ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവന തള്ളി റഷ്യ. തങ്ങള്‍ മാത്രമല്ല ഇന്ത്യയ്‌ക്ക് എണ്ണ നല്‍കുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നൂവെന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ദിമിത്രി പെസ്കോവ്.
മോസ്‌കോ: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവന തള്ളി റഷ്യ. ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞു. ക്രൂഡ് ഓയിൽ വിതരണക്കാരെ വൈവിധ്യവത്‌കരിക്കാനുള്ള തീരുമാനത്തിൽ പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയ്ക്ക് എണ്ണയും പെട്രോളിയം ഉത്‌പന്നങ്ങളും നൽകുന്ന ഒരേയൊരു വിതരണക്കാരൻ റഷ്യ മാത്രമല്ലെന്ന് ഞങ്ങൾക്കും മറ്റ് എല്ലാ അന്താരാഷ്‌ട്ര ഊർജ വിദഗ്‌ധർക്കും നന്നായി അറിയാം. ഇന്ത്യ എല്ലായ്‌പ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇവ വാങ്ങിയിട്ടുണ്ട്. അതിനാൽ ഇവിടെ പുതിയതായി ഒന്നും കാണുന്നില്ലെന്നും” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
റഷ്യയില്‍ വാങ്ങുന്ന എണ്ണ നിര്‍ത്തുന്നത് സംബന്ധിച്ചുള്ള യാതൊരു വിവരവും തങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പെസ്‌കോവ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പൂർണമായും നിർത്താൻ കഴിയില്ലെന്ന് ദേശീയ ഊർജ രക്ഷാ ഫണ്ടിലെ പ്രമുഖ വിദഗ്‌ധനായ ഇഗോർ യുഷ്കോവ് പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടത്. ട്രംപ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് വ്യാപാര കരാറിനെ കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ വ്യപാര കരാറിനെ കുറിച്ച് ഇരു രാജ്യങ്ങളും ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ല. ഇത് സംബന്ധിച്ചുള്ള സംയുക്ത പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ ഉത്‌പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന താരിഫ് കുറച്ചതായി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയില്‍ നിന്നുള്ള എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ഇന്ത്യന്‍ നിര്‍മിത ഉത്‌പന്നങ്ങള്‍ക്ക് 8 ശതമാനം കുറഞ്ഞ താരിഫ് ലഭിക്കുമെന്ന് അമേരിക്ക അറിയിച്ചതായും മോദി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. മാത്രമല്ല ഈ പ്രഖ്യാപനത്തിന് ഇന്ത്യന്‍ ജനതയുടെ പേരില്‍ അദ്ദേഹം ട്രംപിന് നന്ദി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.






