യാതൊരു തെളിവുമില്ലാതെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കാണ് ഇന്ത്യയുടെ മറുപടി.
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ചാവേർ ബോംബാക്രമണത്തിൽ പങ്കുണ്ടെന്ന പാകിസ്ഥാൻ്റെ ആരോപണം തള്ളി ഇന്ത്യ. പാകിസ്ഥൻ്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അർഥശൂന്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്കും അഫ്‌ഗാനിസ്ഥാനും പങ്കുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.
സ്വന്തം നാട്ടിൽ വളർത്തിയ ദോഷങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്‍ സ്വയം വരുത്തിവച്ച പ്രശ്‌നങ്ങളില്‍ നിന്ന് സ്വയം ഒളിച്ചോടുകയാണെന്നും വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
“ഇസ്‌ലാമാബാദിലെ ഒരു പള്ളിയിൽ ഉണ്ടായ ബോംബാക്രമണം അപലപനീയമാണ്. അതുണ്ടാക്കിയ ജീവഹാനിയിൽ ഇന്ത്യ അനുശോചിക്കുന്നു. സാമൂഹിക ഘടനയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യുന്നതിനുപകരം, സ്വന്തം നാട്ടിൽ വളർന്നുവന്ന ദോഷങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കാൻ പാകിസ്ഥാൻ തീരുമാനിക്കുന്നത് നിർഭാഗ്യകരമാണ്” – വിദേശ കാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി
ചാവേര്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ഗൂഢാലോചന വെളിപ്പെടുന്നുവെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപണം ഉന്നയിക്കുകയായിരുന്നു. 31 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യയ്ക്കും അഫ്‌ഗാനിസ്ഥാനും പങ്കുണ്ടെന്ന് ഖ്വാജ ആസിഫ് ഒരു തെളിവും നൽകാതെ ആരോപിക്കുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.
ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദി അഫ്‌ഗാനിസ്ഥാനിലേക്കും അവിടെ നിന്നും മറ്റൊരുടത്തേക്കും സഞ്ചരിച്ചതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്ഥാൻ്റെ അടിസ്ഥാനപരമല്ലാത്ത എല്ലാ അവകാശ വാദങ്ങളും ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞു.
ഇസ്‌ലാമാബാദ് ചാവേര്‍ ആക്രമണം
ഇസ്‌ലാമാബാദില്‍ വെള്ളിയാഴ്‌ചാണ് (ഫെബ്രുരി 6) ചാവേർ ബോംബാക്രമണം നടന്നത്. ചാവേർ സ്വയം പൊട്ടിത്തെറിച്ച് 31 പേർ കൊല്ലപ്പെടുകയും 169 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇസ്‌ലാമാബാദിലെ തർലായ് പ്രദേശത്തെ ഖാദിജ അൽ-കുബ്ര പള്ളി-കം-ഇമാംബർഗയിലാണ് ശക്തമായ സ്ഫോടനം നടന്നത്.
വെള്ളിയാഴ്‌ച പ്രാർഥനയ്ക്കായി ആരാധകർ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം അധികൃതർ ഇതിനെ ചാവേർ ബോംബാക്രമണമാണെന്ന് വിളിച്ചു . 2023 ജനുവരിയിൽ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ഒരു പള്ളിയിലുണ്ടായ സ്ഫോടനത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.






