ദിവസവും രാവിലെ ഏലക്കയില ചവയ്ക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.
ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഏലക്ക. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി എന്ന് അറിയപ്പെടുന്ന ഏലക്ക ഭക്ഷണത്തിന്‍റെ സ്വാദ് കൂട്ടുമെന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്. എന്നാൽ ഏലക്കയിലയിലെ ഔഷധമൂല്യത്തെ കുറിച്ച് അധികമാർക്കും അറിയില്ല. 1,8-സിനിയോൾ, ടെർപീൻ പോലുള്ള അവശ്യ എണ്ണകളും ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി മൈക്രോബയൽ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അടങ്ങിയ പോളിഫെനോളുകളും ഇതിൽ ധാരാളമുണ്ടെന്ന് റിസർച്ച് ഗേറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ദിവസേന രാവിലെ വെറും വയറ്റിൽ ഏലക്കയിലകൾ ചവക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ദഹനാരോഗ്യം മെച്ചപ്പെടുത്തും
ഏലക്ക ഇലകൾ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും ദഹനക്കേട്, വയറു വീർക്കൽ, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനനാളത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കാനും ഇത് ഗുണകരമാണ്. ദഹനനാളത്തിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും ഏലക്ക ഇലകൾ ചവയ്ക്കുന്നത് നല്ലതാണ്.
വായ ശുചിത്വം
ഏലക്ക ഇലയിൽ ആന്‍റി മൈക്രോബയൽ ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ബാക്‌ടീരിയകളെ ഇല്ലാതാക്കാനും തടയാനും സഹായിക്കും. മികച്ച പ്രകൃതിദത്ത മൗത്ത് ഫ്രഷ്‌നർ കൂടിയാണ് ഏലക്ക ഇലകൾ. അതിനാൽ ഇത് വായ്‌നാറ്റം ചെറുക്കാനും ഉപകാരപ്രദമാണ്.
രക്തസമ്മർദ്ദം നിയന്ത്രിക്കും
ഏലക്കയിലയിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഇത് ചവയ്ക്കുന്നത് രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. രക്താതിമർദ്ദം മൂലമുള്ള സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും ഗുണകരണമാണിത്. ഏലക്കയിലെ ഡൈയൂററ്റിക് പ്രഭാവം ദ്രാവകം നിലനിർത്തുന്നത് ലഘൂകരിക്കും. വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റ്സ് ഗുണങ്ങളും ഏലക്ക ഇലയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കും
ഏലക്കയിലയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയകലകൾക്ക് കേടുപാടുകൾ ഉണ്ടാക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും. പതിവായി ഇത് കഴിക്കുന്നത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഗുണകരണമാണ്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കും
വിറ്റാമിൻ സി ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ ഏലക്കയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. രോഗാണുക്കളുടെ വളർച്ച തടയാൻ സഹായിക്കുന്ന ആന്‍റി മൈക്രോബയൽ ഗുണങ്ങളും ഏലക്കയിലയിൽ ധാരാളമുണ്ട്.
വിഷാംശം നീക്കം ചെയ്യും
ശരീരത്തിന്‍റെ സ്വാഭാവിക വിഷവിമുക്തമാക്കൽ പ്രക്രിയ ഉത്തേജിപ്പിക്കാൻ ഈ ഇലകൾ ചവയ്ക്കുന്നത് ഫലപ്രദമാണ്. ഇതിലെ ഡൈയൂററ്റിക് പ്രഭാവം ശരീരത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളാൻ സഹായിക്കും. കൂടാതെ വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും. ഇതിലെ ആന്‍റി ഓക്‌സിഡന്‍റ്സ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്‌സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കാനും ഗുണം ചെയ്യും. ഇത് വിഷവിമുക്തമാക്കൽ പ്രക്രിയ കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കും.
ശ്വസന ആരോഗ്യം മെച്ചപ്പെടുത്തും
ഏലക്കയിൽ അടങ്ങിയിട്ടുള്ള ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വസനവ്യവസ്ഥയെ വിശ്രമിക്കാൻ സഹായിക്കും. ആസ്ത്മയോ ബ്രോങ്കൈറ്റിസോ പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഫലപ്രദമായ ഒന്നാണിത്. എക്സ്പെക്‌ടറന്‍റ് ഗുണങ്ങളുള്ള 1,8-സിനിയോൾ പോലുള്ള അവശ്യ എണ്ണകൾ ഏലക്കയിലുള്ളതിനാൽ ശ്വസന ഭാഗങ്ങളിലെ കഫം നീക്കം ചെയ്യാൻ ഇത് സഹായിക്കും.






