ദോഹ: ഖത്തറിൻ്റെ പരമാധികാരത്തിന്മേൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിൽ പ്രതിഷേധിക്കാനായി അറബ്-ഇസ്‌ലാമിക് രാഷ്‌ട്രങ്ങളുടെ അടിയന്തര ഉച്ചകോടി ഇന്ന് (സെപ്‌റ്റംബര്‍ 15) ദോഹയിൽ ചേരും. രാജ്യാന്തര നിയമങ്ങളുടെ ലംഘനവും അധികാരത്തിന് മേലുള്ള കടന്നുകയറ്റവും അനുവദിക്കരുതെന്ന് അറബ്, ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും യോഗത്തിൽ ചർച്ച ചെയ്‌തു. സംയുക്ത പ്രമേയം രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ പൂർത്തീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി “രാഷ്ട്ര ഭീകരതയുടെ ഗുരുതരമായ വർധന”വാണെന്നും അപലപിച്ചു. ഇസ്രയേലിൻ്റെ അക്രമണം ഖത്തറിൻ്റെ പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനവും പ്രാദേശിക സമാധാനത്തിന് ഭീഷണിയുമാണെന്ന് അബ്‌ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി കൂട്ടിച്ചേർത്തു.
ഈ ആക്രമണം മധ്യസ്ഥതയുടെ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഈജിപ്‌തിനും അമേരിക്കയ്ക്കുമൊപ്പം യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഖത്തറും തുടരുമെന്ന് അബ്‌ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി സ്ഥിരീകരിച്ചു. അറബ്-ഇസ്‌ലാമിക് രാഷ്‌ട്രങ്ങളുടെ അടിയന്തര ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് നിർണായക തീരുമാനം.
ഖത്തർ പൗരന്മാരുടെ മരണത്തിന് കാരണമായ ആക്രമണം, അന്താരാഷ്ട്ര നിയമത്തിൻ്റെയും ഐക്യരാഷ്‌ട്രസഭയുടെ ചട്ട ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ പരിഹാരങ്ങൾ നിരസിക്കുന്ന ഇസ്രയേൽ സർക്കാരിനെതിരെയുള്ള നിലപാടും തുറന്നുകാട്ടി. അന്താരാഷ്ട്ര നിയമത്തിൽ അനുവദനീയമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഖത്തർ തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നും അബ്‌ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി വൃക്തമാക്കി.
ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്‌ത് രംഗത്ത് എത്തിയിരുന്നു. എന്നാൽ യുദ്ധം വ്യാപിപ്പിക്കാനും മേഖലയെ അസ്ഥിരപ്പെടുത്താനുമുള്ള ആക്രമണമാണിതെന്ന് ഓപ്പറേഷൻസ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി ജനറൽ ഹിസൈൻ ബ്രാഹിം താഹ മുന്നറിയിപ്പ് നൽകി. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ജോര്‍ദാന്‍ കിരീടാവകാശി, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ തുടങ്ങിയവർ ഖത്തറിന് പിന്തുണ അറിയിച്ചിരുന്നു.
ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളിൽ നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേൽ ആക്രമണം അഴിച്ചു വിട്ടത്. സെപ്‌റ്റംബർ 9ന് പകലുണ്ടായ ആക്രമണത്തിൽ ഖത്തർ സുരക്ഷാസേന ഉദ്യോഗസ്ഥനുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഖത്തറിന് പുറകെ യെമനിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തലസ്ഥാന നഗരമായ സനായിലാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.








