തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യ ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാവില്ലെന്ന് മുഖ്യമ്രന്തി വി ഡി സതീശൻ നിയമസഭയെ അറിയിച്ചു. യുഡിഎഫിൻ്റെ പ്രകടനപത്രികയിൽ ഇന്ദിരാ ഗ്യാരൻ്റിയുടെ പേരിൽ ഉൾപ്പെട്ടിട്ടുള്ള കാര്യമാണത്. ജനങ്ങളോടുള്ള വാഗ്‌ദാനം താമസം കൂടാതെ നടപ്പാക്കും. ഈ മാസത്തെ ക്ഷേമപെൻഷൻ 24ന് വിതരണം ചെയ്യും. നിലവിൽ വിതരണം ചെയ്യുന്ന രീതിയ്ക്ക് മാറ്റങ്ങളൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും പെൻഷൻ മുടങ്ങാതെ നൽകാനാണ് സർക്കാരിൻ്റെ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷാ പെൻഷൻ: തുടരണമോയെന്ന കാര്യത്തിൽ തീരുമാനമായില്ല
സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമപെൻഷനൊപ്പമുള്ളതല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിലാണ് ഇത് തുടങ്ങിയത്. ഇത് തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ക്ഷേമപെൻഷനിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്ന കാര്യത്തിലും നടപടിയുണ്ടാവും. അനർഹരെ ഒഴിവാക്കി അർഹരായവരെ കൂടുതൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
2021 മേയ് മുതൽ – 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 44938.88 കോടി രൂപയും സർക്കാർ ധനസഹായത്തോടെയുള്ള ക്ഷേമനിധി ബോർഡ് പെൻഷൻ ഇനത്തിൽ 6071.72 കോടി രൂപയും വിതരണം നടത്തിയിട്ടുണ്ട്. ഈ ഇനത്തില് പെൻഷൻ കമ്പനിയായ കെ എസ് എസ് പി എല്ലിന് 17175 കോടി രൂപ ബാധ്യതയുണ്ട്.
മുൻ സർക്കാർ അധികാരത്തിൽ വരുമ്പോൾ നിലവിലുണ്ടായിരുന്ന സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ തുകകൾ 1600 രൂപ വീതമായിരുന്നു. അത് 2025 ഒക്‌ടോബർ 30മുതൽ 1600 രൂപയിൽ നിന്നും പ്രതിമാസം 2000 രൂപയായി വർധിപ്പിച്ചു. 2021 മേയ് മാസത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 47,72,279 ഗുണഭോക്താക്കൾക്ക് 728,62,11,100 രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ ഇനത്തിൽ 6,51,572 ഗുണഭോക്താക്കൾക്ക് 102,49,33,100 രൂപയും അനുവദിച്ചിട്ടുണ്ട്. 2026 ഏപ്രിൽ മാസത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ 51,19,002 ഗുണഭോക്താക്കൾക്ക് 942,72,75,000/ രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ ഇനത്തിൽ 6,42,753 ഗുണഭോക്താക്കൾക്ക് 126,95,99,100 രൂപയുമാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ ക്ഷേമപെൻഷൻ ആർക്കൊക്കെ: ധനസമാഹരണം എങ്ങനെ
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിയ്ക്കുന്നത്. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനാവശ്യമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും ഫണ്ട് കണ്ടെത്തുന്നതിനുമായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്. ബജറ്റ് വിഹിതമായാണ് തുക കമ്പനിയ്ക്ക് ലഭിക്കുന്നത്.
കെ എസ് എഫ് ഇ, കെ എസ് ബി സി, പെൻഷൻ വിതരണത്തിനു ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കെ എഫ് സി എന്നിവിടങ്ങളിൽ നിന്നെല്ലാം കമ്പനി വായ്പ സമാഹരിച്ചു വരുന്നു. ഇതിന് പുറമേ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്ക് ഈടാക്കുന്ന സാമൂഹ്യ സുരക്ഷാ സെസിൽ നിന്നുള്ള വരുമാനവും പെൻഷൻ നൽകാൻ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിതരണം ഇങ്ങനെ
നിലവിൽ ഗുണഭോക്താക്കളുടെ താത്പര്യ പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ട് വഴിയോ നേരിട്ടോ ആണ് നൽകുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനാവശ്യമായ തുകയും നേരിട്ട് വീടുകളിൽ വിതരണത്തിനാവശ്യമായ തുകയും യഥാക്രമം തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്‌ടറിൻ്റെ (റൂറൽ) പേരിലുള്ള അക്കൗണ്ടികളിലേക്ക്, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ അക്കൗണ്ടിൽ നിന്നും ട്രാൻസ്റ്റർ ക്രെഡിറ്റ് ചെയ്‌ത് നൽകുന്നു. ഇത്തരത്തിൽ ട്രാൻസ്‌ഫർ ക്രെഡിറ്റ് ചെയ്യുന്ന പെൻഷൻ തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ എൽ എസ് ജി ഡി പ്രിൻസിപ്പൽ ഡയറക്‌ടറേറ്റിലെ ഡി ബി റ്റി സെൽ വഴിയും നടത്തി വരുന്നു.







