പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാവുകയാണ്.
ഗുണ്ടല്‍പേട്ട്: നോക്കെത്താദൂരത്തോളം തല ഉയർത്തി സൂര്യകാന്തിപ്പൂക്കൾ… മഞ്ഞ വസന്തം തീർത്ത് ഒരു സ്വർഗമായി മാറിയിരിക്കുകയാണ് കർണാടകയിലെ ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ. ഹെക്‌ടർ കണക്കിന് സ്ഥലത്താണ് മഞ്ഞപ്പട്ട് വിരിച്ചതുപോലെ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.
പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാവുകയാണ്. പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിൽ സൂര്യകാന്തിയുടെ സുഗന്ധം കലരുമ്പോൾ അന്തരീക്ഷം കൂടുതൽ മാദകമായി മാറുന്നു.
പൂവിലെ തേൻ നുകരാനെത്തുന്ന പൂമ്പാറ്റകളും വണ്ടുകളും കാഴ്‌ചയുടെ മാറ്റ് പിന്നേയും ഏറ്റും. ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ഈ മനോഹാരിത നേരിട്ട് കണ്ട് ആസ്വദിക്കാൻ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. പൂക്കളുടെ ചിത്രം പകർത്താനും സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.
സൂര്യനെ നോക്കി തല ഉയർത്തി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്‌ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണെന്നാണ് സഞ്ചാരികളുടെ പക്ഷം. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഈ കാഴ്‌ച മനസിനെ അത്രമേൽ ആനന്ദിപ്പിക്കുന്നു. അത്രമേൽ പ്രിയപ്പെട്ട ഓർമ്മയായി ഈ സൂര്യകാന്തിപ്പൂക്കളെ മനസിലേറ്റി മാത്രമേ മനസില്ലാ മനസോടെയാണെങ്കിലും ഇവിടം വിടാനാവൂവെന്നും അവർ പറയുന്നു.
ഗുണ്ടല്‍പേട്ടിലേക്ക് വണ്ടിവിട്ടോ
ജൂലൈ മാസത്തിൻ്റെ അവസാന വാരം മുതൽ ഓഗസ്റ്റ് പകുതി വരെയാണ് ഗുണ്ടൽപേട്ടിൽ സൂര്യകാന്തികൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. ഈ സമയത്ത് കാലാവസ്ഥയും വളരെ സുഖകരമായിരിക്കും. അതിനാൽ തന്നെ വീണ്ടുമൊരു പൂക്കാലത്തിന്‍റെ വരവറിയിക്കുന്ന ഗുണ്ടൽപേട്ടിലെ സൂര്യകാന്തിക്കാഴ്‌ച ആസ്വദിക്കാനുള്ള മികച്ച സമയവും ഇതാണ്. ഭക്ഷ്യ എണ്ണയുടെ ഉത്പാദനത്തിനായാണ് സൂര്യകാന്തിപ്പൂക്കൾ കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലിപ്പാടങ്ങളും ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. ഓണപ്പൂക്കളമിടാന്‍ ഈ ചെണ്ടുമല്ലിപ്പൂക്കള്‍ കേരളത്തിലേക്കും എത്തും.
എങ്ങനെ എത്താം…
ദേശീയപാത വഴി വയനാട് വന്യജീവി സങ്കേതം പിന്നിട്ടാൽ പിന്നെ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതമാണ്. ഇവിടം കഴിഞ്ഞാലാണ് ഗുണ്ടൽപേട്ട് ടൗൺ വരെയുള്ള പ്രദേശത്ത് ദേശീയപാതയ്ക്ക് ഇരുവശവുമുള്ള ഗ്രാമങ്ങളിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.




