മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരം ആരംഭിച്ചു. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ ഒഴിവാക്കിയാണ് സമരം. സമരം ശമ്പളം അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്. ആശുപത്രിയിലെത്തിയ രോഗികള്‍ വലഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സമരം തുടങ്ങി. ഒപിയും അധ്യാപനവും ബഹിഷ്‌കരിച്ചാണ് സമരം. മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ധര്‍ണയും നടക്കും.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിലേറെയായി തുടര്‍ന്ന് വരുന്ന സമര പരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്‌കരണം എന്നിവ നടക്കുന്നത്. സമരം കടുക്കുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചേക്കും. ഫെബ്രുവരി 9 മുതല്‍ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്‌ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.
അതേസമയം അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് പലതവണ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും നടപടികളൊന്നുമായില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
ഡോക്‌ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുന്നത്. സമരത്തിനിറങ്ങിയ ഡോക്‌ടർമാർ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും നിർത്തിവയ്‌ക്കാനാണ് തീരുമാനം. ഇതോടൊപ്പം ഫെബ്രുവരി 11 മുതൽ യൂണിവേഴ്‌സിറ്റി പരീക്ഷ ജോലികളും ബഹിഷ്‌കരിക്കും.
രോഗികൾക്ക് ഉണ്ടാവാൻ ഇടയുള്ള ബുദ്ധിമുട്ടുകളിൽ കെജിഎംസിടിഎ ഖേദം പ്രകടിപ്പിച്ച് കൊണ്ടാണ് സമരവുമായി രംഗത്തിറങ്ങിയത്. സർക്കാർ ഡോക്‌ടർമാരുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് മറ്റെല്ലാ മാർഗങ്ങളും അടഞ്ഞതിനെ തുടർന്ന് സംഘടനയ്‌ക്ക് ഈ സമരത്തിലേക്ക് കടക്കേണ്ടി വന്നത് എന്നാണ് സംഘടന ഭാരവാഹികൾ പറയുന്നത്. കൂടാതെ സമരം നടക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര ചികിത്സകൾക്ക് ഒഴികെയുള്ള മറ്റൊന്നിനും മെഡിക്കൽ കോളജിൽ എത്തേണ്ടതില്ലെന്ന് ഡോക്‌ടർമാരുടെ സംഘടന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണ കുടിശിക പൂർണമായും നൽകാൻ തീരുമാനിച്ചിട്ടും പൊതുജനാരോഗ്യത്തിന്‍റെ കാവൽക്കാരായ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ ശമ്പള പരിഷ്‌കരണ കുടിശിക പൂർണമായി തടഞ്ഞുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ നൽകുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, ഡോക്‌ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുക, എൻട്രി കേഡറിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറിലേക്കുള്ള
കാരിയര്‍ അഡ്വാന്‍സ്‌മെന്‍റ് പ്രമോഷന്‍ എൻഎംസി മാനദണ്ഡ പ്രകാരം ക്രമീകരിക്കുക, മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ സംവിധാനങ്ങളും മെച്ചപ്പെടുത്തുക, പെൻഷൻ സീലിങ് അപാകതകൾ പരിഹരിക്കുക, സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും കെജിഎം സിടിഎ മുന്നോട്ടുവയ്‌ക്കുന്നത്.
ഡോക്‌ടർമാർ സമരം ആരംഭിച്ചതോടെ ഇതറിയാതെ മെഡിക്കൽ കോളജിൽ എത്തിയ രോഗികളാണ് ആകെ വലഞ്ഞത്. അതിരാവിലെ മുതൽ നിരവധി രോഗികളാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയത്. ഇവരെല്ലാം ചികിത്സ ലഭിക്കാതെ വലിയ പ്രയാസത്തിൽ ആയിട്ടുണ്ട്. സമരത്തിൻ്റെ ഭാഗമായി ഇന്ന് രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുമ്പില്‍ പ്രതിഷേധ ധർണയും നടക്കും.
ഇക്കഴിഞ്ഞ നവംബറില്‍ വിഷയം സംബന്ധിച്ച് ആരോഗ്യ മന്ത്രിയുമായി സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേ തുടര്‍ന്ന് ധനമന്ത്രിമാരുമായും സമരം നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകളൊന്നും ഫലം കാണാത്തത് കൊണ്ടാണ് വീണ്ടും സമരവുമായി ഡോക്‌ടര്‍മാര്‍ എത്തിയത്.








