കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നതെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്.

0
28

ഭൂമി നൽകാത്തത് കൊണ്ടാണ് എയിംസ് വൈകുന്നതെന്ന ന്യായീകരണത്തിനാണ് മന്ത്രി മറുപടിയുമായി എത്തിയത്. രേഖകളടക്കം സമർപ്പിച്ചതാണെന്നും അടുത്ത ബജറ്റിൽ എയിംസ് ഉണ്ടാകുമെന്നുമായിരുന്നു 2024ൽ കേന്ദ്രം നൽകിയ മറുപടി.

തിരുവനന്തപുരം: ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നതെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭൂമി നൽകിയില്ലെന്ന ബിജെപിയുടെ വാദങ്ങളെ തള്ളിക്കൊണ്ട് 2024ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് പുറത്തുവിട്ടു. കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് നൽകാത്തതിനെ ചൊല്ലിയുള്ള കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നതിനിടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്ത് എത്തിയത്.

കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് ധനമന്ത്രാലയത്തോട് അഭ്യർഥിച്ചുവെന്നും അടുത്ത പ്രഖ്യാപനത്തിൽ എയിംസ് ഉൾപ്പെടുമെന്നുമാണ് 2024ൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി. എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ എല്ലാ രേഖകളും കേരളം സമർപ്പിച്ചതാണ്. വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു എന്നിട്ടും എയിംസ് കണ്ടില്ലെന്ന് വീണാ ജോർജ് ഫേസ് ബുക്കിൽ കുറിച്ചു.

 

കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്ന് മുഖ്യമന്ത്രി: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന വസ്‌തുത കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബോധപൂർവ്വം വിസ്‌മരിച്ചിരിക്കുകയാണ്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു.

ഫിനാൻസ് കമ്മിഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയും ചെയ്‌തത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണ്. റെയിൽവേ കോച്ച് ഫാക്‌ടറി അടക്കമുള്ള വാഗ്‌ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബിജെപി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബജറ്റും സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here