വന്യജീവി നിയമ ഭേദഗതി ബില്‍: ‘മൂന്ന് പതിറ്റാണ്ടായ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരമാണിത്

0
47

 വന്യജീവി നിയമ ഭേദഗതി ബില്ലിലൂടെ മൂന്ന് പതിറ്റാണ്ടായി മലയോര കർഷകർ അനുഭവിക്കുന്ന ദുരിതത്തിനാണ് പരിഹാരമാകുന്നതെന്ന് ജോസ് കെ മാണി എംപി. വിഷയത്തിൽ കേരള കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്നും ഏറ്റവും വലിയ ഇടപെടൽ ഉണ്ടായി. ഏതൊക്കെ തരത്തിൽ ഭേദഗതി വേണമെന്ന് മന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് അഭിപ്രായം അറിയിച്ചിരുന്നു.

നിലവിലെ നിയമം സങ്കീർണമാണ്. ഭേദഗതിയിലൂടെ വലിയ ആശ്വാസമാണ് ഉണ്ടാകുന്നത്. തെരുവുനായ വിഷയത്തിലും പട്ടയ വിഷയത്തിലും ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ ഭേദഗതി ഉണ്ടാവണമെന്നും സർക്കാർ അതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. കേരളത്തിൻ്റെ ഈ ഒരു ദുരന്തം ഇല്ലതാക്കുന്നതിനായി എല്ലാ എംഎല്‍എമാരും ഇതിൻ്റെ ഭാഗമായി പ്രവര്‍ത്തിച്ചു.

ഭേദഗതി നിയമം വന്നാലും വന്യജീവി സംരക്ഷണ നിയമത്തിൻ്റെ മൂല്യങ്ങളും പിന്തുടരും. നിലവിലെ നിയമം അനുസരിച്ച് ജനവാസ കേന്ദ്രത്തിലേക്ക് വന്യജീവികള്‍ ഇറങ്ങിയാല്‍ വെടി വയ്ക്കുന്നതിനായി കാലതാമസം നേരിടുന്നു. ചില സമയങ്ങളില്‍ തിരിച്ച് കാട്ടിലേക്ക് അയക്കേണ്ട അവസ്ഥയുമുണ്ടാകുന്നു. ജീവനും സ്വത്തിനും ഒരു കുഴപ്പവും വരാത്ത രീതിയിലാണ് പുതിയ ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുപന്നിയുമായി ബന്ധപ്പെട്ട ഭേദഗതിയുടെ പാസാക്കലും പുരോഗതിയിലാണ്. ഭേദഗതികളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ ഇനിയും തുടരും. ഇന്നലെ കൂടിയ സ്‌പെഷ്യല്‍ കാബിനറ്റിലാണ് തീരുമാനങ്ങള്‍ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടാനയും​ കാട്ടുപോത്തും​ പുലിയും കാട്ടുപന്നിയും മൂലം ഉറക്കം നഷ്‌ടപ്പെട്ട മലയോര നിവാസികൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന ബില്ലാണ് വന്യജീവി സംരക്ഷണ ഭേദഗതി ബിൽ. ജനവാസമേഖലയിൽ ഇറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന ബിൽ നിയമമായാൽ ഗുണങ്ങളെറേറെയാണ്.

കപ്പ, വാഴ, ചേന, ചേമ്പ്, റബർ തൈകൾ, തെങ്ങിൻ തൈകൾ തുടങ്ങി നിരവധി കാർഷിക വിളകളാണ് നശിപ്പിക്കുന്നത്. നിരവധി പേരുടെ ജീവന്‍ പൊലിയുന്നതിനും വന്യജീവികള്‍ കാരണമാകുന്നുണ്ട്. അംഗീകൃത തോക്ക് ലൈസൻസ് ഉടമകൾക്ക് പഞ്ചായത്ത് അനുമതിയോടെ കാട്ടുപന്നിയെ കൊല്ലാമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ തടസമാകുന്നു.

വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച് വന്നതോടെ സോ​ളാ​ർ​വേ​ലികളടക്കം സ്ഥാപിച്ചെങ്കിലും വനയോര മേഖലക്കാര്‍ക്ക് ഒരു ഫലവും ഉണ്ടായിരുന്നില്ല. ജനവാസ മേഖലകളിൽ കാട്ടാന എത്തുമ്പോൾ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങൾ ഓടിക്കുകയാണ് പതിവ്. അപകടസാധ്യത മുന്നിൽകണ്ട് വനാതിർത്തി മേഖലകളിൽ രാത്രികാലങ്ങളിൽ പലരും യാത്ര ഒഴിവാക്കുകയാണെന്നും ജോസ് കെ മാണി എംപി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here