കണ്ണൂർ: ചിങ്ങമാസമല്ലേ.. കാര്‍ഷിക സംസ്‌കാരത്തിന്‍റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളൊക്കെ ഒന്ന് പൊടിതട്ടി എടുത്തേക്കാം എന്ന് കരുതി ഇറങ്ങിയതാണ്. നേരെ വച്ചുപിടിച്ചത് ശ്രീകണ്‌ഠാപുരം കരയതുംച്ചാൽ ദേവസ്യ ചാക്യത്തിൻ്റെ കൃഷിത്തോട്ടത്തിലേക്ക്..
അല്ലറ ചില്ലറ കൃഷി വർത്തമാനങ്ങളും പറഞ്ഞു നിൽക്കുമ്പോഴാണ് ജയലക്ഷ്‌മി പ്രകാശിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. വലിയ കൃഷിക്കാരിയാണെന്ന് ദേവസ്യ ചേട്ടൻ പരിചയപ്പെടുത്തി. തൻ്റെ കൃഷി പരിപാലന സംബന്ധമായ സംശയങ്ങള്‍ തീർക്കുന്നത് ജയലക്ഷ്‌മിയോടാണെന്നും മികച്ച അധ്യാപികയാണെന്നും കൂടി പറഞ്ഞതോടെ അവരെ കുറിച്ച് കൂടുതൽ അറിയാൻ കൗതുകത്തോടെ ശ്രമിച്ചു.
ശ്രീകണ്‌ഠാപുരം കാവുമ്പായി സ്വദേശിനി ജയലക്ഷ്‌മി പ്രകാശ് കൃഷിയെ സ്നേഹിക്കാൻ തുടങ്ങിട്ട് ഏതാണ്ട് 10 വർഷത്തോളമായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും ജൈവകൃഷി കോഴ്‌സ് പഠിച്ചതിൻ്റെ അറിവിൽ നിന്ന് തുടങ്ങിയതാണ് കൃഷി കമ്പം. ഇന്ന് ജൈവ കൃഷിയുടെ ഓരോ തലങ്ങളും ജയലക്ഷ്‌മിക്ക് മനഃപാഠമാണ്.
വെറുമൊരു കർഷക എന്നതിനപ്പുറം സംരംഭകയായും കാർഷിക അധ്യാപികയായും തിളങ്ങുകയാണ് ഈ വനിത. ചെറുപ്പം മുതൽ കണ്ടുവരുന്ന എൻഡോസൾഫാൻ്റെ വിപത്തും വിപണിയിലെ വിഷമയമായ പച്ചക്കറികളുടെ ഉപയോഗവുമാണ് ഈ കൃഷി രീതിയിലേക്ക് നയിച്ചതെന്ന് ജയലക്ഷ്‌മി പറയുന്നു.
കാർഷിക അധ്യാപകയായി സൗജന്യ സേവനം
തന്നിലെ അറിവുകൾ കർഷകർക്ക് കൂടി പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഉടനീളമുള്ള കർഷകർക്ക് ക്ലാസുകളുമായി ജയലക്ഷ്‌മി രംഗത്തിറങ്ങിയത്. ഇതിനകം 100 കണക്കിന് വേദികളിൽ ജയലക്ഷ്‌മി കാർഷിക ക്ലാസുകൾ എടുത്തു. കർഷകരെ കൂടാതെ സ്‌കൂൾ തലത്തിലും ജൈവകൃഷിയുടെ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുത്ത് കൃഷിയിലേക്ക് നയിക്കുകയാണ് ഇവർ.
കൃഷി ലാഭകരമല്ലെന്ന വിമർശനം ഉയരുന്ന ഈ കാലഘട്ടത്തിൽ കൃഷിയിലെ സാധ്യതകൾ തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്നും കൃഷിയിൽ വലിയ സാധ്യതകളാണ് വരും നാളുകളിൽ തുറന്നു കിടക്കുന്നതെന്നും ജയലക്ഷ്‌മി വിദ്യാർഥികളെ ഓർമിപ്പിക്കുന്നു. സ്ത്രീകൾക്ക് കൃഷിയിലൂടെ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂട്ടായ്‌മ രൂപീകരിച്ചും ഇവര്‍ ചെയ്യുന്നുണ്ട്.
കൃഷിയിടങ്ങളിലെ ജയലക്ഷ്‌മി പാഠങ്ങള്‍
പച്ചക്കറി കൃഷി, വാഴ, കിഴങ്ങു വർഗങ്ങൾ എന്നിവ പെട്ടെന്ന് വിളവ് ലഭിക്കുന്ന കൃഷിയാണ്. സ്ഥലമില്ലാത്തവർക്ക് ഗ്രോബാഗ്, മട്ടുപ്പാവ് എന്നിവയിലും ഇവ കൃഷി ചെയ്യാം. 10 സെൻ്റ് സ്ഥലത്ത് വീടുള്ളവർക്ക് പോലും തങ്ങളുടെ വീട്ടില്‍ 15 മുതൽ 50 വരെ ബാഗുകളിൽ കൃഷി ചെയ്യാം. ‘കൃഷിയെ സ്നേഹിക്കുക, പരിപാലിക്കുക, അതുപോലെ അവർ തിരിച്ചും നല്ല വിളവിലൂടെ നിങ്ങൾക്ക് മറുപടി തരും’- ജയലക്ഷ്‌മി അനുഭവങ്ങൾ പാഠങ്ങളാക്കി പകർന്നു നൽകുന്നു.
പച്ചക്കറി കൃഷികൾ എല്ലാം ഹ്രസ്വകാല വിളകളാണ്. മൂന്നുമാസം കൊണ്ട് ഇവയിൽ നിന്ന് നമുക്ക് വിളവ് എടുക്കാം. എന്നാൽ കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി എന്നിവയ്ക്ക് ആറുമാസം മുതൽ ഒരു വർഷം വരെയാണ് വിളവെടുപ്പ് സമയം. ചില ചേനകൾ ആറുമാസം കൊണ്ടു വരെ വിളവ് തരുന്നു.
തെങ്ങ്, കവുങ്ങ് എന്നിവയിൽ മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങുകളുമുണ്ട്. 12 വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങുകളും ഉണ്ട്. ഇതൊക്കെ കർഷകരുടെ പരിപാലന രീതി ആശ്രയിച്ചിരിക്കുമെന്നും ജയലക്ഷ്‌മി പറയുന്നു.
ഫംഗസുകൾ വില്ലന്മാർ
പലപ്പോഴും ഫംഗൽ ബാധകളാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്. ഫംഗസുകൾ മൂലമുണ്ടാകുന്ന അഴുകൽ, സൂക്ഷ്‌മ മൂലകങ്ങളുടെ അഭാവം, മഞ്ഞളിപ്പ്, വളർച്ച മുരടിപ്പ് എന്നിവയാണ് ഇത്തരം കൃഷിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ. വാഴകൃഷിയിലെ പിണ്ടിപുഴുവും പയറു പച്ചക്കറി കൃഷിയിലെ നീരൂറ്റുന്ന പ്രാണികളുമാണ് പ്രധാന വില്ലന്മാർ.
ഇവയൊക്കെ നേരിടാൻ ജൈവ കീട നിയന്ത്രണ രീതികളായ വേപ്പെണ്ണ മിശ്രിതം, കാന്താരി വെളുത്തുള്ളി മിശ്രിതം തുടങ്ങിയവയാണ് ജയലക്ഷ്‌മി ഉപയോഗിക്കാറുള്ളത്. നല്ല മണവും എരിവും ഇത്തരം കീടങ്ങൾക്ക് അതിജീവിക്കാനാകില്ല. അവയെ ഒഴിവാക്കാനുള്ള ജൈവ നിയന്ത്രണ രീതികളാണ് കർഷകർക്ക് പകർന്നു നൽകുന്നതെന്നും ജയലക്ഷ്‌മി പറയുന്നു.
കൃഷി പ്രണയത്തെ തേടി അവാർഡുകളും
2016 ൽ ഗുജറാത്തിൽ നിന്നുള്ള ബെസ്റ്റ് റിസോഴ്‌സ് പേഴ്‌സൺ അവാർഡിനും 2024 ഇൽ ഡൽഹി കേന്ദ്രീകരിച്ചുള്ള ദേശീയ കൃഷി ജാഗ്രൻ അവാർഡിനും ജയലക്ഷ്‌മി അർഹയായി. *milestone stories by jaya* എന്ന YouTube ചാനലിലൂടെ കൃഷി അറിവുകൾ പകർന്നു നൽകാനും ഈ വനിത കർഷക മുന്നിട്ട് ഇറങ്ങുന്നു.







