തിരുവനന്തപുരത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും; വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും വഴിതിരിച്ചുവിട്ടു

0
33

തിരുവനന്തപുരം വിമാനത്താവളത്തിൽ കനത്ത മഴയും മൂടൽമഞ്ഞും. വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുന്നില്ല. രണ്ട് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.

തിരുവനന്തപുരം: കനത്ത മഴയും മൂടല്‍ മഞ്ഞും മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങൾക്ക് ഇറങ്ങാൻ പ്രയാസം നേരിടുന്നതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു . മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യാ വിമാനമാണ് ഇവയിലൊന്ന്. വെളളിയാഴ്ച രാത്രി എട്ടോടെ എത്തേണ്ടിയിരുന്ന വിമാനമാണിത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്കാണ് ഈ വിമാനത്തെ തിരിച്ചു വിട്ടിരിക്കുന്നത്. 157 യാത്രക്കാരുണ്ട് ഈ വിമാനത്തിൽ. ആറു വിമാന ജീവക്കാരുമുണ്ട്.

വഴി തിരിച്ചു വിട്ട മറ്റൊരു വിമാനം ഷാര്‍ജയില്‍ നിന്നെത്തിയതാണ്. വെള്ളിയാഴ്ച വൈകിട്ട് 6:35ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനമാണിത്. ഈ വിമാനം കൊച്ചിയിലേക്കാണ് വഴി തിരിച്ചുവിട്ടത്. ഈ വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അതെസമയം വെള്ളിയാഴ്ച എട്ടരയോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ഓറഞ്ച് അലേർട്ട് (നൗകാസ്റ്റ്) തിരുവനന്തപുരത്ത് ഇപ്പോഴും തുടരുകയാണ്. ഏറ്റലുമൊടുവിൽ വന്ന അപ്ഡേറ്റ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ അലേർട്ട് അടുത്ത മൂന്ന്‌ മണിക്കൂർ മാത്രമാണെന്നും പറയുന്നുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

22/11/2025 : തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here