കണ്ണൂർ: കൊടുവള്ളി റെയിൽവേ ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. 60 റെയിൽവേ ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 2,028 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. സുഗമമായ റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് 60 റെയിൽവേ ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിനായി ആകെ 2,028 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ റോഡ് ഗതാഗതത്തിൻ്റെ വേഗത വർധിപ്പിക്കുന്നതിന് റെയിൽവേ ഫ്ലൈ ഓവറുകൾ അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തിൻ്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന ഒരു ഭരണസംവിധാനമാണ് കേരളത്തിനുള്ളത്. ജനങ്ങളുടെ വിശ്വാസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാർ വാഗ്‌ദാനങ്ങൾ നൽകുക മാത്രമല്ല, കാലതാമസമില്ലാതെ അവ നിറവേറ്റുകയും ചെയ്യുന്നുവെന്നും ചടങ്ങിൽ മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള 16.25 കോടി രൂപ പൂർണമായും വഹിച്ചത് സംസ്ഥാന സർക്കാരാണ്. 36.37 കോടിയുടെ പദ്ധതിയിൽ നിർമ്മാണത്തിനായി 10.06 കോടി രൂപ സംസ്ഥാന സർക്കാരും അത്ര തന്നെ തുക റെയിൽവേയും ചെലവഴിച്ചു. കൊടുവള്ളി മേൽപ്പാലത്തിനായി സംസ്ഥാനം ആകെ ചെലവഴിച്ചത് 26.31 കോടി രൂപയാണ്. മേൽപ്പാലം പൂർത്തിയായതോടെ ‘ലെവൽ ക്രോസ് വിമുക്ത കേരളം’ എന്ന ലക്ഷ്യത്തിലേക്ക് കേരളം അതിവേഗം നടന്നടുക്കുകയാണ്. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പ് കൂടിയാണ് കൊടുവള്ളി മേൽപ്പാലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പിൻ്റെ സംസ്ഥാനതല ഉദ്ഘാടനം
അതേസമയം കേരള പട്ടികവർഗ വികസന വകുപ്പിൻ്റെ സംസ്ഥാനതല ആഘോഷങ്ങളും ഉദ്ഘാടനം ചെയ്‌തു. സമൂഹത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉത്തരവാദിത്തത്തോടെ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. ലോക ഗോത്ര ജനതയുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു കേരള പട്ടികവർഗ വികസന വകുപ്പിൻ്റെ സംസ്ഥാനതല ആഘോഷങ്ങളും ഉദ്ഘാടനം ചെയ്‌തത്.
നമ്മൾ ലോക ഗോത്ര ജനതയുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുകയാണ്. അതോടൊപ്പം, കേരള പട്ടികവർഗ വികസന വകുപ്പിൻ്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യുന്നു. പട്ടികവർഗക്കാർക്കായുള്ള വിവിധ വികസന പദ്ധതികളും ഇന്ന് ഇവിടെ ആരംഭിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘കൃത്രിമ ബുദ്ധിയും ഗോത്ര ജനതയുടെ അവകാശങ്ങളുടെ സംരക്ഷണവും’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
നമ്മൾ കൃത്രിമ ബുദ്ധിയുടെയും യന്ത്ര പഠനത്തിൻ്റെയും യുഗത്തിലാണ്. ഈ സാങ്കേതികവിദ്യകൾ മനുഷ്യ രാശിക്ക് നിരവധി നേട്ടങ്ങൾ കൊണ്ടുവരുമ്പോൾ, അവയുടെ നിരുത്തരവാദപരമായ ഉപയോഗം ഗുരുതരമായ ദോഷങ്ങൾക്ക് കാരണമാകും. ഗോത്ര സമൂഹങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും അവരുടെ ഭൂമിയെയും വിഭവങ്ങളെയും കൈയടക്കി അവരെ ഭീഷണിപ്പെടുത്തുന്നതിന് എഐ സാങ്കേതികവിദ്യയെ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ ഇവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്” മുഖ്യമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ, 90 രാജ്യങ്ങളിലായി ഏകദേശം 480 ദശലക്ഷം ഗോത്ര ജനതയുണ്ട്. ലോക ജനസംഖ്യയുടെ ആറ് ശതമാനമാണിത്. ലോകത്തിലെ ഏറ്റവും ദരിദ്രരിൽ ഏകദേശം 15 ശതമാനമാണ് ഗോത്ര ജനത. അവർ 7,000ത്തിലധികം ഭാഷകൾ സംസാരിക്കുകയും 5,000ത്തിലധികം വ്യത്യസ്‌ത സംസ്‌കാരങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.






