എന്തുകൊണ്ടാണ് മോദി 12 വർഷമായി വാർത്താ സമ്മേളനം നടത്താത്തത്? ‘

0
2

കഴിഞ്ഞ 12 വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാത്തത് എന്തു കൊണ്ടെന്ന ചോദ്യമാണ് ജെൻസികളിൽ നിന്ന് ഉയർന്നത്. മോദി ജനങ്ങളുമായി മറ്റ് മാധ്യമങ്ങളിലൂടെ സംവദിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഹൈലൈറ്റ്:

  • കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തേജസ്വിയെ പരിഹസിച്ച് രംഗത്തെത്തി.
  • ജെൻസി കുട്ടികൾ സെറിലാക് ബേബി തേജസ്വി സൂര്യയെ സ്തംഭിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ.
  • പ്രസംഗങ്ങളും മറ്റും പഴയകാല രീതികളായി മാറിയെന്ന് തേജസ്വി.
ബെംഗളൂരു: ജെൻസികളുടെ ചോദ്യശരങ്ങൾക്കു മുമ്പിൽ വിയർത്ത് ബെംഗളൂരുവിൽ നിന്നുള്ള ബി.ജെ.പി എം.പിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ . ജൂൺ 18-ന് ബെംഗളൂരുവിലെ വി.വി പുരത്തുള്ള ജെയിൻ കോളേജിൽ നടന്ന ഒരു അനുമോദന ചടങ്ങിനിടെയാണ് വിദ്യാർത്ഥികളിൽ നിന്ന് ബുദ്ധിമുട്ടേറിയ ചോദ്യങ്ങളുയർന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ തലവൻ കഴിഞ്ഞ 12 വർഷമായി മാധ്യമങ്ങളെ കാണാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം സദസ്സിൽ നിന്ന് ഉയർന്നു. ചോദ്യത്തിന് അൽപ്പം പ്രയാസപ്പെട്ട് തേജസ്വി മറുപടി നല്‍കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തേജസ്വിയെജെൻസികൾ നിർത്തിപ്പൊരിച്ചു എന്നൊക്കെയാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെ ഇക്കാലത്ത് പത്രസമ്മേളനങ്ങൾ പോലെയുള്ള പരമ്പരാഗത ആശയവിനിമയ രീതികൾ അപ്രസക്തമാണെന്നാണ് തേജസ്വി മറുപടി നൽകിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതൊരു ‘മികച്ച ചോദ്യമാണെന്ന്’ പറഞ്ഞു കൊണ്ടാണ് തേജസ്വി സൂര്യ മറുപടി പറയാൻ തുടങ്ങിയത്. ജനങ്ങളോട് സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലാത്ത കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കൾക്കും ജനങ്ങൾക്കുമിടയിൽ മാധ്യമങ്ങൾ എന്നൊരു തടസ്സത്തിന്റെ ആവശ്യമില്ല. 24 മണിക്കൂറും സജീവമായ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ഇക്കാലത്ത് വാർത്താസമ്മേളനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. പ്രസംഗങ്ങളും മറ്റും പഴയകാല രീതികളായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രധാനമന്ത്രി ജനങ്ങളുമായി ആശയവിനിമയം നടത്തുന്നില്ല എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം എല്ലാ ദിവസവും മറ്റ് ഡിജിറ്റൽ വഴികളിലൂടെ ജനങ്ങളുമായി സംവദിക്കുന്നുണ്ട്.

അതെസമയം തേജസ്വി സൂര്യ വിദ്യാർത്ഥിക്ക് നൽകിയ മറുപടിയുടെ വീഡിയോ വൈറലായതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തി. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ എക്സിൽ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്: ” ജെൻസി കുട്ടികൾ സെറിലാക് ബേബി തേജസ്വി സൂര്യയെ സ്തംഭിപ്പിച്ചു! വളരെ ലളിതമായ ഒരു ചോദ്യമാണ് ആ വിദ്യാർത്ഥി ചോദിച്ചത്: കഴിഞ്ഞ 10 വർഷമായി നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്തുകൊണ്ട് പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല എന്ന്.”

2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം നരേന്ദ്ര മോദി ഇന്ത്യയിൽ മാധ്യമങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് തുറന്ന വാർത്താസമ്മേളനങ്ങൾ നടത്തിയിട്ടില്ല. പത്രസമ്മേളനങ്ങൾക്ക് പകരം ‘മൻ കി ബാത്ത്’ പോലെയുള്ള റേഡിയോ പരിപാടികളിലൂടെയും, മാധ്യമങ്ങൾക്ക് നൽകുന്ന പ്രത്യേക അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് അദ്ദേഹം പ്രധാനമായും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത്. വിദേശ പര്യടനങ്ങൾക്കിടയിൽ അപൂർവ്വമായി ചില സംയുക്ത പ്രസ്താവനകളിൽ അദ്ദേഹം മാധ്യമങ്ങളിൽ നിന്നുള്ള പരിമിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here