സമീപ വർഷങ്ങളിൽ കാൻസർ രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. സ്‌തനാർബുദം, ശ്വാസകോശ അർബുദം എന്നിവ പോലെ ആളുകളിൽ ബാധിക്കുന്ന അർബുദ രോഗമാണ് നേത്രാർബുദം. കണ്‍പോളകൾ, ലാക്രിമൽ (കണ്ണുനീർ ഉത്പാദിപ്പിക്കുന്ന) ഗ്രന്ഥികൾ, നേത്രഗോളം ഉൾപ്പെടെ നിരവധി ഘടനകളുള്ള ഒരു സങ്കീർണ്ണ അവയവമാണ് കണ്ണ്. ഈ ഭാഗങ്ങളിൽ ഏതിലും കാൻസർ ഉണ്ടാകാം. എന്നാൽ കൃത്രിമബുദ്ധിയിലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലുമുള്ള പുരോഗതി കാൻസർ ചികിത്സാ രംഗത്ത് ഏറെ പ്രകടമാവുന്നുണ്ട്.
“ജിനോമിക്‌സിലെ പുരോഗതി ട്യൂമറുകളുടെ ജനിതക ഘടന വിശകലനം ചെയ്യാനും സാധാരണ കോശങ്ങൾക്ക് വരുന്ന മാറ്റങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു. കണ്ണിന് പോലും കാൻസർ വരുമെന്ന് അറിയുമ്പോൾ പലരും അത്ഭുതപ്പെടുന്നു” പത്മശ്രീ ജേതാവും ഹൈദരാബാദിലെ അപ്പോളോ കാൻസർ ആശുപത്രിയിലെ ഡയറക്‌ടറും സീനിയർ കൺസൾട്ടൻ്റ് ഓങ്കോളജിസ്റ്റുമായ ഡോ. പാൽകൊണ്ട വിജയ് ആനന്ദ് റെഡി ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റേഡിയേഷൻ തെറാപ്പി, മെഡിക്കൽ ഓങ്കോളജി, ഒക്കുലാർ കാൻസർ പ്രത്യേകിച്ച് കുട്ടികളിലെ റെറ്റിനോബ്ലാസ്റ്റോമ എന്നിവയിൽ വൈദഗ്‌ധ്യമുള്ള വ്യക്തിയാണ് ഇദ്ദേഹം.
ഏറ്റവും സാധാരണയായ നേത്ര കാൻസറുകളിൽ ഒന്നാണ് റെറ്റിനോബ്ലാസ്റ്റോമ, റെറ്റിനയിലെ ട്യൂമർ ആണിത്. സാധാരണയായി നാല് വയസിന് താഴെയുള്ള കുട്ടികളിലാണിത് കാണപ്പെടുന്നത്. കണ്ണിൻ്റെ പിൻഭാഗത്തുള്ള പ്രകാശ സംവേദനക്ഷമതയുള്ള പാളിയാണ് റെറ്റിന, ഇത് ഒരു സ്ക്രീൻ പോലെ പ്രവർത്തിക്കുകയും നമ്മൾ കാണുന്നതെന്തും ചിത്രങ്ങളായി രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ പാളിയിലെ കോശങ്ങൾ അസാധാരണമായി വളരുന്നതിനെയാണ് റെറ്റിനോബ്ലാസ്റ്റോമയെന്ന് പറയുന്നത്.
ഈ മുഴകൾ നേരത്തെ കണ്ടെത്തിയാൽ സുഖപ്പെടുത്താൻ കഴിയുമെന്ന് ഡോ. വിജയ് ആനന്ദ് റെഡി പറഞ്ഞു. കണ്ണിലേക്ക് നേരിട്ട് നൽകുന്ന ഇൻട്രാ-ആർട്ടീരിയൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള നൂതനവും കൃത്യവുമായ ചികിത്സകളിലൂടെ അസുഖം ഭേദപ്പെടുത്താൻ കഴിയും. ഡോ. റെഡിയും സംഘവും നേത്രാർബുദവുമായി ബന്ധപ്പെട്ട 1,500ലധികം കേസുകൾ ചികിത്സിച്ചിട്ടുണ്ട്. നേത്ര ട്യൂമറിനുള്ള റേഡിയേഷൻ തെറാപ്പിക്കും മികച്ച വൈദഗ്‌ധ്യം ആവശ്യമാണ്. ആധുനിക കമ്പ്യൂട്ടർ ഗൈഡഡ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉയർന്ന അളവിലുള്ള റേഡിയേഷൻ കൃത്യമായി ട്യൂമറിലേക്ക് എത്തിക്കുകയും കാഴ്‌ച സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണിന് പിന്നിലെ തലച്ചോറിനെ സംരക്ഷിക്കുന്നു.
നേത്ര ട്യൂമർ തിരിച്ചറിയുന്നതിൽ മാതാപിതാക്കളുടെ പങ്ക്
കുട്ടികൾക്ക് കാഴ്‌ച പ്രശ്‌നങ്ങൾ വ്യക്തമായി വിവരിക്കാൻ കഴിയാത്തതിനാൽ, നേത്ര ട്യൂമർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്. കണ്ണിൻ്റെ കൃഷ്‌ണമണിയിൽ ഒരു വെളുത്ത തിളക്കമോ വെളുത്ത പുള്ളിയോ ശ്രദ്ധയിൽപ്പെട്ടാൽ, അത് റെറ്റിനോബ്ലാസ്റ്റോമയുടെ ആദ്യകാല ലക്ഷണമാകാം. കണ്ണുചിമ്മൽ, കണ്ണിൻ്റെ ചുവപ്പ്, നേത്രഗോളത്തിൻ്റെ വീർക്കൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ.
“റെറ്റിനോബ്ലാസ്റ്റോമ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ വളരെ വേഗത്തിൽ സുഖപ്പെടുത്താവുന്നതാണ്. കുട്ടിയുടെ ജീവൻ, കാഴ്‌ച എന്നിവ നമുക്ക് രക്ഷിക്കാൻ കഴിയും. എന്നാലും രോഗ നിർണയം വൈകിയാൽ, ഇത് ജീവന് പോലും ഭീഷണിയാകാം” ഡോ. വിജയ് ആനന്ദ് വിശദീകരിച്ചു. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ ഒഴിവാക്കുന്നത് അപകടസാധ്യത കുറയ്ക്കുമെങ്കിലും കുടുംബ ചരിത്രമില്ലാതെയും നേത്രാർബുദം ഉണ്ടാകാം. ഭാവിയിലുണ്ടാകുന്ന കുട്ടികളുടെ അപകടസാധ്യത വിലയിരുത്തുന്നതിന് രോഗനിർണയത്തിനുശേഷം ജനിതക പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
അമ്‌നിയോട്ടിക് ദ്രാവക വിശകലനം ഉൾപ്പെടെയുള്ള പ്രസവപൂർവ പരിശോധനകൾ അടുത്ത കുട്ടിക്ക് RB1 മ്യൂട്ടേഷൻ ഉണ്ടോയെന്ന് നിർണയിക്കാൻ സഹായിക്കും. “നിലവിൽ അസാധാരണമായ RB1 ജീൻ ശരിയാക്കാൻ ഞങ്ങൾക്ക് ജീൻ തെറാപ്പിയില്ല. എന്നാല്‍ പ്രാരംഭ ഘട്ടങ്ങളിൽ (ഗ്രൂപ്പ് എ, ബി), ക്രയോതെറാപ്പി അല്ലെങ്കിൽ ട്രാൻസ്പ്യൂപ്പില്ലറി തെർമോതെറാപ്പി പോലുള്ള കൃത്യമായ പ്രാദേശിക ചികിത്സകൾ ഉപയോഗിച്ച് ട്യൂമറുകൾ ഫലപ്രദമായി ചികിത്സിക്കാൻ കഴിയും” അദ്ദേഹം പറഞ്ഞു.
കാൻസർ ചികിത്സാ രീതികൾ
പ്രാരംഭ ഘട്ടത്തിലുള്ള കാൻസർ ചികിത്സ വളരെ ലളിതമായിരിക്കും. രോഗികൾക്ക് പലപ്പോഴും ശസ്ത്രക്രിയ അല്ലെങ്കിൽ റേഡിയേഷൻ പോലുള്ള ഒരു രീതി മാത്രമേ ആവശ്യമുള്ളൂ. ജീവിത രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരില്ല. എന്നാൽ വിപുലമായ ഘട്ടങ്ങളിൽ (III, IV) ജീവിത രീതികളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും.
കീമോതെറാപ്പി: മുമ്പ് കീമോതെറാപ്പി ഓക്കാനം, ഛർദ്ദി, മുടി കൊഴിച്ചിൽ തുടങ്ങിയ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കിയിരുന്നു. ഇന്ന് കൂടുതൽ കൃത്യതയോട് കൂടിയാണ് ചികിത്സ നടത്തുന്നത്. ഡോക്‌ടർമാർ തന്മാത്രാ തലത്തിൽ ട്യൂമറുകൾ വിശകലനം ചെയ്യുകയും കാൻസർ കോശങ്ങളിൽ ടാർഗെറ്റഡ് തെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും ഉപയോഗിക്കുകയും ചെയ്യുന്നു. പാർശ്വഫലങ്ങൾ സാധാരണയായി സൗമ്യവും കൈകാര്യം ചെയ്യാവുന്നതുമാണ്.
ശസ്ത്രക്രിയ: മുമ്പ്, കാൻസർ ശസ്ത്രക്രിയ എന്നത് പലപ്പോഴും ഒരു അവയവം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. ഇപ്പോൾ, പല കേസുകളിലും, ട്യൂമർ അല്ലെങ്കിൽ മുഴ മാത്രമേ നീക്കം ചെയ്യുന്നുള്ളൂ. റോബോട്ടിക് ശസ്ത്രക്രിയകൾ കാരണം രക്തനഷ്‌ടം വളരെ കുറവാണ് ഉണ്ടാകുന്നത്. രോഗികൾ വളരെ വേഗം സുഖം പ്രാപിക്കുകയും ചെയ്യുന്നു.
റേഡിയേഷൻ തെറാപ്പി: മുൻകാലങ്ങളിൽ, റേഡിയേഷൻ ചർമ്മത്തിൽ കാര്യമായ പൊള്ളലും അസ്വസ്ഥതയും ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ, നൂതന സാങ്കേതികവിദ്യയിലൂടെ നടത്തുന്ന റേഡിയേഷൻ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമേ സൃഷ്‌ടിക്കുന്നുള്ളൂ. കമ്പ്യൂട്ടറുകളുടെയും എഐയുടെയും സഹായത്തോടെ, ഡോക്‌ടർമാർക്ക് ശരീരത്തിൽ ആഴത്തിലുള്ള മുഴകളെ കൃത്യമായി കണ്ടെത്താനും സമീപത്തുള്ള ആരോഗ്യകരമായ ടിഷ്യുകളെ സംരക്ഷിക്കാനും കഴിയും. ഇത് ചർമ്മത്തിലെ പൊള്ളൽ, പാർശ്വഫലങ്ങൾ, അസ്വസ്ഥത എന്നിവ കുറയ്ക്കുകയും രോഗശാന്തി നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം മിക്ക രോഗികളും സാധാരണ ജീവിതത്തിലേക്ക് വേഗം മടങ്ങിയെത്തുന്നു.
ഉയർന്ന രോഗശമന നിരക്കുകൾ
മുപ്പത് വർഷങ്ങൾക്ക് മുമ്പ്, ആളുകളിൽ കാൻസർ സാധ്യത നിരക്ക് കുറവായിരുന്നു. രോഗശമന നിരക്ക് ഏകദേശം 30-40 ശതമാനവും. ഇന്ന് ഏകദേശം 70% കാൻസറുകളും വിവിധ ഘട്ടങ്ങളിൽ സുഖപ്പെടുത്താൻ കഴിയാവുന്നതാണ്. “കാൻസർ ചികിത്സിക്കാവുന്നതാണെന്നും നേരത്തെയുള്ള രോഗനിർണയം നിർണായകമാണെന്നും സീനിയർ ഓങ്കോളജിസ്റ്റ് ഡോ. വിജയ് ആനന്ദ് റെഡി പറഞ്ഞു.
“അവബോധവും സമയബന്ധിതമായ പരിശോധനയും അത്യാവശ്യമാണ്. ആധുനിക ചികിത്സാ രീതികൾ ഉപയോഗിച്ച്, മിക്ക രോഗികളും ഏതാനും മാസങ്ങൾക്കുള്ളിൽ തെറാപ്പി പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. തുടർച്ചയായ നവീകരണങ്ങളും ഗവേഷണങ്ങളും ഉപയോഗിച്ച്, ഇതിലും മികച്ച ഫലങ്ങൾ കാണാനും ഒരു ദിവസം കാൻസർ നിർമാർജനം ചെയ്യാനാവുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും” അദ്ദേഹം പറഞ്ഞു.









