ഇന്ത്യയില്‍ 100 സ്‌ത്രീകളില്‍ നാലുപേര്‍ക്കെങ്കിലും ഈ രോഗം പിടിപെടുന്നുണ്ട്. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഗര്‍ഭാശയവും അണ്ഡായശവും നീക്കം ചെയ്യേണ്ടി വരും.
ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭാശയത്തിന്‍റെ ഉള്ളിലുള്ള പാടയാണിത്. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ഓരോ ആര്‍ത്തവത്തിലും ഈ പാളി ആര്‍ത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞ് പോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉൾപ്പാട ഗർഭപാത്രത്തിൽ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ മാത്രമല്ല മറ്റ് ശരീരര ഭാഗത്തും ഈ പാളി രൂപപ്പെടാം. ഈ അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്.
അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, വയറിന്‍റെ ഉൾഭാഗം, ഗർഭാശയത്തിന് പിന്നിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീ ഭാഗങ്ങളിലാണ് സാധാരണ ഈ പാളികള്‍ കാണപ്പെടുക. രോഗമൂര്‍ച്ചിച്ചാല്‍ മൂത്രസഞ്ചി, മൂത്രനാളി, ആമാശയം എന്നിവിടങ്ങളിലും ഈ പ്രശ്‌നം ഉണ്ടായേക്കാം. സിസേറിയന്‍ ചെയ്‌ത മുറിവ് ഉണങ്ങിയ ഭാഗത്തും എന്‍ഡോമെട്രിയോസിസ് വരാന്‍ സാധ്യതയുണ്ട്. ഇതിനെ സ്‌കാര്‍ എന്‍ഡോമെട്രിയോസിസ് എന്നാണ് പറയുന്നത്.
വയറുവേദന, അമിത ആര്‍ത്തവ രക്തസ്രാവം, വന്ധ്യത എന്നിവയ്ക്ക് ഇത് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്. ഇന്ത്യയില്‍ 100 സ്‌ത്രീകളെടുത്താല്‍ അതില്‍ നാലുപേര്‍ക്ക് ഈ അസുഖം ഉണ്ടെന്നാണ് വിലയിരുത്തല്‍. സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് കാണപ്പെടുന്നത്. ഈ അസുഖം കാണപ്പെട്ടാല്‍ വന്ധ്യതയുടെ 20-30 ശതമാനത്തിനും കാരണമാകുന്നതും ഇതുകൊണ്ടാണ്. അമ്പത് ശതമാനം പേരിലും കഠിനമായ അടിവയര്‍ വേദന കാണപ്പെടും.
ലക്ഷണങ്ങൾ
ആര്‍ത്തവത്തിന് മുന്‍പേ തന്നെയും ആര്‍ത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ അടിവയര്‍ വേദനയാണ് പ്രധാന ലക്ഷണം. ആര്‍ത്തവത്തിന്‍റെ ആദ്യത്തെ ദിവസം ശക്തമായ വേദനയും പിന്നീടുള്ള ദിവസങ്ങളില്‍ വേദന കുറഞ്ഞുവന്ന് പതുക്കെ ഇല്ലാതാവുകയാണ് ചെയ്യുന്നത്. 90 ശതമാനം സ്‌ത്രീകളിലും ഇങ്ങനെ കാണപ്പെടാറുണ്ട്.
ആര്‍ത്തവസമയത്തിന് ദിവസങ്ങള്‍ക്ക് മുന്‍പേ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം വര്‍ധിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് വേദന അനുഭവപ്പെടുന്നതുമൊക്കെ എന്‍ഡോമെട്രിയോസിസിന്‍റെ ലക്ഷണങ്ങളാണ്. മാത്രമല്ല ആര്‍ത്തവസമയത്ത് മലബന്ധം, മലവിസര്‍ജന സമയത്ത് കഠിനമായ വേദന, മൂത്രത്തില്‍ രക്തം എന്നിവയും കാണപ്പെടാറുണ്ട്. എന്‍ഡോമെട്രിയല്‍ പാളികള്‍ എവിടെയാണോ രൂപപ്പെടുന്നത് ആ അവയവത്തെയാണ് രോഗം ബാധിക്കുക. രോഗലക്ഷണങ്ങളും അത്തരത്തിലുള്ളതായിരിക്കും. ഇത്തരം രോഗമുണ്ടായാല്‍ അണ്ഡത്തിന്‍റെ ഗുണനിലവാരം കുറയും. ഇത് അണ്ഡവാഹിനിക്കുഴലിന്‍റെ ഘടനയെ ബാധിക്കും. അത്യധികമായ വേദന ക്ഷീണത്തിലേക്കും വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കുമൊക്കെ നയിക്കാം. രോഗികളുടെ ദൈനംദിനം ജീവിതത്തിന്‍റെ നിലവാരത്തെയും ഇത് ബാധിക്കുന്നു.






