ബിഹാര്‍ തെരഞ്ഞെടുപ്പ്; എന്‍ ഡി എ ക്യാമ്പില്‍ വന്‍ ആത്മവിശ്വാസം, ബഹുദൂരം മുന്നിലെന്ന് ബിജെപി,

0
26

പട്‌ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ ഡി എ ക്യാമ്പില്‍ വന്‍ ആത്മ വിശ്വാസം. എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കഴിഞ്ഞ തവണത്തെ 125 സീറ്റില്‍ നിന്ന് ബഹുദൂരം മുന്നോട്ടു പോകുമെന്നും ബിജെപി ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്സ്വാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

160 സീറ്റെങ്കിലും നേടാനാകുമെന്ന് പ്രതീക്ഷ. വിജയം ഉറപ്പാണെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയും പറഞ്ഞു. ഭരണ മാറ്റം എന്നത് തേജസ്വിയാദവിന്‍റെ വ്യാമോഹം മാത്രമാണ്. ആര്‍ജെഡിയുടെ കാട്ടു ഭരണം കണ്ടിട്ടുള്ള ജനം യുവരാജാവിനെ പാഠം പഠിപ്പിക്കും. തോല്‍വിയുടെ ഭയത്തില്‍ നിന്നാണ് തേജസ്വി ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാസഖ്യം അധികാരത്തില്‍ വരുമെന്ന് ആര്‍ജെഡി തേജസ്വി യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഞങ്ങൾ വിജയിക്കും, ഞങ്ങൾ വിജയിക്കുകയാണ്. ഒരു മാറ്റം ഉണ്ടാകും. ഞങ്ങൾ സർക്കാർ രൂപീകരിക്കുകയാണ്,” ആർജെഡി നേതാവ് തേജസ്വി യാദവ് പട്‌നയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്‍ ഡി എ ഭരണത്തില്‍ നിന്ന് തൂത്തെറിയപ്പെടുമെന്ന് ഉറപ്പാണെന്ന് ആര്‍ജെഡി നേതാവ് മൃത്യുഞ്ജന്‍ തിവാരി ആത്മ വിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ നീതിയുക്തമായി നടന്നാല്‍ മഹാ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം പ്രതികരിച്ചു. അതിനിടെ ബിജെപി ആസ്ഥാനത്ത് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 500 കിലോ ലഡുവും 5 ലക്ഷം രസഗുളയും പാര്‍ട്ടി ഓര്‍ഡര്‍ ചെയ്‌തിട്ടുണ്ട്.

മഹാഗത്ബന്ധൻ വിജയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. “പ്രചാരണത്തിനിടെ ഞാൻ കണ്ടിടത്തോളം, ബീഹാറിൽ ഒരു മാറ്റം ആവശ്യമാണ്. പ്രാരംഭ വോട്ടെണ്ണലിനോട് പ്രതികരിക്കുന്നത് ഉചിതമല്ല. ഫലങ്ങൾ മഹാഗത്ബന്ധന് അനുകൂലമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” കോൺഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു.

ഇത്തവണ പതിവിനു വിപരീതമായി വനിതകള്‍ വന്‍തോതില്‍ വോട്ടു രേഖപ്പെടുത്തുന്നതാണ് ബിഹാര്‍ പോളിങ്ങില്‍ കണ്ടത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം 71.6 ശതമാനം വനിതകളാണ് വോട്ട് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here