ഖമേനിയ്ക്ക് എതിരെയുള്ള ആക്രമണം യുദ്ധപ്രഖ്യാപനമായി കണക്കാക്കും”,

0
77

ഇറാനിലെ ജനങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ഉണ്ടെങ്കിൽ, അതിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ദീർഘകാല ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണെന്നും മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.

ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യം വച്ചുള്ള ഏതൊരു ആക്രമണത്തേയും രാജ്യത്തിനെതിരായ അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ. രാഷ്‌ട്രീയ അടിച്ചമർത്തലുകൾ നടക്കുന്ന ഇറാനിൽ പുതിയ ഭരണ നേതൃത്വത്തെ അന്വേഷിക്കേണ്ട നേരമായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പരാമർശത്തെ തുടർന്നാണ് മസൂദ് പെസെഷ്‌കിയാൻ്റെ പ്രസ്‌താവന.

ഇറാനിലെ ജനങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ഉണ്ടെങ്കിൽ, അതിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ദീർഘകാല ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണെന്നും മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.

“ഇറാൻ്റെ പരമോന്നത നേതാവിൻ്റെ സുരക്ഷ രാജ്യത്തിൻ്റെ ചുവപ്പ് രേഖയാണ്, അതിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല. നമ്മുടെ രാജ്യത്തിൻ്റെ പരമോന്നത നേതാവിനെതിരായ ആക്രമണം ഇറാനിയൻ രാഷ്ട്രവുമായുള്ള ഒരു പൂർണ തോതിലുള്ള യുദ്ധത്തിന് തുല്യമാണ്” മസൂദ് പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു.

രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരായ പൊതുജന രോഷമാണ് ഇറാനിൽ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ആരോപണവുമായി ട്രംപ്

അക്രമത്തിലൂടെയും ഭയത്തിലൂടെയുമാണ് ഇറാൻ ഭരണകൂടം രാജ്യം ഭരിക്കുന്നതെന്ന ആരോപണവുമായി ട്രംപ് രംഗത്ത് എത്തിയിരുന്നു. ഇറാൻ്റെ നിലവിലെ ഭരണ നേതൃത്വം അധികാരത്തിൽ തുടർന്നാൽ അടിച്ചമർത്തൽ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തിൻ്റെ സമ്പൂർണ നാശത്തിന് നേതൃത്വം നൽകിയ പരമോന്നത നേതാവാണ് ഖമേനിയെന്ന് വിമർശിച്ചിരുന്നു.

ഇറാനിൽ ഭരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് തടവിലാക്കപ്പെട്ട പ്രതിഷേധക്കാരുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ കഴിഞ്ഞ ദിവസമാണ് നന്ദിയറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയത്. ഇറാനുമേൽ അമേരിക്ക ആക്രമണ ഭീഷണിയുമായി എത്തിയ സാഹചര്യത്തിലായിരുന്നു ട്രംപിൻ്റെ പ്രശംസ. ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രശംസയുമായി എത്തിയത്.

മരണ സംഖ്യ ഉയരുന്നതായി വിവിധ സംഘടനകൾ

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രക്ഷോഭം ഇപ്പോൾ ഭരണ നേതൃത്വങ്ങളിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്. പ്രതിഷേധങ്ങളിലുണ്ടായ മരണ നിരക്ക് കുത്തനെ ഉയർന്നതായി അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന അറിയിച്ചു.

3,919 മരണങ്ങളെങ്കിലും സ്ഥിരീകരിച്ചതായി ഹ്യൂമൻ റൈറ്റ്സ് ആക്‌ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (എച്ച്ആർഎഎൻഎ) അറിയിച്ചു. ഔദ്യോഗിക കണക്കുകൾ ഇതിലും അധികമാകുമെന്ന് സംഘടന കൂട്ടിച്ചേർത്തു. 24,000 ത്തിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌തെന്നും 1979 ലെ ഇസ്ലാമിക വിപ്ലവത്തിലെ സംഭവ വികാസങ്ങൾക്ക് സമാനമാണ് ഇറാനിലെ സ്ഥിതിയെന്നും സംഘടന കൂട്ടിച്ചേർത്തു.

ഇറാനിയൻ അധികൃതർ മരണ സംഖ്യയുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ആയിരക്കണക്കിന് പേർ വിവിധ പ്രതിഷേധങ്ങളിലായി കൊല്ലപ്പെട്ടെന്ന് പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here