ജമ്മു കശ്‌മീരില്‍ അതിശൈത്യം തുടരുന്നു. ലഡാക്ക്, സോനാമര്‍ഗ്, ഗുല്‍മര്‍ഗ് എന്നിവിടങ്ങളിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ജനുവരി 31 വരെ ചില്ലായ് കലാന്‍ തുടരുമെന്ന് ഐഎംഡി.
ശ്രീനഗര്‍: കശ്‌മീരില്‍ ചില്ലായ് കലാന്‍ കടുത്തു. ജമ്മു, കശ്‌മീര്‍, ലഡാക്ക്, ഗുല്‍മര്‍ഗ്, ദ്രാസ് എന്നിവിടങ്ങളില്‍ അതിശൈത്യം തുടരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളായ സോനമര്‍ഗിലും ഗുല്‍മര്‍ഗിലും മൈനസ് 9.8, മൈനസ് 9 ഡിഗ്രി എന്നിങ്ങനെയാണ് ഇന്നലെ താപനില രേഖപ്പെടുത്തിയത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെട്ടത് ദ്രാസ്, ഹാന്‍ലെ, ന്യോം, പാടും, ലേ, കാര്‍ഗില്‍, ന്യൂബ്ര താഴ്‌വര, ടാങ്‌സ്റ്റെ, ഉപ്‌ഷി എന്നിവിടങ്ങളിലാണ്.
മൈനസ് 24.7 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് 13. 4 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ഇവിടങ്ങളിലെ താപനില. തലസ്ഥാനമായ ശ്രീനഗറിലാകട്ടെ മൈനസ് 5. 1 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. രാത്രിയാണ് തണുപ്പ് അധികരിക്കുന്നത്.
മിക്കയിടങ്ങളിലും താപനില പൂജ്യത്തിന് താഴെയാണ്. മൈനസ് 8.6 ഡിഗ്രി രേഖപ്പെടുത്തിയ പഹല്‍ഗാമും 7.8 ഡിഗ്രി രേഖപ്പെടുത്തിയ പുല്‍വാമയും കൊടും തണുപ്പില്‍ മരവിച്ചു. കൂടാതെ ഉയര്‍ന്ന മേഖലകളിലെല്ലാം അതിശൈത്യം തന്നെയാണ് അനുഭവപ്പെട്ടത്. ഖ്വാസിയഗുഡില്‍ 5.4 ഡിഗ്രിയും കുപ്‌വാര, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ മൈനസ് 5.1 ഡിഗ്രിയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ 6.8 ഡിഗ്രിയും അനന്ത്‌നാഗ് ബാരാമുള്ള എന്നിവിടങ്ങളില്‍ 6.3, 5.3 എന്നിങ്ങനെയും ബന്ദിപ്പോര, കൊക്കര്‍നാഗ് എന്നിവിടങ്ങളില്‍ 4.6, 4.9 എന്നിങ്ങനെയും താപനില രേഖപ്പെടുത്തി.
അതിശൈത്യം തുടരും: ജമ്മു കശ്‌മീരില്‍ ജനുവരി 22 വരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനുവരി 16 മുതല്‍ 20 വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇത് രാത്രിയിലെ ശൈത്യം കുറയാന്‍ കാരണമായേക്കാമെന്നും ഐഎംഡി അറിയിച്ചു. അടുത്ത അഞ്ച് ദിവസം ജമ്മു കശ്‌മീരിലെ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്. ഇത് റോഡ് -വ്യോമയാന ഗതാഗതത്തിന് തടസം സൃഷ്‌ടിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്.
എന്താണ് ചില്ലായ് കലാന്‍: കടുത്ത മഞ്ഞുവീഴ്‌ചയും അതിശൈത്യവുമാണ് കശ്‌മീരില്‍. വിവിധയിടങ്ങളില്‍ താപനില മൈനസ് കടന്നു. ഇത്തരം സാഹചര്യത്തെയും കാലാവസ്ഥയെയും പറയുന്ന പേരാണ് ചില്ലായ് കലാന്‍. ജനുവരി 31 വരെ ചില്ലായ് കലാന്‍ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ചില്ലായ് കലാന്‍ മാത്രമല്ല ചില്ലായ് ഖുര്‍ദ്, ചില്ലായ് ബച്ച എന്നിങ്ങനെയുള്ള മഞ്ഞ് വീഴ്‌ചയും ഇവിടെയുണ്ട്. ചില്ലായ് കലാന്‍ തുടരുന്നതിനിടെ 20 ദിവസത്തോളം നിലനില്‍ക്കുന്ന ചെറിയ മഞ്ഞ് വീഴ്‌ചയെയാണ് ചില്ലായ് ഖുര്‍ദ് എന്ന് പറയുന്നത്. അതേസമയം ഇതിനിടെ തുടരുന്ന ചെറു മഞ്ഞ് വീഴ്‌ചയെയാണ് ചില്ലായ് ബച്ച എന്ന് പറയുന്നത്.








