ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണെന്ന് പിയൂഷ് ഗോയല്‍. വാണിജ്യ കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ ട്രംപ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ പരിഹാസത്തിനാണ് കേന്ദ്രമന്ത്രിയുടെ പരോക്ഷ മറുപടി.
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് ഇന്ന് മുതല്‍ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇതിനിടെ ഇന്ത്യയെ ‘ചത്ത’ സമ്പദ്‍വ്യവസ്ഥ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) എന്ന് പരിഹസിച്ച ട്രംപിന് മറുപടിയുമായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തി. ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധ ശേഷിയെ മുന്‍ നിര്‍ത്തിയാണ് പിയൂഷ് ഗോയല്‍ ട്രംപിന് മറുപടി നല്‍കിയത്.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.ഉടന്‍ തന്നെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും യുഎസ് താരിഫുകളുടെ പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇന്ത്യയ്‌ക്കും റഷ്യയ്‌ക്കും എതിരെ പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. ഇന്ത്യയും റഷ്യയും ചേർന്ന് എന്താണ് ചെയ്യുന്നത് എന്നത് താന്‍ കാര്യമാക്കുന്നില്ല. അവര്‍ക്ക് ഒന്നിച്ച് അവരുടെ ചത്ത സമ്പദ്‍വ്യവസ്ഥയെ (നിർജീവമായ സമ്പദ്‍വ്യവസ്ഥ) കൂടുതൽ താഴ്‌ചയിലേക്ക് കൊണ്ടുപോകാമെന്നുമായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. ഈ പ്രസ്‌താനവയ്‌ക്കാണ് കേന്ദ്രമന്ത്രി ട്രംപിന് പരോക്ഷ മറുപടിയുമായി രംഗത്ത് എത്തിയത്.
പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിനു പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ യുഎസ് പ്രസിഡൻ്റ് വിമർശനം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനായി തുടർന്നിരുന്നു. ഇത് ട്രംപിന് ഇന്ത്യയോട് അതൃപ്‌തി ഉണ്ടാകുന്നതിന് കാരണമായി.
രാഹുൽ ഗാന്ധി ട്രംപിനെ പിന്തുണച്ചുവെന്ന് ബിജെപി – പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമ്മല സീതാരാമനും ഒഴികെയുള്ള എല്ലാവർക്കും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഒരു നിർജ്ജീവ സമ്പദ്‌വ്യവസ്ഥയാണെന്ന തിരിച്ചറിവുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയെ കുറച്ചുകാണാനുള്ള രാഹുലിന്‍റെ നിരന്തരമായ ശ്രമങ്ങൾ വെറും രാഷ്ട്രീയ പ്രഹസനങ്ങൾ മാത്രമാണെന്ന് ബിജെപി നേതാവും ഐടി വകുപ്പ് മേധാവിയുമായ അമിത് മാളവ്യ തിരിച്ചടിച്ചു.
വിവിധ മേഖലകളിലെ ഇന്ത്യയുടെ വളർച്ച കാണിക്കുന്ന ഡാറ്റ തെളിവായി ഉണ്ടെന്നും കുതിച്ചുയരാന്‍ സാധ്യതയുള്ള പ്രതിരോധശേഷിയുള്ള രാജ്യവുമാണ് ഇന്ത്യയെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്യുന്ന 140 കോടി ഇന്ത്യക്കാരെ ഒന്നാകെ ഇദ്ദേഹം അപമാനിക്കുകയാണെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബിജെപി എംപി അനുരാഗ് താക്കൂറും രംഗത്തെത്തി. ലോകത്ത് ആരെങ്കിലും ഇന്ത്യാ വിരുദ്ധ പ്രസ്‌താവന നടത്തുമ്പോഴെല്ലാം അദ്ദേഹം അത് പിന്തുണയ്‌ക്കുന്നു എന്നായിരുന്നു അനുരാഗ് താക്കൂറിന്‍റെ പ്രതികരണം.
വിമര്‍ശനങ്ങള്‍ കടുത്തുവെങ്കിലും തന്‍റെ പ്രസ്‌തതാവനയില്‍ ഉറച്ചുനിന്ന രാഹുല്‍ ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ പോസ്റ്റിടുകയും ചെയ്‌തു. “ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മരിച്ചു. മോദി അതിനെ കൊന്നു. 1. അദാനി-മോഡി പങ്കാളിത്തം. 2. നോട്ടുനിരോധനവും പിഴവുള്ള ജിഎസ്‌ടിയും. 3. ‘ഇന്ത്യയെ സംയോജിപ്പിക്കുന്നതില്‍ വന്ന വീഴ്‌ച, 4. എംഎസ്എംഇകൾ തുടച്ചുനീക്കപ്പെട്ടു. 5. കർഷകരെ തകര്‍ക്കപ്പെട്ടു”- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.






