ചക്ക വരട്ടിയും ശർക്കര വരട്ടിയും എല്ലാം നമ്മുക്ക് പരിചിതമാണ്. എന്നാൽ ഇന്ന് ഒരു വെറൈറ്റി പിടിച്ചാലോ? വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന പനപ്പൊടി വരട്ടി. ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്ക് ഐറ്റമാണീ പനപ്പൊടി വരട്ടിയത്. നാവിലലിയും ഈ പനപ്പൊടി വരട്ടി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
- പനപ്പൊടി – 1 കപ്പ്
- ശർക്കര – ആവശ്യത്തിന്
- തെങ്ങാക്കൊത്ത് – ആവശ്യത്തിന്
- വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ചുവട് കട്ടിയുള്ള ഒരു പാത്രം എടുക്കുക. അതിലേക്ക് വെള്ളം ഒഴിക്കുക. അതിന് ശേഷം പനപ്പൊടി അതിലേക്ക് ചേർത്ത് ഇളക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് ശേഷം അതിലേക്ക് ശർക്കര ചേർത്ത് കൊടുക്കാം. ഇനി ഈ പാത്രം അടുപ്പിലേക്ക് വയ്‌ക്കാം.
നിർത്താതെ ഇളക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നന്നായി തിളച്ചതിന് ശേഷം അതിലേക്ക് തെങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി ഇളക്കാം. ഇനി ഇത് നന്നായി കുറുകി വരുന്നത് വരെ ഇളക്കികൊണ്ടിരിക്കാം. നിങ്ങൾക്ക് വേണ്ട അത്രത്തോളം കുറുക്കി കഴിഞ്ഞാൽ അടുപ്പില്‍ നിന്നും വാങ്ങിവയ്‌ക്കാം. ഇതോടെ ഈസിയായി തയ്യാറാക്കാവുന്ന പനപ്പൊടി വരട്ടി റെഡി.
എങ്ങനെയാണ് പനപ്പൊടി തയ്യാറാക്കുന്നത്: കുടപ്പന മുറിക്കുമ്പോൾ അതിൻ്റെ തടി മുറിച്ചെടുത്ത് പൊളിച്ച് ഉൾഭാഗം എടുത്ത് ഇടിക്കും. ശേഷം ഒരു കലത്തിൽ നിറയെ വെള്ളമെടുത്ത് അതിൻ്റെ വായ്‌ഭാഗം ഒരു കോട്ടൺ തുണികൊണ്ട് മൂടികെട്ടും. വെള്ളം തുണിക്ക് മുകളിൽ നിൽക്കണം. ഇതിനുശേഷം ഇടിച്ചെടുത്ത പൊടി ഇതിലേക്ക് ചേർത്ത് കൈക്കൊണ്ട് നന്നായി ഇളക്കണം.
ഇങ്ങനെ ചെയ്യുമ്പോൾ ആ പൊടിയെല്ലാം വെള്ളത്തിൻ്റെ അടിയിലേക്ക് പോകും. ബാക്കി വരുന്ന ചണ്ടി കളയാം. ഇനി ഈ കലം അനക്കാതെ വെള്ളം പതിയെ ഒഴിച്ച് കളയാം. ശേഷം കലത്തില്‍ അടിഞ്ഞിട്ടുള്ള പൊടി ഒരു കോട്ടണ്‍ തുണിയിലായി മുറുക്കി കെട്ടി തൂക്കിയിടും. ഒരു ദിവസം കഴിഞ്ഞ് വെള്ളം മുഴുവനായി ചോര്‍ന്ന് പോയതിന് ശേഷം പൊടിയെടുത്ത് വെയിലത്തിട്ട് ഉണക്കിയെടുക്കും. ഇതോടെ പനപ്പൊടി റെഡി.
പനപ്പൊടിയുടെ ഗുണങ്ങൾ: രക്തസമ്മർദം കുറച്ച് ശരീരത്തിന് ഊർജം നൽകുന്നു. പ്രമേഹവും കോളസ്‌ട്രോളും നിയന്ത്രിക്കുന്നു. ക്യാൻസറിനെ പ്രതിരോധിക്കാൻ ബെസ്‌റ്റാണ് പനപ്പൊടി. പല്ലിൻ്റെയും ഏല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. കാഴ്‌ചശക്തി കൂട്ടാനും ആസ്‌തമ പ്രതിരോധ ശേഷിക്കും പനപ്പൊടി ഉപയോഗിക്കുന്നു.






