ഹമാസ് പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം ഇസ്രായേൽ സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ.
ലെബനനിലെ പലസ്‌തീൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ – ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
തീരദേശ നഗരമായ സിഡോണിൻ്റെ ഐൻ എൽ-ഹിൽവേ അഭയാർഥി ക്യാമ്പിലേക്കാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. നിലവിൽ ആക്രമണം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ആംബുലൻസ്, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ മാത്രമാണ് കടത്തി വിടുന്നത്.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് പരിശീലന ക്യാമ്പാണ് ആക്രമിച്ചതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം ഇസ്രയേൽ സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ അറിയിച്ചു. ആക്രമണത്തെ ഹമാസും അപലപിച്ചു. സ്പോർട്‌സ് ഗ്രൗണ്ടിലാണ് വ്യോമാക്രമണം നടന്നതെന്നും പരിശീലനം നടക്കുകയായിരുന്നില്ലെന്നും ഹമാസ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ള ഗ്രൂപ്പിലെയും ഹമാസിലേയും നിരവധി പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിൻ്റെ ഡെപ്യൂട്ടി മേധാവിയും ഗ്രൂപ്പിൻ്റെ സൈനിക വിഭാഗത്തിൻ്റെ സ്ഥാപകനുമായ സാലിഹ് അരൂരി 2024 ജനുവരി രണ്ടിന് ബെയ്റൂട്ടിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. 2024 സെപ്റ്റംബർ അവസാനത്തോടെ ഇരുവിഭാഗവും തമ്മിലുള്ള ആക്രമണം കടുക്കുകയായിരുന്നു. എന്നാൽ ഇസ്രയേലിൻ്റെ ആക്രമണത്തിൽ പതിനായിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഹിസ്ബുള്ള ഉൾപ്പെട്ട സംഘർഷങ്ങളിൽ 4,000-ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ലോകബാങ്കിൻ്റെ കണക്കനുസരിച്ച് 11 ബില്യൺ ഡോളറിൻ്റെ നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇസ്രായേലിൽ, 80 സൈനികർ ഉൾപ്പെടെ 127 പേർ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
2024 നവംബർ അവസാനത്തോടെ അമേരിക്ക മധ്യസ്ഥത വഹിച്ചതോടെയാണ് വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. കരാർ നിലവിൽ വന്നതിന് ശേഷവും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 270-ലധികം പേർ കൊല്ലപ്പെട്ടതായും 850-ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്.
അതേസമയം, പലസ്‌തീന്‍ രാഷ്‌ട്ര രൂപീകരണത്തിനുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. പലസ്‌തീന്‍ സ്വാതന്ത്ര്യത്തിനായി അമേരിക്ക തയാറാക്കിയ ഗാസ പ്രമേയത്തിന്‍മേല്‍ ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന വേളയിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം.






