പോഷ് നിയമം (Sexual Harassment of Women at Workplace Act)

0
42
ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്നതിനും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചു കൊണ്ടും കേന്ദ്രഗവണ്മെന്റെ പാസ്സാക്കിയ നിയമമാണ് ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനം(തടയലും, നിരോധനവും പരിഹാരവും) നിയമം 2013 (Sexual Harassment of Women at Workplace (Prevention, Prohibition and Redressal ) Act 2013.  ഇന്ത്യൻ ഭരണഘടനയുടെ 14,15,21 അനുഛേദങ്ങൾക്കനുസൃതമായും,1989 -ൽ യു എൻ പാസ്സാക്കിയ സ്ത്രീകൾക്ക് നേരെയുള്ള വിവേചന ഉന്മൂലന ഉടമ്പടി 25-6-1993 നു ഇന്ത്യ സ്ഥിരീകരിച്ച പ്രകാരവും, 1997 ലെ വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ ബഹു: സുപ്രീം കോടതിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരവും, ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുണ്ടാവുന്ന പീഡനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കി 22-4-2013 തിയ്യതി രാഷ്ട്രപതി ഒപ്പുവച്ച 9-12-2013 തിയ്യതി പ്രാബല്യത്തിൽ വന്ന നിയമമാണിത്.  ഈ നിയമം ജോലിസ്ഥലങ്ങളിൽ ലൈംഗികാതിക്രമങ്ങൾ തടയുകയും, സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിനായി, സ്ഥാപനങ്ങളിൽ ഒരു പരാതി പരിഹാര സംവിധാനം (Internal Committee) രൂപീകരിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ബാധകമാണ്.  ഇന്ത്യയിലെ സർക്കാർ ഓഫീസുകൾ, പൊതു സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്റ്റേഡിയം, സ്പോർട്സ് കോപ്ലക്സ്, സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട്, കളി സ്ഥലങ്ങൾ,ഡിപ്പാർട്ട്മെന്റ്, സംഘടന, സ്ഥാപനങ്ങൾ,സംരംഭങ്ങൾ, മറ്റു ജോലി സ്ഥലങ്ങൾ തുടങ്ങിയ സ്ത്രീകൾ ജോലിചെയ്യുന്നതും ജോലി ആവശ്യാർഥവും എത്താനിടയുള്ളതുമായ എല്ലാ സ്ഥലങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. സ്ത്രീകളുടെ സ്ഥാപനത്തിലെ ജോലി സ്ഥിരമായതോ, താലക്കാലികമായതോ , ദിവസകൂലിക്കോ എന്നുള്ള വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ജോലിക്കാരായ സ്ത്രീകൾക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കും.

ജോലിക്കാരായ സ്ത്രീകൾക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മറ്റ് സ്ത്രീകൾക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വീടുകളിൽ പ്രതിഫലം പറ്റി ജോലി ചെയ്യുന്ന സ്ത്രീകളെയും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഈ നിയമത്തിലെ 3-ആം വകുപ്പ പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളിൽ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പർശനങ്ങളും, ലൈംഗിക ആഭിമുക്യം ആവശ്യപ്പെടുക, ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ, ലൈംഗിക ചുവയുള്ള ചിത്രങ്ങൾ കാണിക്കൽ, തുടങ്ങിയ സ്വാഗതാർഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവർത്തികളും ലൈംഗിക പീഡനം എന്ന കൃത്യത്തിൽ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പ്രവർത്തികളും പെരുമാറ്റങ്ങളും ലൈംഗിക പീഡനകുറ്റകൃത്യമായി കണക്കാക്കുന്ന സന്ദർഭങ്ങള് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീ ജോലിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യക്ഷമായോ പരോക്ഷമായോ മുന്തിയ പരിണന വാഗ്ദാനം ചെയ്യൽ, ജോലിക്ക് ഹാനികരമായേക്കാവുന്ന പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികൾ, നിലവിലുള്ളതോ ഇനി കിട്ടുവാൻ പോകുന്നതോ ആയ സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികൾ, സ്ത്രീ ജോലിക്കാരിയുടെ ജോലിയിലുള്ള അനാവശ്യമായ ഇടപെടലുകൾ, ജോലിക്ക് പ്രതികൂലമായ ചുറ്റുപാടുകൾ സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തികളും പെരുമാറ്റങ്ങളും, സ്ത്രീ ജോലിക്കാരിയുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന അപമാനകരമായ പ്രവർത്തികളും ലൈംഗിക പീഡനമെന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.

ലക്ഷ്യം: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതവും, ലൈംഗികാതിക്രമരഹിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
    • നടപ്പിലാക്കൽ: എല്ലാ സ്ഥാപനങ്ങൾക്കും (സ്വകാര്യ, പൊതുമേഖല) പോഷ് നിയമം നിർബന്ധമാണ്. ഇതിനായി, ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാനും പരിഹരിക്കാനും ഒരു ‘ഇൻ്റേണൽ കമ്മിറ്റി’ രൂപീകരിക്കേണ്ടത് തൊഴിലുടമയുടെ ചുമതലയാണ്.
    • ചെറിയ സ്ഥാപനങ്ങൾ: പത്തിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇൻ്റേണൽ കമ്മിറ്റി രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അത്തരം പരാതികൾ കൈകാര്യം ചെയ്യാൻ ഓരോ ജില്ലാ ഓഫീസറും ഒരു ‘ലോക്കൽ കമ്മിറ്റി’ രൂപീകരിക്കണം.
  • വിശദീകരണം: ഈ നിയമം 1997-ലെ ‘വിശാഖ മാനദണ്ഡങ്ങൾക്ക്’ പകരമായി വന്നതാണ്. അത് ജോലിസ്ഥലത്തെ ലൈംഗികാതിക്രമം നിർവചിക്കുകയും പരാതി നൽകുന്നതിനും അന്വേഷിക്കുന്നതിനും വേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു. 

 

LEAVE A REPLY

Please enter your comment!
Please enter your name here