കൊളംബോ: ഡിറ്റ് വാ ചുഴിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയില്‍ വീണ്ടും മണ്ണിടിച്ചില്‍ മുന്നറിയിപ്പ്. മഴക്കെടുതി മൂലം മരണ സംഖ്യ 607 ആയി ഉയരുന്നതിനിടെയാണ് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.നാഷണൽ ബിൽഡിംഗ് റിസർച്ച് ഓർഗനൈസേഷൻ (NBRO) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കനത്ത മഴ മലനിരകളിലെ മണ്ണ് കൂടുതല്‍ നനയാന്‍ കാരണമാകുകയും അവ കൂടുതല്‍ അസ്ഥിരമാകാന്‍ സാധ്യതയുണ്ടെന്നുമാണ് മലനിരകളുടെ സ്ഥിരത നിരീക്ഷിക്കുന്ന നാഷണൽ ബിൽഡിംഗ് റിസർച്ച് ഓർഗനൈസേഷൻ അറിയിച്ചിരിക്കുന്നത്.
“കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 150 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പെയ്‌തത്. ഇതേ അളവില്‍ മഴ തുടർന്നാൽ മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. അപകടം ഒഴിവാക്കാൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക”, എൻബിആർഒ പ്രസ്‌താവനയിൽ പറഞ്ഞു. മൺസൂൺ മഴ ആരംഭിച്ചതാണ് പുതിയ വെള്ളപ്പൊക്കത്തിന് കാരണമായതെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയുണ്ടായ ഡിറ്റ് വാ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 607 ആയി ഉയർന്നുവെന്ന് ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. 214 പേരെ കാണാതായെന്നും രണ്ട് ദശലക്ഷത്തിലധികം ജനങ്ങളുടെ ജീവിത ദുരിതത്തിലാണെന്നും ദുരന്ത നിവാരണ സേന പറഞ്ഞു. അതേസമയം കൊളംബോയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കം കുറഞ്ഞതോടെ സർക്കാർ നടത്തുന്ന അഭയാർത്ഥി ക്യാമ്പുകളിലെ ആളുകളുടെ എണ്ണം 225,000 ആയിരുന്നത് 150,000 ആയി കുറഞ്ഞു.
നേരത്തെ സ്ഥിരീകരിക്കാതിരുന്ന ഉയർന്ന മണ്ണിടിച്ചില്‍ സാധ്യതകളുള്ള പ്രദേശങ്ങളെയും ഇത്തവണ ഉള്‍പ്പെടുത്തിയെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരങ്ങളില്‍ നിന്ന് മാറി താമസിച്ചവര്‍ അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ തിരിച്ചു പോകാന്‍ പാടുള്ളുവെന്നും അവര്‍ അറിയിച്ചു.
പുതിയ ഐഎംഎഫ് ചർച്ചകൾ
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ധനസഹായത്തിനായി ഐഎംഎഫിനോട് പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ചര്‍ച്ചകള്‍ നടത്തി. ഡിസംബർ 15 ന് ഐഎംഎഫ് 347 മില്യൺ ഡോളർ അംഗീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വലിയ തുക ചർച്ച ചെയ്യാൻ ഞങ്ങള്‍ കൂടുതൽ സമയം അഭ്യർത്ഥിച്ചുവെന്ന് അദ്ദേഹം പാര്‍ലമെൻ്റ് സമ്മേളനത്തില്‍ വിശദീകരിച്ചു.
“ഡിസംബർ 15 ന് ഐഎംഎഫ് ബോർഡ് 347 മില്യൺ ഡോളർ അനുവദിക്കുന്നതിന് ഒപ്പുവെക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വലിയ ഗഡു ചർച്ച ചെയ്യാൻ ഞങ്ങൾക്ക് സമയം ആവശ്യമുള്ളതിനാൽ അത് മാറ്റിവയ്ക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു,” ദിസനായകെ പറഞ്ഞു. ദ്വീപിലുടനീളമുള്ള ദുരന്തത്തെത്തുടർന്ന് രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി ശോഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വാഷിങ്ടണുമായി പുതിയ വായ്‌പ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ പരിശ്രമം
ഗാംപോള എന്ന മധ്യ പട്ടണത്തിൽ, ചെളി നീക്കം ചെയ്യുന്നതിനും നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതിനും നാട്ടുകാരും പങ്കാളികളായി. “ഈ ശുചീകരണത്തിൽ സഹായിക്കാൻ മറ്റ് പ്രദേശങ്ങളിൽ നിന്ന് വോളണ്ടിയർമാരെ ഞങ്ങൾ എത്തിക്കുന്നുണ്ട്” മുസ്ലീം പുരോഹിതൻ ഫലീൽദീൻ ഖാദിരി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വീട് വൃത്തിയാക്കാൻ ഒരു ദിവസം മുഴുവൻ 10 പുരുഷന്മാർ വേണ്ടിവരുമെന്ന് റിനാസ് എന്ന വോളണ്ടിയര്‍ പറഞ്ഞു. “സഹായമില്ലാതെ ആർക്കും ഇത് ചെയ്യാൻ കഴിയില്ല”, റിനാസ് കൂട്ടിച്ചേര്‍ത്തു.
ബ്രൂം ആർമി
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ സൈന്യം അറിയിച്ചു. പുനർനിർമ്മാണച്ചെലവ് ആറ് ബില്യൺ മുതൽ ഏഴ് ബില്യൺ ഡോളർ വരെയാണെന്ന് കണക്കാക്കിയതായി ദുരിതാശ്വാസ ചുമതലയുള്ള ഉദ്യോഗസ്ഥനായ എസൻഷ്യൽ സർവീസസ് കമ്മിഷണർ ജനറൽ പ്രബാത്ത് ചന്ദ്രകീർത്തി പറഞ്ഞു.
വീടുകൾ പുനർനിർമ്മിക്കുന്നതിനും ഉപജീവനമാർഗങ്ങൾ സൃഷ്‌ടിക്കുന്നതിനും നഷ്‌ട പരിഹാരം നല്‍കുന്നതിനായുള്ള നിരവധി നടപടികൾ ദിസനായകെ പ്രഖ്യാപിച്ചു. റോഡുകൾ, പാലങ്ങൾ, വീടുകൾ, വ്യവസായങ്ങൾ എന്നിവയ്ക്കുണ്ടായ വ്യാപകമായ നാശനഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ സംഭാവനകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ദുരന്തത്തിൽ കുടുങ്ങിയ ഏകദേശം 300 വിനോദസഞ്ചാരികളെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയതായി ടൂറിസം മന്ത്രാലയം പറഞ്ഞു. “പുനർനിർമ്മിക്കാൻ ടൂറിസം വരുമാനം ആവശ്യമാണ്” ഡെപ്യൂട്ടി ടൂറിസം മന്ത്രി റുവാൻ രണസിംഗെ കൊളംബോയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.








