വാഷിങ്‌ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് അറിഞ്ഞുവെന്നും അതൊരു നല്ല കാര്യമാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെ ഇന്ത്യ ചെയ്‌താൽ അത് ഒരു നല്ല നടപടി ആകുമെന്നും അദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണം വാങ്ങുന്നത് നിര്‍ത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
” ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങിലെന്നാണ് എനിക്ക് മനസിലായത്. അങ്ങനെയാണ് ഞാൻ കേട്ടത്. അത് ശെരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് നമ്മുക്ക് കാണാം,” മാധ്യമങ്ങളോടായി ട്രംപ് പറഞ്ഞു.
അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ നിര്‍ദേശം ഇന്ത്യ അംഗീകരിച്ചിട്ടില്ല. ദേശീയ താത്‌പര്യങ്ങൾക്കനുസരിച്ചാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരാണോ കുറഞ്ഞ വിലയ്‌ക്ക് എണ്ണ നല്‍കുന്നത്, ആ രാജ്യവുമായുള്ള സമീപനം തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. നിലവില്‍ റഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി നടത്തുന്നത് തുടരും.
ചില ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഈ വിഷയത്തിൽ ഇന്ത്യ തങ്ങളുടെ സമീപനം വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. പ്രതിവാര മാധ്യമസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
” ഊർജ്ജ സ്രോതസിൻ്റെ ആവശ്യകതകളോടുള്ള ഞങ്ങളുടെ സമീപത്തെക്കുറിച്ച് നിങ്ങൾക്കറിയാം. വിപണിയിൽ ലഭ്യമായതും നിലവിലുള്ള ആഗോള സാഹചര്യവും ഞങ്ങൾ പരിശോധിക്കുകയാണ്. ഇതിൽകൂടുതൽ പ്രത്യേക കാര്യങ്ങളൊന്നും ഞങ്ങൾക്ക് അറിയില്ല,” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ വിമർശിച്ച ട്രംപിൻ്റെയും സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രസ്‌താവനക്ക് പിന്നാലെയാണ് ജയ്‌സ്വാളിൻ്റെ പരാമർശം. അമേരിക്കയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മുതലാണ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ ചുമത്തിയ താരിഫ് പ്രബാല്യത്തിൽ വന്നത്.
25 ശതമാനമാണ് ഇന്ത്യക്ക് മേൽ ട്രംപ് ചുമത്തിയ താരിഫ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അധിക പിഴയും ഇന്ത്യക്ക് എതിരെ ചുമത്തുമെന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചിരുന്നു. താരിഫ് ചുമത്തിയതിന് പിന്നാലെ ഇന്ത്യയുമായി ചർച്ച നടത്തി വരുകയാണെന്ന് ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഏർപ്പെടുത്തിയ രാജ്യമായിരുന്നു ഇന്ത്യ. അതിനാൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന രാജ്യങ്ങളിൽ ഒന്നായിരുന്നെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയെ ഒരു ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ് റഷ്യയുമായുള്ള ബന്ധത്തെ വിമർശിച്ചു. ‘സുഹൃത്താണെങ്കിലും വർഷങ്ങളായി ചെറുകിട വ്യാപാര ബന്ധങ്ങൾ മാത്രമാണ് ഇന്ത്യയുമായി നടന്നു വരുന്നത്. ഇതിന് കാരണം ഇന്ത്യയുടെ ഉയർന്ന കയറ്റുമതി താരിഫ് ആണ്’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. എന്നാൽ ഇപ്പോൾ അത് ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും ഇന്ത്യയുമായി ചര്‍ച്ച തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി





