ശ്രീകോവിലില്‍ അക്ഷരമാല പ്രതിഷ്‌ഠ; അക്ഷരങ്ങളെ ദേവതകളായി ആരാധിക്കുന്ന ക്ഷേത്രം,

0
42

അമരാവതി: ഇന്ത്യൻ ഗോത്ര സമൂഹം എന്നത് രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന വിവിധ ഗോത്രവർഗ വിഭാഗങ്ങളാണ്. ഈ ഗോത്ര സമൂഹങ്ങൾ മുഖ്യധാരാ സമൂഹത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നു. വ്യത്യസ്‌തമായ പാരമ്പര്യങ്ങൾ, സംസ്‌കാരങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ഗോത്ര സമൂഹങ്ങൾ. ഗോത്ര സമൂഹത്തിലെ സവരകൾ എന്ന ഗോത്ര വിഭാഗത്തിൻ്റെ ആരാധനരീതി മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തമാണ്.

അവരിൽ ആത്മീയത, ഭാഷ, സാംസ്‌കാരിക പെരുമ എന്നിവ സമന്വയിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു ആചാരം ഇവർ പിന്തുടരുന്നു. ‘സവാരകൾ’ ദൈവങ്ങൾക്കോ ​​വിഗ്രഹങ്ങൾക്കോ ​​അല്ല, മറിച്ച് അക്ഷരങ്ങൾക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അക്ഷരങ്ങൾക്കായി ക്ഷേത്രം നിർമിക്കുകയും അക്ഷരങ്ങളെ ആരാധിക്കുകയും ചെയ്യുന്നു ഇവർ.

പാർവതിപുരം ജില്ലയിലെ നൂകലമ്മഗുഡ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള അക്ഷരങ്ങളെ പൂജിച്ച് കൊണ്ടാണ് ഇവരുടെ ഓരോ പ്രഭാതവും ആരംഭിക്കുന്നത്. ഇവിടെ, സവാര ലിപിയിലുള്ള അക്ഷരമാലയെ ആരാധിക്കുന്നു. സവാര ലിപിയിലെ അക്ഷരങ്ങൾ ശിലയിൽ കൊത്തി വച്ച് അവ വിഗ്രങ്ങളാക്കി ആരാധിക്കുന്നതാണ് ഇവരുടെ രീതി.

അക്ഷര ക്ഷേത്രത്തിൻ്റെ ഉത്ഭവം

1936 ൽ ഒഡിഷയിലെ ഗജപതി ജില്ലയിലെ മാർച്ചിഗുഡയിൽ നിന്നാണ് ഈ രീതിയുടെ ഉത്ഭവം. മംഗൈ ഗാമാംഗോ, മലർ മഡിയാർ എന്നീ രണ്ട് ഗോത്ര ദർശകർ സവാര ഭാഷയ്ക്കായി ഒരു ലിപി സൃഷ്‌ടിച്ചു. വളരെ കാലം അത് വാമൊഴിയായി മാത്രമേ നിലനിന്നിരുന്നുള്ളൂ. പിന്നീട് അവർ 24 അക്ഷരങ്ങൾ രൂപകൽപന ചെയ്യുകയായിരുന്നു.

ലിപിയെ ബഹുമാനിക്കുന്നതിനായി ഒഡിഷയിൽ അക്ഷരബ്രഹ്മം എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചു. സവാരകൾക്കിടയിൽ ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതായിരുന്നു ഇത്. അവരുടെ ഭാഷയും സ്വത്വവും തലമുറകളായി സംരക്ഷിക്കപ്പെടുമെന്ന് അവർ ഉറപ്പുവരുത്തി.

അക്ഷര ക്ഷേത്രം ആന്ധ്രാപ്രദേശിൽ

ഒഡിഷയിലെ ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ആന്ധ്രാപ്രദേശിൽ നിന്നുള്ള സവാര കരുവായ 1995-96 ൽ നൂകലമ്മഗുഡയിൽ സമാനമായ ഒരു അക്ഷരബ്രഹ്മ ക്ഷേത്രം നിർമിച്ചു. അതിനുശേഷം ക്ഷേത്രം ഒരു ആത്മീയ കേന്ദ്രമായി മാത്രമല്ല, ഗോത്രത്തിൻ്റെ സാംസ്‌കാരിക പ്രതീകമായും മാറി. എല്ലാ വ്യാഴാഴ്‌ചയും ഇവിടെ പ്രത്യേക പ്രാർഥനകൾ നടക്കുന്നു.

ഒഡിഷയിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമുള്ള സവാര ഭക്തരുടെ വലിയ ഒത്തുചേരലുകൾ ഇവിടെ നടന്നുവരുന്നു. കാർത്തിക മാസത്തിലാണ് ആചാരങ്ങളുടെ ഭാഗമായി ഏറ്റവും പ്രധാനപ്പെട്ട പൂജകൾ ഇവിടെ നടക്കുന്നത്. സവാര ജനതയെ സംബന്ധിച്ചിടത്തോളം, അക്ഷരങ്ങളെ ആരാധിക്കുന്നത് വെറുമൊരു ആചാരമല്ല, അവരുടെ പൈതൃകമാണ്.

ലിപി അവരുടെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും ഓർമപ്പെടുത്തുന്നു. ഇവർ ഈ ലിപി ഉപയോഗിച്ച് പുസ്‌തകങ്ങൾ തയാറാക്കിയിട്ടുണ്ട്. “ഞങ്ങൾ അടുത്തിടെ സവാര ഭാഷയിൽ പുസ്‌തകങ്ങൾ സൃഷ്‌ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തു, ഈ ഭാഷ ഔദ്യോഗികമായി അംഗീകരിക്കപ്പെടണം” എന്ന് പ്രദേശവാസിയായ കരുവായ പറഞ്ഞു.

അദ്ദേഹത്തിൻ്റെ വാക്കുകൾ ഭാഷാപരമായ അംഗീകാരത്തിനും സമൂഹത്തിൻ്റെ ആവശ്യവും പ്രതിഫലിപ്പിക്കുന്നു. അത് അവരുടെ സംസ്‌കാരത്തിൻ്റെ സംരക്ഷണത്തിനും ഉന്നമനത്തിനും നിർണായകമാണെന്ന് ഗോത്ര സമൂഹം വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here