ലോകം ഭയന്ന വൈറസുകള്‍, കേരളത്തില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്‌തത് മൂന്നെണ്ണം

0
55

2025 ൽ വ്യാപിച്ച പകർച്ചവ്യാധികളുടെ സ്വഭാവം, ഘടന, പ്രതിരോധം, കണ്ടെത്തൽ, സങ്കീർണത എന്നിവ കൂടുതൽ പരിശോധിക്കാം.

 

ഗോളതലത്തിൽ മാനവരാശിക്ക് ഭീഷണി സൃഷ്‌ടിക്കുന്ന ഒന്നാണ് പകർച്ചവ്യാധികൾ. 2025 ലും ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി പകർച്ചവ്യാധികൾ ഉയർന്നുവന്നു. പുതിയതും പഴയതുമായ നിരവധി പകർച്ചവ്യാധികൾ ഈ വർഷവും ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ഈ വര്‍ഷം ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്‌ത മാരക രോഗങ്ങളില്‍ കേരളത്തില്‍ നിന്നും മൂന്നെണ്ണമുണ്ട്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒന്നിനുപുറകെ ഒന്നായി പകർച്ചവ്യാധികളും അണുബാധകളും പിടിമുറുക്കിയ 12 മാസങ്ങളാണ് അതിജീവിക്കേണ്ടി വന്നത്. ആഗോളതലത്തിൽ എത്യോപ്യയിലെ മാർബർഗ്, എച്ച്എംപിവി, അമീബിക് മസ്‌തിഷ്‌ക ജ്വരം, നിപ, ഡങ്കി, ഗില്ലിൻ-ബാരെ സിൻഡ്രോം, മെലിയോയിഡോസിസ് തുടങ്ങി മുന്‍പ് കണ്ടിട്ടുള്ളതും കാണാത്തതുമായ നിരവധി രോഗങ്ങളാണ് സ്ഥിരീകരിച്ചത്. അവയിൽ ഭൂരിഭാഗവും മരണം വരെ സംഭവിക്കാവുന്നതാണെന്നത് ഭീതികരം.

2025 ലെ പകർച്ചവ്യാധികളുടെ സ്വഭാവം, ഘടന, പ്രതിരോധം, കണ്ടെത്തൽ, സങ്കീർണത എന്നിവ കൂടുതൽ പരിശോധിക്കാം.

കേരളത്തിൽ പിടിമുറുക്കിയ രോഗങ്ങൾ

അമീബിക് മസ്‌തിഷ്‌ക ജ്വരം

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഈ വർഷം മാത്രം ഏകദേശം 170 കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. മരണ നിരക്ക് വളരെയധികം കൂടുതലുള്ള രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് ആഗോള തലത്തില്‍ ആശങ്ക പരത്തിയിരുന്നു.

സാധാരണയായി വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടാകുന്നത്. കുളങ്ങളിലും കിണറുകളിലും കെട്ടികിടക്കുന്ന ജലത്തിലും നീന്തൽക്കുളങ്ങളിലും അമീബ വളരുന്നു. അവ മൂക്കിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്.

മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയും ചെയ്യുന്നതാണ് രോഗ രീതി.

എന്നാൽ ഇതൊരു പകർച്ചവ്യാധിയായി സ്ഥിരീകരിച്ചിട്ടില്ല. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. താപനില ഉയരുമ്പോഴുമാണ് ശുദ്ധജല സ്രോതസ്സുകളിൽ ബാക്‌ടീരിയ വളരുന്നത്. കാലാവസ്ഥാ വ്യതിയാനം, ജല സംവിധാനങ്ങൾ എന്നിവ ഇവയുടെ വളർച്ചയിലെ മറഞ്ഞിരിക്കുന്ന സ്രോതസുകളാണ്.

ലക്ഷണങ്ങൾ

  • തീവ്രമായ തലവേദന
  • പനി
  • ഛർദ്ദി
  • കഴുത്ത് വേദനയും തിരിക്കാൻ ബുദ്ധിമുട്ടും
  • വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ

നിപ വൈറസ് ബാധ

കൊവിഡിനൊപ്പം മലയാളികളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ് നിപ വൈറസ് ബാധ. നിപ്പ വൈറസ് പ്രധാനമായും രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ അവയുടെ ദ്രാവകങ്ങളിലൂടെയോ പകരുന്നു. അണുബാധയുടെ പ്രാഥമിക ഉറവിടം വവ്വാലുകളാണ്. മരണത്തിലേക്ക് വരെ നയിക്കുന്ന വൈറസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത ലോകത്ത് തന്നെ ആശങ്ക ഉയര്‍ത്തിയിരുന്നു.

1998 ലും 1999 ലും മലേഷ്യയിലും സിംഗപ്പൂരിലും വളർത്തു പന്നികളിലാണ് ഇത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളായി ഇന്ത്യയിൽ നിപ്പ വൈറസിൻ്റെ നിരവധി പൊട്ടിപ്പുറപ്പെടലുകൾ ഉണ്ടായിട്ടുണ്ട്. 2025-ൽ കേരളത്തിൽ നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഏറ്റവും പുതിയതായി കേരളത്തിലെ തെക്കൻ സംസ്ഥാനങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചത്.

ലോകാരോഗ്യ സംഘടനയുടെയും (WHO) സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം പ്രധാനമായും മലപ്പുറം, പാലക്കാട് ജില്ലകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചു.

2025-ലെ നിപ സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ,

സ്ഥിരീകരിച്ച കേസുകൾ: കേരളത്തില്‍ 2025 മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നാല് സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്‌തു.

മരണങ്ങൾ: റിപ്പോർട്ട് ചെയ്‌ത നാല് കേസുകളിൽ രണ്ട് പേർ മരണപ്പെട്ടു. ഇതിൽ മലപ്പുറം സ്വദേശിയായ 18 വയസmgകാരിയും പാലക്കാട് സ്വദേശിയായ 58 വയസുകാരനും ഉൾപ്പെടുന്നു.

ബാധിച്ച ജില്ലകൾ:

മലപ്പുറം: ഏപ്രിൽ അവസാനത്തോടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത് മലപ്പുറത്താണ്. വാലഞ്ചേരി സ്വദേശിയായ 42 വയസ്സുകാരിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

പാലക്കാട്: ജില്ലയിൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്‌ത വർഷമാണ് 2025. കുമരംപുത്തൂർ സ്വദേശിയായ ഒരാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ലക്ഷണങ്ങൾ

  • പനി
  • തലവേദന
  • പേശി വേദന ( മ്യാൽജിയ )
  • ഛർദ്ദി
  • തൊണ്ടവേദന

ജിബിഎസ്

ഗുയിലെയ്ൻ-ബാരെ സിൻഡ്രോം (GBS) എന്നത് അപൂർവവും വളരെ ഗുരുതരവുമായ ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്. ഇത് ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തെയും ഞരമ്പുകളെയും ആക്രമിക്കുന്നു. ജിബിഎസ് എല്ലാ പ്രായക്കാരെയും ബാധിക്കാമെങ്കിലും, ജലദോഷം, പനി, ദഹനനാള അസുഖം, അല്ലെങ്കിൽ കൊവിഡ് -19 പോലുള്ള വൈറൽ രോഗങ്ങൾ തുടങ്ങിയ സമീപകാല അണുബാധകൾക്ക് ശേഷമാണ് ഇത് പലപ്പോഴും പിടിപെടുന്നത്. കേരളത്തിൽ കൊച്ചിയിലാണ് ആദ്യ ജിബിഎസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണം ഈ വർഷം ഫെബ്രുവരിയിലായിരുന്നു.

കർണാടകയിലെ എച്ച്എംപിവി

ചൈനയിൽ പൊട്ടിപുറപ്പെട്ട് ലോകം മുഴുവൻ വ്യാപിച്ച കൊവിഡ് മഹാമാരിക്ക് ശേഷം മറ്റൊരു വൈറസ് കൂടി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജനുവരി ആദ്യം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കർണാടകയിൽ രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് കേസുകൾ സ്ഥിരീകരിച്ചു.

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. പ്രതിരോധശേഷി കുറഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത് എന്നാണ് പഠനം.

ലക്ഷണങ്ങൾ

  • പനി
  • കഫകെട്ട്
  • ശ്വാസ തടസം
  • മൂക്കടപ്പ്
  • ന്യുമോണിയ സമാന ലക്ഷണങ്ങൾ

ആന്ധ്രപ്രദേശിലെ മെലിയോയിഡോസിസ്

മെലിയോയ്‌ഡോസിസ്, വിറ്റ്‌മോർസ് രോഗം എന്നും അറിയപ്പെടുന്നു. ഇത് ബർഖോൾഡേരിയ സ്യൂഡോമല്ലി മൂലമുണ്ടാകുന്ന ഒരു ബാക്‌ടീരിയ അണുബാധയാണ്. തെക്കുകിഴക്കൻ ഏഷ്യയിലും വടക്കൻ ഓസ്‌ട്രേലിയയിലും രോഗം വ്യാപകമാണ്. ഈ വർഷം ആന്ധ്രപ്രദേശിലും രോഗം സ്ഥിരീകരിക്കുകയുണ്ടായി. ആന്ധ്രപ്രദേശിലെ തുരകപാലെമിൽ ഗുരുതരമായ രക്തപ്രവാഹ അണുബാധയുടെ ലക്ഷണങ്ങളുമായി ആളുകൾ വന്നുകൊണ്ടിരുന്നു.

സെപ്റ്റംബർ 2 നും 7 നും ഇടയിൽ, സംശയ്‌സ്‌പദമായ രോഗലക്ഷണങ്ങൾ കണ്ട എഴുപത്തിരണ്ട് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് രോഗമ സ്ഥിരീകരിച്ചത്. ചെളി, മണ്ണ്, കെട്ടിക്കിടക്കുന്ന വെള്ളം എന്നിവയിൽ മെലിയോയിഡോസിസ് വളരുന്നു. മുറിവുകളിലൂടെ ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നു. ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അധികം പടരുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല.

എത്യോപ്യയിലെ മാർബർഗ്

എത്യോപ്യയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട വൈറസ് രോഗബാധയാണ് മാർബർഗ്. 2025 നവംബറിൽ തെക്കൻ എത്യോപ്യയിലെ ജിങ്കാ നഗരത്തിൽ ആദ്യമായി സ്ഥിരീകരിക്കുകയായിരുന്നു ഈ വൈറസ് (ലോകത്തിലെ ഏറ്റവും ഭയാനകമായ രക്തസ്രാവ പനികളിൽ ഒന്ന്). എബോളയുമായി ബന്ധമുള്ളതും ഉയർന്ന മരണനിരക്കുള്ളതുമായ ഈ വൈറസ് രാജ്യത്തിന് വലിയ ആശങ്ക സൃഷ്‌ടിച്ചു. പതിനാറ് കേസുകളും പതിനൊന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. മരണനിരക്ക് 60% ൽ കൂടുതലാണ്.

രോഗബാധിതരായ വ്യക്തികളിലൂടെ, രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം പടരുന്നു.

പ്രധാന ലക്ഷണങ്ങൾ

  • പനി
  • കഠിനമായ തലവേദന
  • പേശിവേദന
  • ചർമ്മത്തിലെ തടിപ്പ്

കൊവിഡിന് ശേഷം ആളുകളുടെ പ്രതിരോധ ശേഷി കുറഞ്ഞതായുള്ള പഠനങ്ങളെ ശരിവക്കുന്നതാണ് ഇത്തവണത്തെ പകർച്ചവ്യാധികളുടെ കണക്കുകള്‍. വർഷം തോറും പുതുതായി റിപ്പോർട്ട് ചെയ്യുന്ന അസുഖങ്ങളും ആരോഗ്യ മേഖലക്ക് നിരന്തര വെല്ലുവിളി സൃഷ്‌ടിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here