസോൾവർ’ വികസിപ്പിച്ച് മലയാളി സംരംഭകൻ

0
6

എറണാകുളം: ഡയപ്പർ മാലിന്യത്തിന് പരിഹാരമായി ഡയപ്പർ ഡിസോൾവർ. ശ്രദ്ധേമായ കണ്ടുപിടുത്തവുമായി മലയാളി സംരംഭകൻ. മാലിന്യ സംസ്‌കരണത്തിൽ വലിയ ഭീഷണിയായി മാറുന്ന ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവയ്ക്ക് ശാസ്ത്രീയമായ പരിഹാരവുമായാണ് മലയാളി സംരംഭകൻ രംഗത്ത് എത്തിയത്. കൊല്ലം ചടയമംഗലം പോരേടം ആസ്ഥാനമായ ഹൈജീൻ ലാബോറട്ടറീസിൻ്റെ സ്ഥാപകൻ ഇമാം ഹസനാണ് ‘ഡയപ്പർ ഡിസോൾവർ’ എന്ന പുതിയ ഉൽപ്പന്നം വികസിപ്പിച്ചെടുത്തത്.

ഉപയോഗിച്ച ഡയപ്പറുകളും നാപ്‌കിനുകളും ലയിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ പേറ്റൻ്റ് ഉൽപ്പന്നമാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 2018ലെ മഹാപ്രളയ കാലത്ത് വെള്ളമുയർന്ന പ്രദേശങ്ങളിൽ ടൺ കണക്കിന് ഡയപ്പർ മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് കണ്ടതാണ് ഇത്തരമൊരു പരീക്ഷണത്തിന് ഇമാം ഹസനെ പ്രേരിപ്പിച്ചത്.

ക്ലീനിങ് ഉൽപ്പന്ന നിർമ്മാണ രംഗത്തുള്ള 20 വർഷത്തെ പരിചയവും ശാസ്ത്ര വിഷയങ്ങളിലുള്ള താൽപര്യവുമാണ് അക്കാദമിക് ബിരുദങ്ങളില്ലാത്ത അദ്ദേഹത്തിന് കണ്ടുപിടിത്തത്തിന് പ്രചോദനമായത്. സ്വന്തം വീട്ടിൽ ഒരു വർഷത്തോളം പരീക്ഷിച്ച് ഫലപ്രദമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്.

ഡയപ്പറുകളിലും നാപ്കിനുകളിലും ജലം ആഗിരണം ചെയ്യാൻ ഉപയോഗിക്കുന്ന ‘സോഡിയം പോളി അക്ക്രിലേറ്റ്’ എന്ന ജെൽ ഘടകമാണ് ഇവ നശിക്കാതെ മണ്ണിലും ജലാശയങ്ങളിലും വർഷങ്ങളോളം നിലനിൽക്കാൻ കാരണം. ഈ ജെൽ വെള്ളം തട്ടുമ്പോൾ വീർത്ത് ഡ്രെയിനേജുകൾ അടയാനും വെള്ളക്കെട്ടുണ്ടാക്കാനും കാരണമാകാറുണ്ട്.

ഇമാം ഹസൻ വികസിപ്പിച്ചെടുത്ത പൊടി രൂപത്തിലുള്ള ഡിസോൾവർ വെള്ളത്തിൽ കലക്കി അതിൽ ഡയപ്പറോ നാപ്‌കിനോ 30 മിനിറ്റ് മുക്കിവെച്ചാൽ ഉള്ളിലെ ജെൽ പൂർണ്ണമായും ലയിച്ചു ചേരുന്നു. ഇതോടെ അവശേഷിക്കുന്ന പ്ലാസ്റ്റിക് പാളികൾ എളുപ്പത്തിൽ വേർതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാൻ സാധിക്കും. മനുഷ്യനോ പ്രകൃതിക്കോ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് ഇമാം ഹസൻ വ്യക്തമാക്കി.

‘ഞാൻ ക്ലീനിങ് ഉൽപ്പന്നങ്ങൾ ഉത്‌പാദിപ്പിച്ച് വിപണനം നടത്തുന്ന ആളാണ്. കഴിഞ്ഞ വെള്ളപ്പൊക്ക സമയങ്ങളെല്ലാം ഇതിൻ്റെ നിർമ്മാണത്തിനായാണ് നീക്കിവെച്ചത്. പേറ്റൻ്റ് ഇതിന് നൽകിയിട്ടുണ്ട്. ഇത് പൗഡർ രൂപത്തിലാണ് ഉണ്ടാവുക. 50 ഗ്രാം അഞ്ച് ലിറ്റർ വെള്ളത്തിൽ കലർത്തി ഡയപ്പർ മുക്കി വയ്‌ക്കുക. ജെല്ലും കോട്ടണ്‍ ഭാഗങ്ങളും പൂർണമായും ഇതിൽ ലയിക്കും.

നൂറ് ഗ്രാമിന് നൂറ് രൂപയിൽ താഴെ മാത്രമാണ് വില വരുന്നത്. ഇതിനെ കമ്പോളവത്ക്കരിക്കുന്നതിനേക്കാൾ സർക്കാർ വഴി ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ ഇമാം ഹസൻ പറഞ്ഞു. വീടുകൾക്കും ആശുപത്രികൾക്കും മാലിന്യ സംസ്‌കരണ സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിൻ്റെ രൂപകൽപ്പന.

വെറും സാധാരണക്കാരനായ വലിയ ഉന്നത വിദ്യാഭ്യാസ ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ് ഇമാം ഹസനെന്നും സമൂഹത്തിന് എന്ത് ചെയ്യുമെന്ന തോന്നലാണ് ഇദ്ദേഹത്തെ ഇതിലേയ്ക്ക് കൊണ്ടുവന്നതും ലോകത്തിന് ഒരു സമ്മാനമായി നമ്മുടെ മുൻപാകെ അവതരിപ്പിച്ചതെന്നും നിയമോപദേഷ്ടാവായ അഡ്വ. കെ.വൈ. സുധീന്ദ്രൻ പറഞ്ഞു.

ഡയപ്പർ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ കേരളത്തിന് ആഗോള മാതൃകയാകാൻ ഈ കണ്ടുപിടുത്തത്തിലൂടെ സാധിക്കുമെന്ന് കമ്പനിയുടെ നിയമോപദേഷ്ടാവായ അഡ്വ. കെ.വൈ. സുധീന്ദ്രൻ പറഞ്ഞു. ഉപയോഗിച്ച ഡയപ്പറുകളും നാപ്കിനും നശിപ്പിക്കാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് ഈ ഉൽപന്നമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംസ്ഥാന ആരോഗ്യ-ശുചിത്വ വകുപ്പുകൾ, സ്വച്ഛ് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ച് തെരഞ്ഞെടുത്ത ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഹൈജീൻ ലാബോറട്ടറീസ് ലക്ഷ്യമിടുന്നത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കർമ്മപദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here