ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ആറ് മാസത്തേയ്‌ക്ക് വേണ്ട ആവശ്യ വസ്‌തുക്കൾ കൈവശമുണ്ടെന്ന് അറിയയിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. അടിയന്തര സാഹചര്യങ്ങളിൽ അടിസ്ഥാന വസ്‌തുക്കളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്നും സാമ്പത്തിക, ടൂറിസം മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു.
അന്യായമായ വിലവർധനവും തെറ്റായ വാണിജ്യ രീതികളും തടയുന്നതിനായി സാമ്പത്തിക വികസന വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും യുഎഇ അറിയിച്ചു. സാമ്പത്തിക, ടൂറിസം മന്ത്രാലയം വില സ്ഥിരത നടപ്പിലാക്കുകയും ദൈനംദിന പരിശോധനകളിലൂടെ വിപണികളിലെ ഉത്പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഉപഭോക്തൃ ആവശ്യം നിറവേറ്റാൻ സഹായകമായി അളവിലും തുച്ഛമായ വിലയിലും ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിൽപ്പന കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പ്രത്യേക പരിശോധനാ സംഘങ്ങൾ ദിവസേന നിരീക്ഷണവും വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
വിപണികളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും വിൽപ്പന കേന്ദ്രങ്ങളും വ്യാപാരികളും ഉപഭോക്തൃ സംരക്ഷണ നിയമനിർമ്മാണങ്ങളും നയങ്ങളും പ്രത്യേകിച്ച് അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വിലനിർണ്ണയ നയവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റുകളിലുടനീളമുള്ള ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സാമ്പത്തിക, ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, ബ്രെഡ്, ഗോതമ്പ് തുടങ്ങിയ വസ്‌തുക്കൾക്കാണ് ഈ നയം പ്രധാനമായും ബാധകമാകുന്നത്.
മന്ത്രാലയത്തിൻ്റെയും ഇതിനായി രൂപീകരിച്ച ദേശീയ കമ്മിറ്റിയുടെയും മുൻകൂർ അനുമതിയില്ലാതെ ഇവയുടെ വില വർധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. വില വർധനവ് നടത്തിയാൽ 207,000 ദിർഹത്തിൽ കൂടുതൽ പിഴ നൽകേണ്ടിവരും. കഴിഞ്ഞ രണ്ട് ദിവസമായി ഉള്ളി, തക്കാളി തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വില കൂടിയിരുന്നു, പ്രാദേശിക പ്രതിസന്ധി കാരണം ഉണ്ടായ വർധനവ് താൽക്കാലികവും പരിമിതവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിപണികളിൽ സ്ഥിരതയുള്ള വിതരണം ഉറപ്പാക്കുന്നതിനായി വില വർധനവുണ്ടായ വസ്‌തുക്കൾ അധിക അളവിൽ ഇതിനകം തന്നെ വിതരണം ചെയ്‌തിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ഉണ്ടായാൽ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും, വിപണി സ്ഥിരത നിലനിർത്താൻ സഹായിക്കുന്നതിന് ഉത്തരവാദിത്തത്തോടെ വാങ്ങാനും അനാവശ്യമായ സംഭരണം ഒഴിവാക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.








