കശുവണ്ടി കുതിര്‍ക്കാതെ കഴിക്കുമ്പോള്‍ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യാന്‍ പ്രയാസമാണ്.
ഡയറ്റിലെ പ്രധാനിയും പോഷകങ്ങളുടെ കലവറയുമാണ് കശുവണ്ടി. രാവിലെ ജിമ്മില്‍ പോകുന്നവരും ആരോഗ്യകരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെയും മുഖ്യം നട്‌സാണ്. സ്‌മൂത്തിയിലും ഷേക്കിലും കറികളിലും പായസത്തിലും കശുവണ്ടി നമ്മളെല്ലാവരും ഇടാറുണ്ട്. എന്നാല്‍ നിരവധി പേര്‍ക്കും കശുവണ്ടി കഴിക്കേണ്ടതിൻ്റെ അളവ് കൃത്യമായി അറിയില്ല. ആവശ്യത്തില്‍ അധികം കഴിക്കുന്നവര്‍ക്ക് പണി കിട്ടാന്‍ സാധ്യതയുണ്ട്.
കശുവണ്ടി ചുമ്മാ കഴിക്കുന്നതിനേക്കാളും കുതിര്‍ത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് പ്രയോജനകരമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. കുതിര്‍ക്കാതെ കഴിക്കുമ്പോള്‍ ദഹനത്തിനും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സില്‍ ഫൈറ്റിക് ആസിഡും എന്‍സൈം ഇന്‍ഹിബിറ്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ കുതിര്‍ക്കാതെ കഴിക്കുമ്പോള്‍ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യാന്‍ പ്രയാസമാണ്. കുതിര്‍ക്കുന്നതിലൂടെ ഈ ലവണങ്ങള്‍ അതിവേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ദഹന പ്രക്രിയയുടെ വേഗത കൂട്ടാനും സഹായിക്കുന്നു. അതോടൊപ്പം രക്തത്തിലെ പോഷകങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താനും സഹായകമാകുന്നു. കശുവണ്ടി കഴിക്കുന്നതിലൂടെ ശരീര ഭാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതിലൂടെ അമിത വിശപ്പ് നിയന്ത്രിക്കാനും കഴിയുന്നു.
എങ്ങനെ കശുവണ്ടി ശരിയായി സൂക്ഷിക്കാം: വായു കടക്കാത്ത പാത്രത്തില്‍ വേണം എപ്പോഴും കശുവണ്ടി സൂക്ഷിക്കാന്‍. വായു കടക്കുന്ന പാത്രത്തില്‍ സൂക്ഷിച്ചാല്‍ ഇവ പെട്ടെന്ന് കേടാവും. തണുത്ത് പോയവ കുതിര്‍ത്ത് കഴിച്ചാലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ പറയുന്നു.
കശുവണ്ടി വറുത്ത് കഴിക്കുന്നതിന് രുചി വര്‍ധിപ്പിക്കും. അതുപോലെ വറുത്തതിന് ശേഷം ഇവ അടപ്പുള്ള പാത്രത്തിലിട്ട് വയ്‌ക്കുന്നത് ദീര്‍ഘകാലം ഇവ കേടാകാതെ ഇരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവ ശ്രദ്ധയോടെ വറുത്തെടുക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ കശുവണ്ടി വറുത്തെടുക്കുന്നത് ഇതിലെ ഈര്‍പ്പം അതിവേഗം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു പാനില്‍ എണ്ണയൊന്നും ചേര്‍ക്കാതെ കശുവണ്ടി ചൂടാക്കാവുന്നതാണ്. തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തില്‍ ഇവ സൂക്ഷിക്കാം.
സിബ്ബ് ലോക്ക് ബാഗില്‍ സൂക്ഷിക്കുന്നത് കശുവണ്ടിയുടെ ഷെല്‍ഫ് ലൈഫ് കൂട്ടുന്നു. ഇത് തണുത്ത് പോകാതിരിക്കാന്‍ സഹായിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുന്നതും ഷെല്‍ഫ് ലൈഫ് കൂട്ടുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം ഏറ്റാല്‍ ഇവ അതിവേഗം തണുത്ത് പോകാന്‍ സാധ്യതയുണ്ട്.







