തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനില്‍ ഇന്ന് (ഓഗസ്‌റ്റ് 7) ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
എറണാകുളം: മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി 32 കാരനായ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനില്‍ ഇന്ന് (ഓഗസ്‌റ്റ് 7) ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലെത്തിയ യുവാവ് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കിലേക്കിറങ്ങുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്‌തു. എന്നാൽ എമര്‍ജന്‍സി വാക്ക് വേയില്‍ കയറി ഇയാള്‍ നൂറുമീറ്ററോളം മൂന്നോട്ടോടുകയായിരുന്നു.
വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പൊലീസും ഫയര്‍ ഫോഴ്‌സും ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയും താഴെ വലവിരിക്കുകയും ചെയ്‌തു. എന്നാൽ വലയിൽ വീഴാതിരിക്കാൻ ഇയാൾ ഓടിമാറി മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരതരമായതിനാൽ പിന്നീട് പള്ളിമുക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊച്ചി മെട്രോ അന്വേഷണം പ്രഖ്യാപിച്ചു. സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
യുവാവ് ട്രാക്കിലിറങ്ങിയതുമായി ബന്ധപ്പെട്ട് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. കടവന്ത്ര മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പാതയില്‍ 40 മിനിറ്റോളമാണ് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചത്. 2.44 ന് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചതായും കൊച്ചി മെട്രോ അറിയിച്ചു.
വടക്കേകോട്ട സ്‌റ്റേഷന് സമീപം മെട്രോ വയഡക്‌ടിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്‌ടറുടെ (സിസ്റ്റംസ്) നേതൃത്വത്തില്‍ വിശദമായ ഉന്നതതല അന്വേഷണം നടത്തി സുരക്ഷാ സംവിധാനം കൂടതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.







