ലൈറ്റിട്ട് ഉറങ്ങുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍റെ വിശദീകരണം ഞെട്ടിക്കുന്നത്.
ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും അത്യുത്തമമാണ് കൃത്യമായ ഉറക്കമെന്നത്. ശരിയായ ഉറക്കം ദിവസം മുഴുവന്‍ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയുമിരിക്കാന്‍ സഹായകരമാകും. വെറുതെ ഉറങ്ങിയാല്‍ മാത്രം പോരാ. മറിച്ച് ഉറങ്ങുന്ന സമയവും അതുപോലെ പ്രധാനമാണ് ഉറക്കത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലവും.
മുറിക്കുള്ളില്‍ ചെറിയ ലൈറ്റിട്ട് കിടന്നുറങ്ങുന്ന നിരവധി പേരുണ്ട്. മറ്റ് ചിലര്‍ കിടക്കുന്ന മുറിയിലല്ലെങ്കിലും അവിടേക്ക് അല്‍പം വെളിച്ചമെത്തുന്ന രീതിയില്‍ വീടിനുള്ളില്‍ ലൈറ്റ് ഓണാക്കി ഉറങ്ങാന്‍ കിടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഉറക്കം ശരിയായ ഉറക്കമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വെളിച്ചമേറ്റ് കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അടക്കം കാരണമായേക്കാമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉറങ്ങുന്ന സമയം ശരീരത്തിലേക്ക് ലൈറ്റ് അടിക്കുന്നത് തലച്ചോറിൽ സമ്മർദ്ദം ചെലുത്തപ്പെടാന്‍ കാരണമാകും. ഇത് ധമനികളില്‍ വീക്കത്തിനും ഹൃദയാഘാതത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ.
പൂർണമായ ഇരുട്ടിൽ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരം ആകുമെന്ന മുൻകാല പഠനങ്ങളെ തിരുത്തിയെഴുതുന്നതാണ് പുതിയ പഠനം. ലോസ് ഏഞ്ചൽസിലാണ് ഇത് സംബന്ധിച്ചുള്ള പഠനം നടന്നത്. ന്യൂ ഓർലിയാൻസിൽ നവംബർ 7 മുതൽ 10 വരെ നടന്ന സയൻ്റിഫിക് സെഷൻസിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഈ പഠനത്തെ കുറിച്ച് വിശദീകരിച്ചു.
വിഷയം സംബന്ധിച്ചുള്ള പഠനം നിരവധി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. പഠനത്തിൻ്റെ ഭാഗമായി 10 വർഷത്തിനുശേഷം പങ്കെടുത്ത ആളുകളിൽ സ്‌കാനുകൾ നടത്തി റിപ്പോർട്ടുകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. പങ്കെടുത്തവരുടെ ശരാശരി പ്രായം 55 ആയിരുന്നു. 44 ശതമാനം പേരും പുരുഷന്മാരായിരുന്നു.
പല ഗ്രൂപ്പുകളാക്കി തിരിച്ചാണ് പഠനം നടത്തിയത്. 2022ൽ നടത്തിയ ഒരു പഠനത്തിൽ, ഒരു കൂട്ടം ആളുകള്‍ 100 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങി. ശരാശരി കിടപ്പുമുറിയിലെ ലൈറ്റിലെ ഏറ്റവും താഴ്ന്ന നിലയിലാണിത്. മറ്റൊരു കൂട്ടം ആളുകൾ 3 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിലും ഉറങ്ങി.
3 എൽഎക്‌സ് വെളിച്ചത്തിൽ ഉറങ്ങിയ ആളുകളുടെ ഹൃദയാരോഗ്യത്തേക്കാൾ മോശപ്പെട്ട നിലയിലാണ് ആദ്യ ഗ്രൂപ്പായ 100 എൽഎക്‌സിൽ താഴെയുള്ള മങ്ങിയ വെളിച്ചത്തിൽ ഉറങ്ങിയവരുടെ ഹൃദയാരോഗ്യം. ആദ്യ ഗ്രൂപ്പിൽ വർധിച്ച ഹൃദയമിടിപ്പ്, കുറഞ്ഞ ഉറക്കം, ഇൻസുലിൻ അളവ് കുറയൽ എന്നിവ പ്രകടമായതായാണ് റിപ്പോർട്ടുകൾ.
പങ്കെടുത്തവരിൽ സിടി സ്‌കാൻ, പെറ്റ് സ്‌കാൻ, ഇമേജ് സ്‌കാൻ എന്നിവയാണ് നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 17 ശതമാനം പേർക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടായതായി പഠന റിപ്പോർട്ടുകൾ പറയുന്നു. രാത്രിയിൽ വെളിച്ചത്തിൻ്റെ എക്സ്പോഷർ വർധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗ സാധ്യതയും വർധിച്ചതായി വിദഗ്‌ദർ കണ്ടെത്തി.
ഉറക്കത്തിൻ്റെ രീതിയും സമയവുമെല്ലാം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനാൽ പൂർണമായ ഇരുട്ടിൽ ഉറങ്ങുന്നതാണ് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നത് എന്ന കണ്ടെത്തലിൽ എത്തിച്ചേർന്നു. സ്‌കാൻ ചെയ്യുന്ന സമയത്ത് പങ്കെടുത്തവരിൽ ആർക്കും ഹൃദ്രോഗമോ കാൻസറോ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഇവരിൽ കണ്ടെത്തിയത്.






