രാത്രിയിൽ നഖം വെട്ടാൻ പാടില്ലെന്ന് കേൾക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. മുടി മുറിക്കരുത്, അലക്കരുത്, അടിച്ചുവാരരുത് തുടങ്ങീ സന്ധ്യയായാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ചെറുപ്പം മുതലെ കേട്ടുവളർന്ന ഇത്തരം ചില കാര്യങ്ങൾ അന്ധവിശ്വാസമായി കരുതി തള്ളിക്കളയുന്നവരാണ് ഇന്നത്തെ തലമുറ. ഇത്തരം വിലക്കുകളെ കുറിച്ച് യുക്തിപരവും വ്യക്തവുമായ കാരണങ്ങൾ എന്തെന്ന് പറഞ്ഞു തരാൻ നമുക്ക് മുന്നേ സഞ്ചരിച്ചവർക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ മിക്കതിലും ശാസ്ത്രീയമായ പല കാരണങ്ങൾ ഉണ്ടെന്നതാണ് വസ്‌തുത. രാത്രി ഇരുട്ടിയാൽ നഖം വെട്ടരുതെന്ന് പറയുന്നതിന്‍റെ യഥാർത്ഥ കാരണം എന്തെന്ന് അറിഞ്ഞിരിക്കാം.
യഥാർത്ഥ കാരണങ്ങൾ ഇവയാണ്
പണ്ട് കാലത്ത് വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. രാത്രിയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്കുകൾ, പെട്രോമാക്‌സ് തുടങ്ങിയവ മാത്രമായിരുന്നു ഏക ആശ്രയം. ഇത്തരം മങ്ങിയ വെളിച്ചത്തിൽ ഇരുന്ന് മൂർച്ചയുള്ള വസ്‌തുക്കൾ ഉപയോഗിച്ച് നഖം വെട്ടുമ്പോൾ കൈവിരൽ മുറിയാനുള്ള സാധ്യത കൂടുതലായിരുന്നു. മാത്രമല്ല അക്കാലത്ത് നഖം വെട്ടുന്നതിനായി നെയിൽ കട്ടർ പോലുള്ള ആധുനിക ഉപകാരണങ്ങളും ഉണ്ടായിരുന്നില്ല. പകരം കത്തി പോലുള്ള മൂർച്ചയേറിയ വസ്‌തുക്കളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം വസ്‌തുക്കൾ കൊണ്ട് പരിക്കേറ്റാൽ രക്തസ്രാവം ഉണ്ടാകുമെന്നതും ഉറപ്പാണ്.
ഈ സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം ലഭിക്കുക എന്നത് അന്നത്തെ കാലത്ത് ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു രാത്രിയിൽ നഖം വെട്ടരുതെന്ന് മുതിർന്ന ആളുകൾ പറഞ്ഞിരുന്നതിന്‍റെ പ്രധാന കാരണം. ഇരുട്ടിൽ വെട്ടിയിടുന്ന നഖം അലക്ഷ്യമായി വലിച്ചെറിയുന്നവരും നിരവധിയാണ്. ഇത് പുല്ലുകൾക്കും ചെടികൾക്കും ഇടയിൽ പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് കന്നുകാലികളുടെ വയറ്റിൽ എത്തുകയും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള അവസ്ഥകൾക്ക് കാരണമാകുകയും ചെയ്യും.
ആത്മീയപരമായ വിശ്വാസങ്ങൾ
സൂര്യാസ്‌തമയത്തിനു ശേഷം ലക്ഷ്‌മി ദേവി വീട്ടിൽ പ്രവേശിച്ച് സർവ ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും കൊണ്ട് വരുമെന്നാണ് ഹൈന്ദവ വിശ്വാസം. ഈ സമയത്ത് നഖം മുറിക്കുക, മാലിന്യം പുറത്തെടുക്കുക, പണം കൈമാറുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് അനാദരവായാണ് കാണാക്കപ്പെടുന്നത്. വീട്ടിൽ നിന്ന് ലക്ഷ്‌മി ദേവി ഇറങ്ങി പോകാനും സൗഭാഗ്യങ്ങൾ നഷ്‌ടമാകാനും ഇത് കാരണമാകുമെന്നും വിശ്വസിച്ചു വരുന്നു.
മറ്റു ചില ആളുകൾ വിശ്വസിച്ച് വരുന്നത് രാത്രിയിൽ നെഗറ്റീവ് എനർജി കൂടുതലാണെന്നാണ്. അതിനാൽ ശരീരത്തിന്‍റെ ഒരു ഭാഗമായ നഖം മുറിച്ച് മാറ്റുന്നത് നെഗറ്റീവ് എനർജി അവനവനിലേക്ക് ആകർഷിക്കാൻ ഈടാക്കുമെന്ന് കരുതപ്പെടുന്നു. ആയുർവേദത്തിൽ പറയുന്നത് ചന്ദ്രന്‍റെ ഊർജ്ജം ഏറ്റവും ശക്തമാകുന്നത് രാത്രിയിലാണ്. ഈ സമയത്ത് നഖം മുറിക്കുന്നത് ശരീരത്തിന്‍റെ ആന്തരിക സന്തുലിതാവസ്ഥ തടസപ്പെടാനും വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും കരുതപ്പെടുന്നു.






