കാർമേഘങ്ങൾ ആകാശത്ത് നിന്നും മാറിയതോടെ കേരളത്തിൽ ഇന്ന് മുതൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും. പകൽ സമയങ്ങളിൽ ചൂടും കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിൽ ആണ് വ്യാഴാഴ്‌ച ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ഇരു ജില്ലകളിലും 36.6 ഡിഗ്രി താപ നിലയാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലർച്ചെയുമായി വടക്കൻ കേരളത്തിലും ഇടുക്കി, പത്തനംതിട്ട ജില്ലകളിലും തണുപ്പ് കൂടി. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് മുന്നറിയിപ്പ്. ക്രിസ്‌മസ് രാത്രിയും കേരളം തണുത്ത് വിറക്കും. നിലവിൽ വടക്കൻ ജില്ലകളിൽ 20 ഡിഗ്രി താപനില കുറഞ്ഞു. മൂന്നാറും പത്തനംതിട്ടയും വയനാടും 15 ഡിഗ്രിക്ക് താഴെയാണ് താപനില.
സാധാരണ വടക്കന്‍ തമിഴ്‌നാട് വഴിയെത്തുന്ന രീതിയിലുള്ള കാറ്റിൻ്റെ ഗതി കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലായി. ഇതോടെ വയനാടും വടക്കന്‍ ജില്ലകളും പതിവിലേറെ തണുക്കാന്‍ കാരണമായെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. തമിഴ്‌നാട് വഴി എത്തുന്ന കാറ്റാണ് തെക്കന്‍ കേരളത്തിലെത്തുന്നത്.
ഹൈറേഞ്ച് മേഖലയിലും തണുപ്പ് റെക്കോഡ് നിലയിലെത്തി. തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും കേരളത്തേക്കാള്‍ തണുപ്പുണ്ട്. ഡിസംബര്‍ രണ്ടാം വാരത്തിലെത്തിയപ്പോഴേക്കും തെലങ്കാനയില്‍ ശൈത്യ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
തുലാവര്‍ഷം വിടവാങ്ങുന്നതിന് മുന്‍പ് തെക്കന്‍ ജില്ലകളില്‍ ശൈത്യ തരംഗം വരുന്നതും അപൂര്‍വമാണ്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വിടവാങ്ങാന്‍ ഇനിയും രണ്ടാഴ്‌ചയെടുത്തേക്കും. അതേസമയം ഇന്ന് മുതൽ ഏഴു ദിവസത്തേക്കുള്ള കാലാവസ്ഥ മുന്നറിപ്പ് വരണ്ടതാണ്. തീരെ മഴ ഇല്ലാത്ത അവസ്ഥയാണ് വരണ്ട കാലാവസ്‌ഥയായി പറയുന്നത്. ആകാശത്ത് കാർമേഘങ്ങൾ ഒന്നും കാണില്ല. ഡിസംബർ പകുതിക്ക് ശേഷം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ ആദ്യ വാരങ്ങളിൽ ബംഗാൾ ഉൾക്കടലിലെ ‘ഡിറ്റ് വ’ (Ditva) ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം പകൽ സമയങ്ങളിൽ പോലും അസാധാരണമായ തണുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു
തണുപ്പിൽ സുന്ദരിയായി ഇടുക്കി
തണുപ്പ് കൂടിയതോടെ അതിസുന്ദരിയായി നിൽക്കുകയാണ് ഇടുക്കി. മഞ്ഞിൽ മുങ്ങിയ തേയിലക്കാടുകളും താഴ്‌വാരങ്ങളും തടാകങ്ങളും പുൽമേടുകളുമൊക്കെയായി എങ്ങും കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്‌ചകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിൽ താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കും. അവധിക്കാലം എത്തുന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആയിരിക്കും.







