ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലേക്ക്. ഇന്ന് (ഫെബ്രുവരി 28) രാത്രി 9 മണിക്ക് നരേന്ദ്ര മോദി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശനത്തിന് ഒരുങ്ങുന്നത്. ഇന്ന് രാത്രി ചെന്നൈയിൽ തങ്ങും.
പുതുച്ചേരിയിലും മധുരയിലുമായി നടക്കുന്ന വിവിധ കേന്ദ്ര പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനാണ് പ്രധാനമായും നരേന്ദ്ര മോദി സന്ദർശനത്തിന് എത്തുന്നത്. നാളെ (മാർച്ച് 01) രാവിലെ 11:45ന് പുതുച്ചേരിയിൽ എത്തി 2700 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ശേഷം വൈകിട്ട് മൂന്നിന് മധുരയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. മധുരയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാമേശ്വരം, താംബരം എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
അടിസ്ഥാന സൗകര്യം, നഗര സേവനങ്ങള്‍, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര വളര്‍ച്ച എന്നിവ ശക്തിപ്പെടുത്തുന്നതിനായുള്ള നിരവധി പദ്ധതികളാണ് തമിഴ്‌നാടിന് ലഭിക്കാൻ പോകുന്നത്. അന്നേ ദിവസം നാല് മണിക്ക് തിരുപ്പരങ്കുൺട്രം ക്ഷേത്രവും സന്ദർശിക്കും. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് രാത്രിയോടെ പ്രധാനമന്ത്രി ചെന്നൈയിലെത്തുന്നത്. രാജസ്ഥാനിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ ഗർഭാശയ ക്യാൻസറിനെതിരായ രാജ്യവ്യാപക വാക്‌സിൻ ഡ്രൈവിന് തുടക്കം കുറിക്കുകയും ചെയ്യും.
കഴിഞ്ഞ മാസമാണ് നരേന്ദ്ര മോദി കേരളത്തിൽ സന്ദർശനത്തിനായി എത്തിയത്. തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗര്‍കോവില്‍ മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്ലാഗ് ഓഫ് നിർവഹിച്ചത് നരേന്ദ്ര മോദിയാണ്. പുത്തരിക്കണ്ടം മൈതാനത്ത് തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. വിവിധ പദ്ധതികളും ഉദ്‌ഘാടനം ചെയ്‌തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിയും പുറത്തിറക്കി. വഴിയോര കച്ചവടക്കാർക്കും തട്ടുകടക്കാർക്കും ഈടില്ലാതെ വായ്‌പ ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും. കേരളത്തിൽ നിന്നുള്ള തെരുവ് പഴകച്ചവടക്കാരി ശാന്തി ആറിന് ആദ്യ ക്രെഡിറ്റ് കാർഡ് നൽകിക്കൊണ്ടാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.






