കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. തോടന്നൂർ സ്വദേശി ബിതുൽ ബാലന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ രണ്ടരയോട് കൂടിയാണ് മൂന്നംഗ അക്രമി സംഘം എത്തിയത്.
ഗേറ്റിന് പുറത്തെത്തി ഇവർ ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിതുൽ ബാലന്‍റെ മാതാപിതാക്കൾ മാത്രമാണ് ബോംബേറിഞ്ഞ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങുന്ന റൂമിന് നേരെയാണ് ബോംബെറിഞ്ഞതെന്നും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്നും നാട്ടുകാർ പറഞ്ഞു.
ശാന്തമായ അന്തരീക്ഷത്തിൽ ആളുകൾ ജീവിക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭവം നടന്നതെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങളും അപകട ഭീഷണിയിൽ ആണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മന്ത്രിക്കെതിരെ പ്രതിഷേധിച്ച ബിതുൽ ബാലന്‍ അടക്കം 5 കെഎസ്‌യു പ്രവർത്തകർ റിമാന്‍ഡിലാണ്. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകരാണ് റിമാന്‍ഡിലായത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അക്രമികൾ ആയുധം ഉപയോഗിച്ചതായും എഫ്ഐആറിൽ പരാമർശമുണ്ട്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ മന്ത്രിയെ കൈയ്യേറ്റം ചെയ്‌തൂവെന്നാണ് പൊലീസും സിപിഎമ്മും ആരോപിക്കുന്നത്. ഈ തള്ളിക്കയറ്റത്തിനിടയിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതിനെ തുടർന്ന് അവരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് ഡിസ്‌ചാർജ് ആയ മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. തുടർ ചികിത്സ തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ ആയിരിക്കും. അതേസമയം മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും ഇതൊരു ‘നാടകമാണെന്നുമാണ്’ കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ പറയുന്നത്. മന്ത്രിയുടെ ഗൺമാന്‍റെ കൈ തട്ടിയാവാം മന്ത്രിക്ക് പരിക്കേറ്റതെന്ന വാദവുമായി കെഎസ്‌യു വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടൂവെന്നും രക്തസമ്മര്‍ദം സാധാരണ നിലയിലായെന്നും ഇന്നലെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രി ഡിസ്‌ചാര്‍ജ് ആവശ്യപ്പെട്ടത്. അതേസമയം മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന സംഭവത്തില്‍ രാഷ്‌ട്രീയ പോരും വിമര്‍ശനങ്ങളും മുറുകുകയാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് വിട്ടാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കെഎസ്‌യു പ്രഖ്യാപിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്.
എന്നാല്‍ മന്ത്രിക്ക് നേരെ വധശ്രമമാണ് ഉണ്ടായതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം. മന്ത്രി ആക്രമിക്കപ്പെട്ടൂവെന്ന് പറയുന്നതിന്‍റെ നിരവധി ദൃശ്യങ്ങള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അതിലൊന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലെന്നതാണ് മറ്റൊരു വാസ്‌തവം. അതുകൊണ്ട് തന്നെ സിപിഎമ്മിന്‍റെ വാദങ്ങള്‍ക്ക് തെളിവുമില്ല.
ഫെബ്രുവരി 25നാണ് മന്ത്രിക്കെതിരെ കണ്ണൂരില്‍ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ജില്ലയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. മന്ത്രി പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനിടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തുകയായിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിനും കൈയ്‌ക്കും പരിക്കേറ്റത്.









