കോഴിക്കോട്: പ്രതിവർഷം 1,100 കോർണിയ , 520 വൃക്ക , 320 കരൾ , 50 ഹൃദയം , 40 ശ്വാസകോശം , 120 മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ….! കേരളത്തിന്റെ ആരോഗ്യരംഗത്തെ വലിയ വളർച്ചയിലേക്ക് നയിക്കാൻ കഴിവുള്ള ഒന്നായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സ്ഥാപനമാണ് കോഴിക്കാട് ചേവായൂരിൽ വരാൻ പോകുന്ന കിയോട്ട് (KIOTT) അഥവാ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്). ഇന്ത്യയിൽ ആദ്യത്തേതാണ് ഇത്രയും വിപുലവും സമഗ്രവുമായ പദ്ധതികളോടെ ഒരു അവയവമാറ്റ സ്ഥാപനം വരുന്നത് എന്നത് പ്രത്യേകതയാണ്.
കോഴിക്കോട് ചേവായൂരിൽ ഇതിനകം തന്നെ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജോലികൾ തുടങ്ങിയിട്ടുണ്ട്. 20 ഏക്കർ ഭൂമിയിലാണ് നിർമാണം. • കിഡ്നി, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ, മജ്ജ എന്നിവയുൾപ്പെടെയുള്ള അവയവ മാറ്റങ്ങളും ടിഷ്യൂ സർജറികളും ഒരുകുടക്കീഴിൽ എത്തിക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളിലെ അവയവമാറ്റം ഇന്ന് ഏറെ ചെലവുള്ളതാണ്. ഈ ചെലവിനെ മൂന്നിലൊന്നായി കുറയ്ക്കാൻ പുതിയ ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും.
350 കിടക്കകൾ, 10 ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു, ഡയാലിസിസ് കേന്ദ്രം എന്നിവയ്ക്കെല്ലാം പുറമെ ഒരു റിസർച്ച് സെന്ററും ഉണ്ടായിരിക്കും കിയോട്ടിൽ. ഈ റിസർച്ച് സെന്ററാണ് അവയവമാറ്റ മേഖലയിൽ കേരളത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുക. ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയിൽ നിലവിലില്ല എന്നുമാത്രമല്ല, ലോകത്തു തന്നെ എണ്ണത്തിൽ കുറവാണ്. ഇന്ത്യയിൽ ഗുജറാത്തിലെ ഐകെഡിആർസി, ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് എന്നിവ അവയവ മാറ്റ ശ്സ്ത്രക്രിയകളിൽ പ്രത്യേകമായി ശ്രദ്ധ വെക്കുന്ന സ്ഥാപനങ്ങളാണ്. എങ്കിലും ഇവയൊന്നും തന്നെ കിയോട്ട് പോലെ സമഗ്രതമായി വിഷയത്തെ സമീപിക്കുന്നവയല്ല.
യു.എസ്.എ, യുകെ, ദക്ഷിണ കൊറിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും ചില ട്രാൻസ്പ്ലാന്റേഷൻ ആശുപത്രികളുണ്ട്. അവയെല്ലാം വലിയ ആശുപത്രികളുടെ ഒരു വകുപ്പായാണ് പ്രവർത്തിക്കുന്നത്.
സ്വകാര്യ മേഖലയിൽ കോടികൾ ചെലവ് വരുന്ന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കാൻ കിയോട്ട് സഹായകമാകും. ഇതുവഴി കേരളത്തിൽ വളർന്നു വരുന്നതായി വിദഗ്ധർ പറയുന്ന ‘ആശുപത്രി മാഫിയ’കളെ നിയന്ത്രിക്കാനും സാധിക്കും. പരിധി വിട്ട് ചികിത്സാ ചെലവ് പോകുന്നതിനെ തടയാൻ കഴിയും. മറ്റ് ആശുപത്രികളുടെ പ്രത്യേക വകുപ്പായി പ്രവർത്തിക്കുന്ന അവയവ മാറ്റ കേന്ദ്രങ്ങൾക്ക് പ്രധാനമായുള്ള ഒരു പ്രശ്നം, അവിടെ അണുബാധാ സാഹചര്യം കൂടുതലായിരിക്കും എന്നതാണ്. അവയവം മാറ്റിവെച്ച രോഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും. പൊതു ആശുപത്രികളിലെ അണുബാധകളിൽ നിന്ന് ഇവരെ സംരക്ഷിക്കാൻ പ്രത്യേകമായ ശ്രദ്ധ പുലർത്താൻ കിയോട്ടിന് സാധിക്കും. പ്രത്യകമായ ഐസിയൂ സജ്ജീകരണങ്ങൾ ഇത്തരം രോഗികൾക്കായി ഒരുക്കാനുമാകും.
അവയവ ശേഖരണം, വിതരണം, സ്‌കിൻ ബാങ്ക്, കോർണിയൽ ബാങ്ക്, ബോൺ മാരോ സെന്ററുകൾ എന്നിവ ഒരിടത്ത് തന്നെ ലഭ്യമാകുമ്പോൾ വലിയ തോതിൽ ചെലവ് കുറയുന്നു. ചുഷണങ്ങളും കുറയും.





