വടക്കൻ യൂറോപ്പിൽ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ രാജ്യമാണ് ഡെന്മാർക്ക്. ഇത് ജർമ്മനിയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഡെന്മാർക്കിനെയും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളെയും കൂട്ടി സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്.
ചരിത്രപരവും രാഷ്ട്രീയവുമായി ഡെന്മാർക്ക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജർമനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജൂട്ട്‌ലാൻഡ് എന്ന വലിയ ഒരു ഉപദ്വീപും 443 ഓളം വരുന്ന നിരവധി ദ്വീപുകളും ഉൾകൊള്ളുന്ന ഡെന്മാർക്കിന്റെ ഭൂപ്രകൃതി പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്. സീലാൻഡ്, ഫ്യൂനൻ എന്നിവയാണ് പ്രധാന ദ്വീപുകൾ. കോപ്പൻഹേഗൻ ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും. ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമായുള്ള സ്വയംഭരണ പ്രദേശങ്ങൾ ആണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. ഡാനിഷ് ക്രോൺ നാണയവും കോപ്പൻഹേഗൻ തലസ്ഥാനവുമാണ്.
എ.ഡി. 8-ആം നൂറ്റാണ്ടു മുതൽ രാജ്യത്തു രാജഭരണം നിലവിൽ വന്നു. 11-ആം നൂറ്റാണ്ടിൽ രാജ്യാതിർത്തി വിസ്തൃതമാക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ അരങ്ങേറിയ നിരവധി യുദ്ധങ്ങൾ മൂലം രാഷ്ട്ര വിസ്തൃതി ഇന്നു കാണുന്ന നിലയിലേക്ക് പരിമിതപ്പെടുകയും ചെയ്തു. 1849 ജൂൺ 05 ന് നിലവിൽ വന്ന ഭരണഘടന രാജാവിന്റെ പരമാധികാരം അവസാനിപ്പിക്കുകയും, ഭരണഘടനാനുസൃതമായ രാജവാഴ്ചയും, പാർലമെൻററി ജനാധിപത്യവും സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്ര തലവൻ ഇപ്പോഴും രാജനേതൃത്വം ആണെകിലും, ഭരണതലവൻ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന മന്ത്രിയാണ്. ലോകത്തിലെ വളരെ വികസിച്ച രാജ്യമാണ് ഡെൻമാർക്ക്. ജനങ്ങ ളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാതിപത്യ ബോധം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്ഥാനമാണ് ഡെന്മാർക്കിനുള്ളത്. യൂറോപ്യൻ യൂണിയൻ, നാറ്റോ , യുണൈറ്റഡ് നേഷൻസ് എന്നിവയിൽ അംഗമാണ്.
അതീവഹൃദ്യമാണ് ഡെൻമാർക്കിലെ കാലാവസ്ഥ. കരയുടെ ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വർഷം മുഴുവൻ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രത്തിൽനിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെൻമാർക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തിൽ കടൽ കരയോളം തണുക്കുകയോ, വേനലിൽ അധികം ചൂടാകുകയോ ചെയ്യുന്നില്ല. തത്ഫലമായി സമുദ്രത്തിൽ നിന്ന് വീശുന്ന പശ്ചിമവാതങ്ങൾ ശൈത്യകാലത്ത് ഡെൻമാർക്കിന്റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലിൽ തണുപ്പിക്കുകയും ചെയ്യുന്നു. ഡെൻമാർക്കിന്റെ ഭൂവിസ്തൃതി വളരെ പരിമിതമായതിനാൽ ദേശവ്യത്യാസങ്ങൾക്കനുസൃതമായി കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല.
മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെൻമാർക്കിലെ നഗരങ്ങൾ. ഉന്നത ജീവിത നിലവാരവും കാര്യക്ഷമമായ സാമൂഹിക ക്ഷേമപദ്ധതികളും നഗരങ്ങളെ ചേരിവിമുക്തമാക്കിയിരിക്കുന്നു. നഗരവാസികളിൽ ഭൂരിഭാഗവും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നഗരപ്രാന്തങ്ങളിലെ കുടുംബങ്ങൾ അധികവും വെവ്വേറെ വീടുകളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്നു. സേവനവ്യവസായമാണ് നഗരങ്ങളിലെ പ്രധാന തൊഴിൽ മേഖല.
ലോകസിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകൻ കാൾ ഡ്രെയെർ (Carl Dreyer) ഡെൻമാർക്കുകാരനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ദ് പ്യാഷൻ ഒഫ് ജോൺ ഒഫ് ആർക് സിനിമാലോകത്തെ ഒരു ഉത്തമ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു. മനോഹരമായ കരകൗശല വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഒരു പ്രധാന ഉത്പാദന വിതരണ കേന്ദ്രമാണ് ഡെൻമാർക്. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക കരകൗശല പ്രദർശനശാല പ്രസിദ്ധമാണ്. ലോകത്തെ ഉന്നത ജീവിതനിലവാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്. പ്രകൃതി വിഭവങ്ങളുടെ കടുത്ത അപര്യാപ്തതയെ അതിജീവിച്ചുകൊണ്ടാണ് ഡാനിഷ് ജനത ഉയർന്ന ജീവിതനിലവാരവും സമ്പൽസമൃദ്ധിയും കൈവരിച്ചത്. ഇവിടത്തെ ഉത്പന്നങ്ങൾ ഇന്ധനത്തിനും ലോഹങ്ങൾക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.







