സെൻയാർ’ എത്തി സിംഹം’: ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തിൽ 3 ജില്ലകളിൽ യെല്ലോ അലർട്ട്

0
22

ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നതിനാൽ നേരിട്ട് ബാധിക്കില്ല. ശ്രീലങ്കയ്ക്ക് സമീപമുള്ള ന്യൂനമർദം മൂലമാണ് മഴ. ശബരിമല തീർഥാടകരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കാസർകോട്: മലാക്ക കടലിടുക്കിനു മുകളിലുള്ള തീവ്ര ന്യൂനമർദം സെൻയാർ എന്ന ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശ്രീലങ്കയ്ക്ക് സമീപമുള്ള തീവ്ര ന്യൂനമർദത്തിൻ്റെ ഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

ഇന്നു പുലർച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) നിർദേശിച്ച സെൻയാർ അഥവാ സെൻ-യാർ എന്ന പേരാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്. അറബിയിൽ സിംഹം എന്നാണ് ഈ വാക്കിൻ്റെ അർഥം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റിൻ്റെ തീവ്രത നിലനിർത്താനും പിന്നീട് ക്രമേണ ദുർബലമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ഒരേസമയം രൂപപ്പെട്ട രണ്ട് കാലാവസ്ഥ പ്രതിഭാസങ്ങൾ ദക്ഷിണേന്ത്യയിലെ കാലാവസ്ഥയെ സമ്മിശ്രമായി ബാധിക്കുന്നുണ്ട്. മലാക്ക കടലിടുക്കിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തുനിന്നും അകന്നുപോകുന്ന ദിശയിലാണ് സഞ്ചരിക്കുന്നത്. അതിനാൽ ഇതിൻ്റെ നേരിട്ടുള്ള സ്വാധീനം കേരളത്തിലോ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലോ ഉണ്ടാകില്ല എന്നത് ആശ്വാസകരമാണ്.

തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമാനമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. ഇതിൻ്റെ ഫലമായാണ് തെക്കൻ കേരളത്തിലെ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയുടെ ശക്തി കുറയുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. വടക്കു-കിഴക്കൻ മൺസൂൺ (തുലാവർഷം) അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ബംഗാൾ ഉൾക്കടലിൽ ഇത്തരം മാറ്റങ്ങൾ ദൃശ്യമാകുന്നത്.

ശബരിമല തീർഥാടനം: ജാഗ്രത വേണം

പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല തീർഥാടന കാലമായതിനാൽ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സ്നാനഘട്ടങ്ങളിൽ തീർഥാടകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശമുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിൻ്റെ പ്രത്യേകതയെന്നതിനാൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരും വൈകുന്നേരങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.

മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

മഴ കുറവാണെങ്കിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിൻ്റെയും ന്യൂനമർദത്തിൻ്റെയും സ്വാധീനത്താൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ ഇത് 60 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. തീരദേശവാസികൾ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വള്ളങ്ങളും ബോട്ടുകളും സുരക്ഷിതമായി കെട്ടിയിടാനും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനും നിർദേശമുണ്ട്.

ശ്രീലങ്കയ്ക്ക് സമീപമുള്ള തീവ്ര ന്യൂനമർദം തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതോടെ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിൻ്റെ തെക്കൻ തീരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ സിസ്റ്റം കരകയറുന്നതോടെ കേരളത്തിലെ കിഴക്കൻ കാറ്റിൻ്റെ ഗതിയിലും മാറ്റം വരും. നിലവിൽ കേരളത്തിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയ്ക്കും മാറ്റം വന്നേക്കാം. വരും ദിവസങ്ങളിൽ പകൽ താപനിലയിൽ നേരിയ വർധനവുണ്ടാകാനും സാധ്യതയുണ്ട്.

കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ കാലാവസ്ഥാ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. സെൻയാർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയല്ലെങ്കിലും കടലിലെ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here