കൊടുമുടികളിൽ ചുഴറ്റിയെറിയുന്ന മൂടൽമഞ്ഞിൻ്റെ തുള്ളികൾ..ഇടുക്കിയുടെ സ്വന്തം സ്വിറ്റ്‌സർലൻഡിലേക്ക്

0
28

കണ്ണുനീർ പോലെ തെളിഞ്ഞ തടാകവും, അടുക്കും ചിട്ടയോടും കൂടി നട്ട് പരിപാലിക്കുന്ന തേയില തോട്ടവും, സഹ്യപർവത നിരകളും, കോടമഞ്ഞും… ഇടുക്കിയെന്നാൽ മനസിലേക്കെത്തുന്നത് ഇതൊക്കെയാണ്. ഇടുക്കി ജില്ലയിൽ തന്നെ നിരവധി സ്‌പോട്ടുകള്‍ തേടിയാണ് സഞ്ചാരികള്‍ എത്തുന്നത്. ചിലർക്ക് അരുവികളും വെള്ളച്ചാട്ടങ്ങളുമാണ് ഇഷ്‌ടമെങ്കിൽ മറ്റ് ചിലർക്ക് പുൽമേടും തേയിലത്തോട്ടങ്ങളുമാണ് താത്പര്യം.

എന്നാൽ ഇടുക്കിയുടെ സ്വന്തം സ്വിറ്റ്സർലൻഡിലേക്കെത്തിയാൽ ഇവയെല്ലാം ഒരുമിച്ച് ആസ്വദിക്കാൻ സാധിക്കും. തെക്കിൻ്റെ കശ്‌മീരായ മൂന്നാറിൻ്റെ മടിത്തട്ടിലെ ആനയിറങ്കലും പരിസരവുമാണ് പ്രകൃതിയുടെ അവസ്‌മരണീയ കാഴ്‌ചകൾ സമ്മാനിക്കുന്നത്. ഫോട്ടോ, വിഡിയോ ഗ്രാഫർമാരുടെ ഇഷ്‌ട ലൊക്കേഷനാണ്‌ ആനയിറങ്കലും പരിസരവും. എങ്ങോട്ട് ക്യാമറ വച്ചാലും കിടു ഫ്രെയിമുകളാണ് കിട്ടുക.

മൂന്നാറിൽ നിന്നും കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലൂടെ 22 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനയിറങ്കലിൽ എത്തിച്ചേരാം. പെരിയ കനാൽ വെള്ളച്ചാട്ടവും ടീ ഫാക്‌ടറിയിലെ ചായയുടെ സുഗന്ധവും ആസ്വദിച്ച് തേയില തോട്ടങ്ങളുടെ നടുവിലൂടെയുള്ള യാത്ര എത്തി നിൽക്കുക ആനയിറങ്കൽ ജലാശയത്തിൻ്റെ കരയിലാണ്.

ആനയിറങ്കൽ എന്ന പേര് വെറുമൊരു ആകർഷക നാമമല്ല. മതികെട്ടാൻ ചോലയിൽ നിന്നും കാട്ടാന കൂട്ടങ്ങൾ ജലാശയത്തിൽ വെള്ളം കുടിക്കാനും നീരാടാനും എത്തുന്നതിനെ തുടർന്ന് പഴമക്കാർ നൽകിയ പേരാണ് ആനയിറങ്കൽ. പഴയ ആനത്താരയുടെ ഭാഗമാണ് ഈ പ്രദേശമെന്നതിനാൽ ആനകൾ ഇവിടം വിട്ടുപോകാറില്ലെന്നതാണ് വാസ്‌തവം.

തേയില ചെരുവുകളാൽ ചുറ്റപ്പെട്ട ആനയിറങ്കൽ തടാകം പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. ജലവൈദ്യുത പദ്ധതിയുടെ പ്രധാന അണക്കെട്ടായ പൊന്മുടിയുടെ സഹായ അണക്കെട്ടാണ് ആനയിറങ്കൽ. മലനിരകൾക്കും തേയില ചെരുവുകൾക്കും ഇടയിൽ മണ്ണും കല്ലും ഉപയോഗിച്ച് നിർമിച്ച എർത്ത് ഡാം കൂടിയാണ് ആനയിറങ്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here