എത്ര നേരം ഫോണിൽ നോക്കിയും റീൽസ് കണ്ടും പ്രിയപ്പെട്ടവരോട് സംസാരിച്ചും സമയം ചെലവഴിക്കും. ചുറ്റുമുള്ള കാഴ്‌ചകൾ ആസ്വദിക്കാതെ എങ്ങനെയാണ് ജീവിക്കുവാൻ സാധിക്കുന്നത്. ദൂരങ്ങൾ താണ്ടുന്ന വഴികൾ, മലകളും കുന്നുകളും, കാടും പക്ഷി മൃഗാദികളും ഒത്തുചേരുന്ന പ്രകൃതിയിലൂടെയുള്ള യാത്രകൾ പോലെ ആനന്ദിപ്പിക്കുന്ന മറ്റെന്താണുള്ളത്.
വെറുതേയിരിക്കുന്ന നേരങ്ങളിലാണ് നമ്മൾ പലപ്പോഴും ഒരു സഞ്ചാരത്തെക്കുറിച്ചോ, ഹിഡൻ സ്‌പോട്ടുകളെക്കുറിച്ചോ, വേറിട്ട ഗ്രാമങ്ങളെക്കുറിച്ചോ, സോളോ ട്രിപ്പുകളെക്കുറിച്ചോ ഒക്കെ ചിന്തിച്ച് പോകുന്നത്. അപ്പോൾ മൂന്നാറും ഊട്ടിയും പൊൻമുടിയും കൊടൈക്കനാലും ഒക്കെ മനസിലേക്ക് ഓടിയെത്തും. എന്നാൽ അധികം കേൾക്കാത്തതും പരിചയമില്ലാത്തതുമായ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോയാലോ? ആ യാത്രകൾ നൽകുന്ന അനുഭവം വളരെ വ്യത്യസ്‌തമാണ്. കുറഞ്ഞ ചെലവിൽ സമാധാനവും സന്തോഷവും കണ്ടെത്താൻ ഇത്തരം ഇടങ്ങൾ സഹായിക്കും.
ഒരിക്കൽ പോയാൽ അത്രയും പ്രിയപ്പെട്ടതാകുന്ന ഇടങ്ങൾ എവിടെയായിരിക്കും. അവിടുത്തെ കാഴ്‌ചകൾ എന്തായിരിക്കും. മലനിരകൾ കാക്കുന്ന ശാന്തതയും വൻമരച്ചുവടുകളും കാട്ടുപൂക്കൾ വിരിഞ്ഞ പാതകളും തുടങ്ങി കുളിരും കോടയും പരക്കുന്ന വശ്യമായ ഇടങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരിടമാണ് അതിശയിപ്പിക്കുന്ന കാളിമല വ്യൂപോയിൻ്റ്.
തിരുവനന്തപുരത്ത് അമ്പൂരി എന്ന മനോഹരമായ ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് ധാരാളം ഐതിഹ്യങ്ങളുള്ള കാളിമല. സഹ്യപർവതത്തിൻ്റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല സ്ഥിതി ചെയ്യുന്നത്. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശം കൂടിയാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടേക്കെത്താം. ട്രെക്കിങ് ഇഷ്‌ടപ്പെടുന്നവർക്ക് പറ്റിയ അടിപൊളി സ്‌പോട്ടാണ് കാളിമല.
കാളിമലയ്‌ക്ക് പിന്നിലെ ചരിത്രവും വിശ്വാസവും
കാളിമലയ്‌ക്ക് പിന്നിൽ പല കഥകളാണ് കെട്ടുപിണഞ്ഞ് കിടക്കുന്നത്. അതിലൊന്ന് അഗസ്‌ത്യ മുനിയുമായി ബന്ധപ്പെട്ടതാണ്. അഗസ്‌ത്യ മുനി ഇവിടെ തപസു ചെയ്‌തിട്ടുണ്ട് എന്നാണ് കരുതിപ്പോരുന്നത്. അഗസ്‌ത്യ മുനിയുടെ തപസിൽ സന്തുഷ്‌ടനായ ധർമ്മശാസ്‌താവ് അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടുവത്രെ. തത്‌ഫലമായി ഇവിടെ ഒരു ഉറവ രൂപം കൊള്ളുകയും അതിൽ നിന്ന് ഔഷധ ഗുണമുള്ള ജലം ഒഴുകിവരാനും തുടങ്ങി. കടുത്ത വേനലിൽ പോലും വറ്റാത്ത ഈ ഉറവയെ ‘കാളീതീർഥം’ എന്നാണ് ആളുകൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ഉറവയും ഇന്നവിടുത്തെ പ്രധാന ആകർഷണം തന്നെയാണ്.
മലമുകളിലെ ദേവീ പ്രതിഷ്‌ഠയും ശാസ്‌താവും
കൊല്ലത്തിലൊരിക്കൽ പൊങ്കാല അർപ്പിക്കുന്ന ഇടംകൂടിയാണ് കാളിമല. പ്രാചീനകാലത്ത് നിർമിച്ച ഒരു ക്ഷേത്രമാണ് കാളിമലയെ പ്രസിദ്ധമാക്കുന്നത്. പുരാതന ദ്രാവിഡ ശൈലിയിലാണ് ക്ഷേത്ര നിർമിതി. പ്രധാന ആരാധനാ മൂർത്തി ഭദ്രകാളിയും. കൊല്ലത്തിലൊരിക്കൽ ചിത്രപൗർണമി നാളിലാണ് പൊങ്കാല നടത്തുന്നത്. ഈ പൊങ്കാലക്ക് ഇവിടുത്തെ ഉറവയിൽ നിന്നും ശേഖരിച്ച വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ രാവിലെ പൂജയും ഉണ്ട്.
കാളിമലയ്‌ക്ക് പിന്നിൽ ചരിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. മാർത്താണ്ഡവർമ്മ മഹാരാജാവ് എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രണം ഭയന്ന് കൂനിച്ചി മലയിലെത്തിയെന്നും ഇവിടെയെത്തിയപ്പോൾ ഒരു ബാലൻ്റെ രൂപത്തിൽ ധർമ്മശാസ്‌താവ് എത്തി മഹാരാജാവിനെ രക്ഷപ്പെടുത്തിയെന്നും പറഞ്ഞു വരുന്നു. രക്ഷപ്പെടുത്തിയതിന് പ്രത്യുപകാരമായി കാളിമലയിൽ ക്ഷേത്രം നിർമിച്ചുവെന്നും പറയപ്പെടുന്നു.
കാളിമലയിലേക്കുള്ള യാത്ര
മലയുടെ അടിവാരത്തുനിന്നും കാട്ടുവഴികളിലൂടെ ഏകദേശം ആറ് കിലോമീറ്റർ നടന്നുവേണം കാളിമലയിൽ എത്താൻ. ഇടക്കിടെ വഴുക്കലുള്ള പാറക്കൂട്ടങ്ങളും ഉണ്ടാകും. സഞ്ചാരികൾ എത്തുമ്പോൾ വളരെ സൂക്ഷിച്ചു വേണം നടക്കാൻ. പ്രത്യേക പാസോ ടിക്കറ്റോ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഒരു ദിവസത്തെ യാത്രയ്‌ക്ക് വളരെ മികച്ച ഇടമാണ് കാളിമല. മലയുടെ ഏറ്റവും മുകളിൽ എത്തിയാൽ തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന ചിറ്റാറും കേരളത്തിലെ നെയ്യാറിൻ്റെ കൈവഴികളും കാണാം. തന്നെയുമല്ല ദൂരത്തേക്ക് നോക്കിയാൽ മറ്റ് വിസ്‌മയങ്ങളായ കാളിപ്പാറയും കൂനിച്ചിമലുടെ ഭാഗങ്ങളും കാണാൻ കഴിയുന്നു.
ഇവിടെയെത്തുന്ന ഓരോ ആളുകൾക്കും പുത്തൻ അനുഭവം പകരുക എന്നതിനപ്പുറം ശാന്തമായ അന്തരീക്ഷവും സമാധാനവും പകരുകയാണ് കാളിമല. അധികമാരും എത്തിപ്പെടാത്ത ഇത്തരം ഗ്രാമപ്രദേശങ്ങൾ ഇന്നും സംരക്ഷിക്കപ്പെടുന്നു എന്നതു തന്നെയാണ് പ്രധാന കാര്യം. തന്നെയുമല്ല അമ്പൂരി എന്ന മനോഹരമായ ഗ്രാമത്തിൻ്റെ തനത് ഭംഗിയും നല്ല നാടൻ ഭക്ഷണത്തിൻ്റെ സ്വാദും ഇവിടെയെത്തുന്നവർക്ക് ആസ്വദിക്കാൻ കഴിയുന്നു. ഇനിയും പോയിട്ടില്ലാത്തവരും പോകാൻ ആഗ്രഹിക്കുന്നവരും എത്രയും വേഗം പൊയ്‌ക്കോളൂ… മനസിൽ കാണുന്നതിനപ്പുറം മനോഹരമാണ് കാണാക്കാഴ്‌ചകൾ.







