എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. മറൈൻ ഡ്രൈവിലെ ആദ്യ പരിപാടിയായ ധീവരസഭയുടെ സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തനിമയുളള മുണ്ടും ഷർട്ടും ധരിച്ചെത്തിയ നരേന്ദ്ര മോദി മലയാളത്തിലാണ് സദസിനെ അഭിസംബോധന ചെയ്തത്. കടലിന്റെ മക്കൾക്ക് നമസ്കാരം എന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച അദ്ദേഹം മത്സ്യത്തൊഴിലാളി മേഖലകളിൽ കേന്ദ്രം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അവകാശപ്പെട്ടു.
“ഐതിഹാസികമായ ഒരു പരിപാടിക്കാണ് നമ്മൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അഖില കേരള ധീവരസഭ അതിന്റെ സുവർണ ജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വർഷമായി ഈ സംഘടന മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയാണ്. ഈ അവസരത്തിൽ ധീവരസഭയുടെ അംഗങ്ങൾക്കും ധീവരസമുദായത്തിലുള്ളവർക്കും ഞാൻ നന്മകൾ നേരുന്നു. ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനാണ് ഞാൻ എത്തിയിരിക്കുന്നത് അനുഗ്രഹം നൽകാനല്ല. ജനങ്ങളാണ് എന്റെ ഈശ്വരൻ. നിങ്ങളാണെനിക്ക് അനുഗ്രഹം നൽകേണ്ടത്”, മോദിയുടെ വാക്കുകൾ.
കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കൊച്ചി സാമൂഹിക പരിവര്‍ത്തനത്തിന്‍റെ നാടാണ്. മത്സ്യത്തൊഴിലാളി സമൂഹം സമുദ്രാതിര്‍ത്തി കാക്കുന്നവരാണ്. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തിയാണ് ഇവര്‍ ദുരന്തമുഖത്തേക്ക് ഇറങ്ങിയതെന്നും മോദി പരാമർശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്രം നടപ്പാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം തുടങ്ങി. മത്സ്യത്തൊഴിലാളി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യ സഹായം ലഭ്യമാക്കിയെന്നും മോദി പറഞ്ഞു.
മറൈൻഡ്രൈവിലെ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്കുശേഷം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന റോഡ് ഷോയും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിൽ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. അതിനുശേഷം ഉച്ചയ്ക്കുശേഷം കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തെരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക പ്രചരണങ്ങൾക്കും തുടക്കമാകും. ഉച്ചയ്ക്ക് 2.30നുശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.








