ദിവസേന ഓരോ രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നത് ഗുരുതരവും അല്ലാത്തതുമായ ഹൃദ്രോഗ സാധ്യത വർധിപ്പിക്കാൻ കാരണമാകുമെന്ന് പഠനം.
ലോകത്തുടനീളമുള്ള ഒരു വലിയ വിഭാഗം ആളുകളും തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവരാണ്. നിരുപദ്രവമെന്ന് നമ്മൾ കരുതുമെങ്കിലും ഈ ശീലം പുകവലിയോളം ദോഷം ചെയ്യുമെന്നാണ് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ദിവസവും ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് കാലക്രമേണ ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഗുരുതരമായി ബാധിച്ചേക്കാം. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത ഇരട്ടിയാക്കാൻ ഈ ശീലം കരണമായേക്കുമെന്ന് ഹൃദ്രോഗ വിദഗ്‌ധർ ചൂണ്ടികാട്ടുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം, ഉദാസീനമായ ജീവിതശൈലി എന്നിവയെല്ലാം ഇരുത്തത്തിന്‍റെ ദൈർഘ്യം കൂട്ടുന്ന ഘടകങ്ങളാണ്.
ഓരോ ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നത് ഗുരുതരവും അല്ലാത്തതുമായ ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്ന് ടൈം സ്പെന്‍റ് സിറ്റിംഗ് ആസ് ആൻ ഇൻഡിപെൻഡന്‍റ് റിസ്‌ക് ഫാക്‌ടർ ഫോർ കാർഡിയോവാസ്‌കുലാർ ഡിസീസ് ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മാത്രമല്ല പൊണ്ണത്തടി, പ്രമേഹം, കഴുത്ത് വേദന, പുറം വേദന, ഉറക്കക്കുറവ്, ഉത്കണ്‌ഠ, സമ്മർദ്ദം തുടങ്ങീ കാൻസറിന് വരെ കാരണമായേക്കാം.
ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കും ?
ദീർഘനേരം ഇരിക്കുന്നത് രക്തചംക്രമണം കുറയാൻ കാരണമാകും. ഇത് രക്തം കട്ടപിടിക്കാനും ധമനികളിൽ തടസമുണ്ടാകാനുമുള്ള സാധ്യത കൂട്ടും. കൂടാതെ രക്തസമ്മർദ്ദം ഉയരാനും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റവും കൊളസ്‌ട്രോൾ വർധിക്കാൻ ഇടയാക്കും. ഇവയെല്ലാം തന്നെ ഹൃദയത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
വ്യായാമത്തിലൂടെ അപകട സാധ്യത കുറയ്ക്കാമോ ?
ദിവസേന വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കും. എന്നാൽ പതിവ് ശാരീരിക പ്രവർത്തനത്തിലൂടെ ധമനികളുടെ കാഠിന്യം കുറയ്ക്കാനോ, ട്രൈഗ്ലിസറൈഡിന്‍റെ അളവ് ഉയരുന്നത് തടയാനോ ദീർഘനേരം ഇരിക്കുന്നത് മൂലമുണ്ടാകുന്ന ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കാനോ സാധിക്കില്ല. അതേസമയം രക്തചംക്രമണം, മെറ്റബോളിസം എന്നിവ ആരോഗ്യകരമായി നിലനിർത്താൻ ഇടയ്ക്കിടെയുള്ള ചലങ്ങൾ ആവശ്യമാണ്.
ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം ?
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഓരോ 30 മിനിറ്റ് കൂടുമ്പോഴും എഴുനേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൈകളും കാലുകളും ഇടയ്ക്കിടെ വലിച്ച് നീട്ടുക. കാൾഫ് റെയ്‌സ്, ഡെസ്‌ക് സ്ട്രെച്ച് പോലുള്ളവയും ഹൃദയത്തിന്‍റെ ആയാസം കുറയ്ക്കും. ഇത്തരം ചലങ്ങളെല്ലാം തന്നെ രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കിയാൽ ഹൃദയത്തിന്‍റെ മാത്രമല്ല മറ്റ് പല രോഗ സാധ്യതകളും കുറയ്ക്കാൻ കഴിയും. രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ സന്തുലിതമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാനും ഇത് സഹായിക്കും. പതിവായുള്ള ചലനം ധമനികളുടെ കാഠിന്യം കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഇത് ഗുണകരമാണ്.







