ഇന്ന് സ്വർണത്തിന് 760 രൂപയുടെ വർധന. ഇതോടെ 1,08,000 രൂപ എന്ന നിലയിലേക്ക് ഒരു പവൻ സ്വർണത്തിൻ്റെ വില ഉയർന്നു.
തിരുവനന്തപുരം: റെക്കോഡ് കുതിപ്പ് തുടർന്ന് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 25 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,500 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 760 രൂപ വർധിച്ച് 1,08,000 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ സ്വർണ നിരക്ക്.
അതേസമയം 24 കാരറ്റിന്‍റെ ഒരു ഗ്രാമിന് 104 രൂപ വർധിച്ച് 14,728 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് 832 രൂപ വർധിച്ച് 1,17,824 രൂപയായി. 18 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിന് 78 രൂപ വർധിച്ച് 11,046 രൂപയും ഒരു പവന് 624 രൂപ വർധിച്ച് 88,368 രൂപയുമായി വില വർധിച്ചു.
വെനസ്വേല, ഗ്രീൻലാൻഡ്, ഇറാൻ എന്നീ രാജ്യങ്ങൾക്ക് എതിരെയുള്ള അമേരിക്കയുടെ വെല്ലുവിളികൾക്കിടെയാണ് സ്വർണ വില റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നത്. ഗ്രീൻലന്‍ഡ് വിട്ടുകിട്ടാനായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമേൽ അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതാണ് നേരിയ തോതിൽ ഇടിവുണ്ടായിരുന്ന സ്വർണ വില വീണ്ടും ഉയരാൻ കാരണമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
സാധാരണ പണിക്കൂലിയുടെ അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ തുക ഉയരാം. സ്വര്‍ണം വാങ്ങാനെത്തുന്നവർ പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്‌ടിയായി നല്‍കണം. ഇന്ന് സ്വര്‍ണ വില കുതിച്ച് ഉയര്‍ന്നത് ആഭരണ പ്രേമികളെയും വിവാഹ പാർട്ടികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വില കൂടിയ സാഹചര്യത്തില്‍ ഇന്ന് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏകദേശം 1,30,000 രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്‍റെ പണിക്കൂലി, ഹോള്‍ മാര്‍ക്ക് ചാര്‍ജ്, ജിഎസ്‌ടി എന്നിവ അടക്കം വരുമ്പോള്‍ വലിയൊരു തുക നല്‍കേണ്ടി വരും. ഇത് ഉപഭോക്താക്കളെ തൊല്ലൊന്നുമല്ല വലയ്‌ക്കുന്നത്.
സ്വര്‍ണ വില വർധിക്കാനുള്ള പ്രധാന കാരണങ്ങള്‍
കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഇനിയും പലിശ കുറയ്ക്കാനുള്ള സാധ്യതകളാണ് സ്വർണ വിലയെ ആഗോളതലത്തിൽ റെക്കോഡ് ഉയരത്തില്‍ നിലനിർത്തുന്നത്. ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വിലയിൽ സാരമായ ഇടിവിന് അത് പര്യാപ്‌തമായിട്ടില്ല. ഇറാൻ-അമേരിക്ക, റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതും സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ഡോളർ-രൂപ നിരക്കിലെ വ്യതിയാനം, സ്വർണത്തിൻ്റെ രാജ്യാന്തര വിലയിലുണ്ടായ വർധനവ് എന്നിവയാണ് സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കിയെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ താരിഫ് നടപടികളും കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.






