പരീക്ഷക്കിടെ ക്രമക്കേട് കാണിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. സ്‌റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷ എഴുതാൻ ബ്ലൂട്ടൂത്ത് ഉപകരണം കൊണ്ട് വന്നതിനാണ് ദീപക് എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. ഹരിയാനയിലാണ് സംഭവം. പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ച മറ്റ് രണ്ട് പ്രതികളെയും ഉടനെ അറസ്‌റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എസ്എസ്‌സിയുടെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്‌തികകളിലേക്കുള്ള ‘കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ നടക്കുന്നതിനിടയിലാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. നവംബർ 12 മുതൽ 30 വരെയാണ് മഹാദേവി ഇൻ്റർ കോളജിൽ ഓൺലൈനായി പരീക്ഷ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. റോഹ്തക്ക് സ്വദേശിയായ ദീപക് ഇന്നലെ (നവംബർ 18) രാവിലെ നടന്ന ആദ്യ ഷിഫ്റ്റ് പരീക്ഷയിൽ പങ്കെടുത്തതായും അവർ കൂട്ടിച്ചേർത്തു.
പരിശോധനയ്‌ക്ക് ശേഷമാണ് പരീക്ഷ ഹാളിൽ കയറിയത്. കുറച്ച് സമയത്തിന് ശേഷം വാഷ്‌റൂമിൽ പോകാൻ ആവശ്യപ്പെടുകയും ഹാളിൽ നിന്ന് പുറത്ത് പോവുകയും ചെയ്‌തു. തിരിച്ച് എത്തിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ബ്ലൂടൂത്ത് ഡിവൈസ് കണ്ടെത്തിയത്. ഇതോടെയാണ് പിടി വീഴുന്നത്. പരീക്ഷാ കേന്ദ്രത്തിലെ ജീവനക്കാരനായ ലക്കി സിങ്ങാണ് തനിക്ക് ബ്ലൂടൂത്ത് തന്നതെന്ന് ഉദ്യോഗാർഥി വെളിപ്പെടുത്തി.
ജയ്‌ഷ് എന്ന വ്യക്തിയാണ് ഉത്തരം പറഞ്ഞ് തരുന്നതെന്നും യുവാവ് വ്യക്തമാക്കി. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ദീപക്കിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അതേസമയം ലക്കി സിങ്ങിനെയും ജെയ്‌ഷിനെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2024 ലെ പൊതു പരീക്ഷാ ആക്‌ട് (അന്യായമായ മാർഗങ്ങൾ തടയൽ) നിയമപ്രകാരമാണ് ദീപകിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
2024 ലെ പൊതു പരീക്ഷാ ആക്‌ട്
നീറ്റ്, നെറ്റ് തുടങ്ങിയ പൊതു പരീക്ഷകളിൽ ക്രമക്കേടുകൾ തടയനാണ് ഈ നിയമം പാസാക്കിയത്. കുറ്റകൃത്യം ചെയ്യുന്ന ആൾക്ക് 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ക്രമക്കേട് ശ്രദ്ധയിൽ പെട്ടാൽ ആദ്യം പരീക്ഷ സെന്‍ററിന്‍റെ ചുമതലക്കാരൻ റിപ്പോർട്ട് തായ്യാറാക്കി റീജിയണൽ ഓഫിസർക്ക് കൈമാറണം.
പ്രഥമ ദൃഷ്ട്യാ ക്രമക്കേട് കണ്ടാൽ സെന്‍ററിന്‍റെ ചുമതലക്കാരൻ നേരിട്ട് നടപടിയെടുക്കാം. ആവശ്യമെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യണം. പൊതു പരീക്ഷ അതോറിട്ടിയുടെ പ്രത്യേക സമിതിയായിരിക്കും പരാതി പരിശോധിക്കുക. അതിന് ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ചോദ്യപേപ്പറുകളോ ഉത്തര കടലാസോ ചോർത്തി കൊടുക്കുന്നത്, പരീക്ഷാ സമയത്ത് ഉദ്യോഗാർഥികളെ സഹായിക്കുന്നത്, രേഖകളിൽ കൃത്രിമം കാണിക്കുന്നത്, സ്‌മാർട്ട് ഡിവൈസുകൾ ഉപോയഗിക്കുന്നത് തുടങ്ങിയ ക്രമക്കേടുകൾ കാണിക്കുന്നവർക്ക് എതിരെയായിരിക്കും നടപടി.







