ഒരു വിഭാഗം ആരാധകര്‍ പരാതി പറയുന്ന ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്‍റി 20 മത്സരത്തിനിടെ ആരാധകര്‍ക്കു കുടിവെള്ളം നൽകിയതിൽ അമിത വില ഈടാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ അന്വേഷണം. ഒരു വിഭാഗം ആരാധകര്‍ പരാതി പറയുന്ന ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെയാണ് വിഷയത്തിൽ കെസിഎ ഇടപെട്ടത്. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ട കുടിവെള്ള അമിതവില ഈടാക്കിയ സംഭവം സമൂഹമാധ്യമങ്ങളിലും ചാനലിലും വന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
‘ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺറെ ബിസിസിഐ ആണ് നിശ്ചയിക്കുന്നത്. ബി.സി.സി.ഐയുള്ള കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്.
ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. പരിസ്ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെ.സി.എ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു.
എന്നാല്‍, കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായും ഇപ്പോൾ പരാതികളുടെ ശ്രദ്ധയിൽപെട്ടു. ഇതേതുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്നലെ ഉണ്ടായ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിക്കുകയും വേണ്ട നടപടികൾ എടുക്കുമെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഏജൻസി ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും കെ.സി.എ അറിയിച്ചു. വരുംകാലങ്ങളിൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
അതേസമയം അവസാന ട്വൻ്റി 20 മത്സരത്തിൽ ന്യൂസിലൻഡിനെ 46 റൺസിന് തകർത്ത് ഇന്ത്യ 4-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 225 റൺസിന് പുറത്താവുകയായിരുന്നു.







