രോഗത്തിനോ മറ്റ് ശാരീരികവൈഷമ്യങ്ങൾക്കോ ശരിയായ ചികിത്സയ്ക്ക് പകരം ചികിത്സയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സമ്പ്രദായങ്ങൾ ചെയ്ത് രോഗിയെ കബളിപ്പിക്കുന്നതിനെയാണ് പ്ലാസിബോ (/pləˈsiboʊ/ plə-SEE-boh) എന്ന് പറയുന്നത്. ചില സാഹചര്യങ്ങളിലെങ്കിലും ഇത്തരം ചികിത്സയിലൂടെ രോഗിക്ക് രോഗം ഭേദമായതായി അനുഭവപ്പെടുകയോ, യഥാർത്ഥത്തിലുള്ള രോഗസൗഖ്യം ലഭിക്കുകയോ ചെയ്യുന്നതിനെ പ്ലാസിബോ പ്രതിഭാസം എന്നും പറയുന്നു. രോഗിക്ക് ചികിത്സയിലും ചികിത്സകനിലുമുള്ള വിശ്വാസം, ചികിത്സകന്റെ നല്ല പെരുമാറ്റം എന്നിവ പ്ലാസിബോ പ്രഭാവത്തെ വർധിപ്പിക്കുന്ന ഘടകങ്ങളാണ്. ചികിത്സകൻ കൊടുക്കുന്ന പ്രേരണയുടെ ഫലമായി താൽക്കാലിക ഉത്തേജനം ലഭിച്ച രോഗി തന്റെ മനോനിലയെ രോഗശമനമായി തെറ്റിദ്ധരിക്കുന്നു.
ക്ഷിപ്രവിശ്വാസശീലരായ രോഗികളെ പല വ്യാജചികിത്സകരും മാനസികമായി സ്വാധീനിക്കുന്നു. ഇത്തരം ചികിത്സ കൊണ്ട് ഫലമില്ലെങ്കിൽ തന്നെയും ഫലമുണ്ടായെന്ന് പറയാനുള്ള പ്രവണത അത്തരം ആളുകളിൽ കാണും. തങ്ങളുടെ ചികിത്സയെപ്പറ്റി അമിതമായ അവകാശവാദം ഉന്നയിക്കുന്നവരാണ് വ്യാജചികിത്സകർ. കഴിക്കുന്ന മരുന്ന് ഫലിക്കുമെന്ന വിശ്വാസമുണ്ടെങ്കിൽ രോഗശമനം സംഭവിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു. രോഗത്തിനെതിരായ ശരീരത്തിന്റെ പ്രതിരോധം ഊർജ്ജിതപ്പെടുത്തുക വഴി ചിലരിൽ ചില രോഗങ്ങൾ കുറയാനിടയുണ്ട്. എന്നാൽ മാരകരോഗങ്ങളിൽ (ന്യൂമോണിയ, കാൻസർ, എയ്ഡ്‌സ്, ലിവർ സിറോസിസ് തുടങ്ങിയവ) മാറ്റമുണ്ടാകില്ല.
പല രോഗങ്ങളും ചികിത്സയൊന്നുമില്ലാതെ മാറുന്നവയാണ്. നമ്മുടെ ശരീരത്തിന് സ്വാഭാവിക പ്രതിരോധശക്തിയുണ്ട്. പല മാരകരോഗങ്ങൾക്കും ദീർഘമായി അനുഭവിക്കുന്ന രോഗങ്ങൾക്കും സ്വാഭാവിക ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനെ പലരും രോഗശമനമായി തെറ്റിദ്ധരിക്കുന്നു.
പ്ലാസിബോ പ്രഭാവം എന്നാൽ ഒരു ‘പ്ലാസിബോ’ (സജീവമല്ലാത്ത മരുന്ന്, ഉദാഹരണത്തിന് പഞ്ചസാര ഗുളിക) നൽകിയ ശേഷം ഒരു വ്യക്തിക്ക് ശാരീരികമോ മാനസികമോ ആയ രോഗലക്ഷണങ്ങളിൽ ആശ്വാസം ലഭിക്കുന്ന പ്രതിഭാസമാണ്. ഇത് ചികിത്സയുടെ ഫലമായി രോഗിക്ക് ലഭിക്കുന്ന വിശ്വാസത്തെയും പ്രതീക്ഷകളെയും ആശ്രയിച്ചിരിക്കുന്നു, യഥാർത്ഥ മരുന്നിന് ചികിത്സാപരമായ ഗുണങ്ങൾ ഉണ്ടാകണമെന്നില്ല.
- പ്രവർത്തനം:പ്ലാസിബോ പ്രഭാവം രോഗിയുടെ പ്രതീക്ഷകളെയും വിശ്വാസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഡോക്ടർ ഒരു മരുന്ന് നൽകി അത് ഫലപ്രദമാണെന്ന് പറയുമ്പോൾ, രോഗിയുടെ മനസ്സിൽ വിശ്വാസം ജനിക്കുകയും അത് ശാരീരിക പ്രതികരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
- സങ്കീർണ്ണമായ ന്യൂറോബയോളജിക്കൽ പ്രതികരണം: തലച്ചോറിലെ എൻഡോർഫിനുകൾ, ഡോപാമൈൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ വർദ്ധനവ്, മാനസികാവസ്ഥയെയും വൈകാരിക പ്രതികരണങ്ങളെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക ഭാഗങ്ങളുടെ പ്രവർത്തനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- പല രൂപങ്ങളിൽ:പ്ലാസിബോ ഒരു പഞ്ചസാര ഗുളികയോ വെള്ളമോ ആകാം, അല്ലെങ്കിൽ ഒരു വ്യാജ ശസ്ത്രക്രിയ പോലും ആകാം.
- ഉപയോഗം:പുതിയ മരുന്നുകളുടെ യഥാർത്ഥ ഫലം മനസ്സിലാക്കുന്നതിന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്ലാസിബോ ഉപയോഗിക്കാറുണ്ട്.
- നോസെബോ പ്രഭാവം:പ്ലാസിബോയുടെ വിപരീതമാണ് നോസെബോ പ്രഭാവം. ഇത് പ്രതികൂല പ്രതീക്ഷകൾ കാരണം ഉണ്ടാകുന്ന നെഗറ്റീവ് ഫലങ്ങളെ സൂചിപ്പിക്കുന്നു.









