പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക നേതൃത്വത്തിലാണ് ഇന്ത്യ യുഎസ് ഉടമ്പടി പ്രാബല്യത്തിൽ വരുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വഴി രാജ്യത്തെ കയറ്റുമതിക്കാർക്ക് 30 ട്രില്യൺ യുഎസ് ഡോളറിൻ്റെ വിപണി തുറന്ന് കിട്ടുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. മൈക്ക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് ഈ കരാർ ഗുണം ചെയ്യുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ്‌താവന ഇറക്കിയതിന് പിന്നാലെയാണ് പരാമർശവുമായി അദ്ദേഹം രംഗത്തെത്തിയത്. ഉയർന്ന കയറ്റുമതി ഇന്ത്യയിലെ സ്ത്രീകൾക്കും യുവാക്കൾക്കും ഒരുപോലെ ഗുണം ചെയ്യും. പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക നേതൃത്വത്തിലാണ് ഇന്ത്യ യുഎസ് ഉടമ്പടി പ്രാബല്യത്തിൽ വരുന്നത്. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് 30 ട്രില്യൺ യുഎസ് ഡോളറിൻ്റെ വിപണി തുറക്കുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.
ഈ ചട്ടക്കൂടിൻ്റെ ഭാഗമായി, ഇന്ത്യൻ ഉത്‌പ്പന്നങ്ങൾക്കുള്ള തീരുവ 18 ശതമാനമായി യുഎസ് കുറയ്ക്കുമെന്നും ഇതിലൂടെ നിരവധി വിപണി അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിൽ വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബ്ബർ ഉത്പ്പന്നങ്ങൾ, ജൈവ രാസവസ്‌തുക്കൾ, ഗൃഹാലങ്കാരം, കരകൗശല ഉൽപ്പന്നങ്ങൾ, തെരഞ്ഞെടുത്ത യന്ത്രങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ വ്യാപാര സാധ്യത തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ താരിഫ് അല്ലെങ്കിൽ ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കും. ഈ നീക്കം ഇന്ത്യയുടെ കയറ്റുമതി കൂട്ടുകയും മെയ്ക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നും കൂടുതൽ ശ്രദ്ധകേന്ദ്രികരിക്കാൻ സാധിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
വിമാന ഭാഗങ്ങൾക്ക് ഇളവുകൾ, ഓട്ടോ പാർട്‌സുകൾക്ക് താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കലുകളുടെ ചർച്ച ഫലങ്ങൾ എന്നിവയും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടികൾ ഈ മേഖലകളിൽ പ്രകടമായ കയറ്റുമതി നേട്ടങ്ങൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, ഇന്ധനം, പുകയില, ചില പച്ചക്കറികൾ, മാംസം എന്നിവയുൾപ്പെടെയുള്ള കാർഷിക, പാലുത്‌പ്പന്നങ്ങളെ പൂർണമായും സംരക്ഷിച്ച് കൊണ്ട് കർഷകരുടെ താത്‌പ്പര്യങ്ങൾ ഉയർത്തും. കൂടാതെ ഗ്രാമീണ ഉപജീവനമാർഗം നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.






