കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്
കൊച്ചി: പുതുവർഷാഘോഷം പ്രമാണിച്ച് കൊച്ചി മെട്രോ, വാട്ടർ മെട്രോ കൂടുതൽ സർവ്വീസുകള്‍ നടത്തും.
വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് കൊച്ചി മെട്രോ, വാട്ടർ മെട്രോ സർവീസുകൾ ദീർഘിപ്പിക്കുന്നത്.
ഡിസംബർ 26 മുതൽ ജനുവരി മൂന്ന് വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11:00 മണി വരെ സർവീസ് നടത്തും. പുതുവത്സരം (ഡിസംബർ 31) പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിട്ട് ഇടവിട്ട് സർവ്വീസ് ഉണ്ടകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1:30-ന് പുറപ്പെടും.
ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ട് മണിക്ക് പുറപ്പെടും.
ഡിസംബർ 31 ന് രാത്രിയുള്ള കൊച്ചി വാട്ടർ മെട്രോ സർവീസ് ഇടവേളയ്ക്ക് ശേഷം ഹൈക്കോർട്ട്- മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട്- വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലു മണിവരെ ഉണ്ടാകും.
കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുകയാണ്. പിങ്ക് ലൈനിലെ പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.
തൂണുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് പിയർ ക്യാപ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.
അതേസമയം, കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി മെട്രോയെ ബന്ധിപ്പിക്കുന്ന ഈ സുപ്രധാന റൂട്ടിന്‍റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എം.വി.എ. കൺസൾട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനാണ് ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള ചുമതല. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡി.പി.ആർ. അടുത്ത രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും.
ഈ പദ്ധതി ഈ മേഖലയിലെ ജനങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാസൗകര്യവും പ്രദേശത്തിന്‍റെ വളർച്ചയും ഉറപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു. കൊച്ചി നഗരവും വിമാനത്താവളവും അങ്കമാലിയുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നതോടെ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്ര സാധ്യമാകും. പുതിയ പാതയുടെ നിർമാണം പ്രദേശത്തെ വാണിജ്യ, വ്യാപാര മേഖലകളിൽ വലിയ ഉണർവുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് വ്യാപിപ്പിക്കുന്ന പാതയ്ക്ക് 17.5 കിലോമീറ്റർ ദൂരമുണ്ട്. എലിവേറ്റഡ് പാതയും ഭൂഗർഭ പാതയും ചേർന്നതാണിത്. ഡി.പി.ആർ. പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയത്തിന്‍റെ സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്‌കീമിൽ നിന്നാണ് നിർവഹിക്കുന്നത്.
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനായി കെ.എം.ആർ.എൽ. പൊതുജനങ്ങളിൽനിന്നും ആശയങ്ങളും നിർദേശങ്ങളും ക്ഷണിച്ചിരുന്നു.






