ജറുസലേം: താത്കാലികമായി സംഘർഷമൊഴിഞ്ഞ ഗാസയിൽ സമാധാനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സേനയെ ഉടൻ തന്നെ സജ്ജമാക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. വെടിനിർത്തൽ നിരീക്ഷിക്കുന്ന ഇസ്രയേൽ സൈനികരെ കാണുകയും പലസ്‌തീൻ ഇസ്രയേൽ സംഘർഷത്തിന് ശാശ്വതമായ പരിഹാരം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് റൂബിയോ പറഞ്ഞു.
വെടി നിർത്തൽ കരാർ പാലിക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുന്ന അമേരിക്കയുടെ സമഗ്ര ശ്രമത്തിൻ്റെ ഭാഗമായി ജെ ഡി വാൻസ് ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മാർക്കോ റൂബിയോയുടെ സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് അന്താരാഷ്‌ട്ര സേന ആവശ്യമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. വെടിനിർത്തൽ കരാറിലും സുരക്ഷാ മേൽനോട്ടത്തിനായി സൈന്യത്തെ വിന്യസിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു.
അതേസമയം സ്വതന്ത്ര സാങ്കേതിക വിദഗ്‌ധരുടെ കമ്മിറ്റി യുദ്ധാനന്തര ഗാസയുടെ മേൽനോട്ടം വഹിക്കുമെന്ന് പലസ്‌തീൻ പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. അറബ് രാഷ്‌ട്രങ്ങളുമായും അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും സഹകരിച്ച് അടിസ്ഥാന സേവനങ്ങളുൾപ്പെടെ കമ്മിറ്റി കൈകാര്യം ചെയ്യുമെന്ന് ഹമാസ് പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്‌താവനയിൽ പറയുന്നു.
പലസ്‌തീൻ ജനതയുടെ ഏക നിയമാനുസൃത പ്രതിനിധിയായി പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎൽഒ) പുനരുജ്ജീവിപ്പിക്കുന്നതിന് യോഗം വിളിക്കണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 2007 ലാണ് ഗാസയിൽ ഹമാസ് അധികാരത്തിലെത്തുന്നത്. ഈ സംഘർഷം ഉടലെടുത്തതിന് ശേഷം പ്രദേശത്തിൻ്റെ അധികാരത്തിൽ താത്പര്യമില്ലെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ഗാസയുടെ രണ്ടാം ഘട്ട അധികാര ക്രമീകരണങ്ങളിൽ ഹമാസ് യോജിപ്പാണ് പ്രകടിപ്പിച്ചത്. ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പലസ്‌തീൻ ഭരണത്തിന് കീഴിലായിരിക്കുമെന്ന് സ്ഥിരീകരിക്കുന്നതായി ഹമാസ് വക്താവ് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നു. അധിനിവേശം, മറ്റ് രാജ്യങ്ങളുടെ സ്വാധീനം എന്നിവ വരും യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും പ്രസ്‌താവന ചൂണ്ടിക്കാട്ടി.
2025 ഒക്ടോബർ 10 ന് നിലവിൽ വന്ന വെടിനിർത്തലിനുശേഷം സ്ഥിതി ശാന്തമാണെങ്കിലും ഗാസയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ പരിമിതമാണ്. അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വരവോടെ പ്രദേശം പുനർനിർമ്മിക്കാനുള്ള സഹായങ്ങൾക്ക് പൂട്ടു വീണേക്കാമെന്ന് ആശങ്ക ഉയരുന്നുണ്ട്. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സൈനികർ കടക്കില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഉറപ്പുനൽകുന്നുണ്ട്.
ഇന്തോനേഷ്യ ഗാസയിലേക്ക് സൈന്യത്തെ അയയ്ക്കാൻ തയാറാണെന്ന് മുമ്പ് അറിയിച്ചിരുന്നു. യുഎഇയും വെടിനിർത്തൽ കരാർ നിരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് സൈന്യത്തെ വിന്യസിക്കാൻ ലോക സംഘടനയുടെ അംഗീകാരം ആവശ്യമുണ്ട്. ആയതിനാൽ സൈന്യത്തെ വിന്യസിക്കാൻ ഐക്യരാഷ്ട്രസഭയുടെ അനുമതി തേടാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു.




